Top

‘വിവാഹത്തിനായി മാത്രം നടത്തുന്ന മതംമാറ്റം അംഗീകരിക്കില്ല’; സുരക്ഷ ആവശ്യപ്പെട്ട ദമ്പതികളുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. ഹര്‍ജി സമര്‍പ്പിച്ച യുവതി വിവാഹത്തിന് ഒരു മാസം മുന്‍പ് മാത്രമാണ് മതപരിവര്‍ത്തനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.

30 Oct 2020 8:27 AM GMT

‘വിവാഹത്തിനായി മാത്രം നടത്തുന്ന മതംമാറ്റം  അംഗീകരിക്കില്ല’; സുരക്ഷ  ആവശ്യപ്പെട്ട ദമ്പതികളുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി
X

മതംമാറി വിവാഹിതരായ ദമ്പതികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. ഹര്‍ജി സമര്‍പ്പിച്ച യുവതി വിവാഹത്തിന് ഒരു മാസം മുന്‍പ് മാത്രമാണ് മതംമാറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ഇത്തരത്തില്‍ വിവാഹത്തിന് വേണ്ടി മാത്രമായി നടത്തുന്ന മതപരിവര്‍ത്തനം അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

വിവാഹത്തിന് ഒരു മാസം മുന്‍പാണ് യുവതി മുസ്ലിം മതത്തില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മതംമാറിയത്. ഇതില്‍ നിന്ന് മതപരിവര്‍ത്തനത്തിന്റെ പശ്ചാത്തലം വിവാഹം തന്നെയാണെന്ന് വ്യക്തമാകുന്നു. അത്തരം പരിവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ല. 2014 നൂര്‍ ജഹാന്‍ ബീഗം കേസിലെ വിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപതി വ്യക്തമാക്കി.

സമാനസ്വഭാവമുള്ള നുര്‍ ജഹാന്‍ ബീഗം കേസിലും സംരക്ഷണം ആവശ്യപ്പെട്ട ദമ്പതികളുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഹിന്ദുമതത്തില്‍ ജനിച്ച യുവതി വിവാഹത്തിനായി മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതിനെ ചോദ്യം ചെയ്താണ് കോടതി ഹര്‍ജി തള്ളിയത്. മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നതിലപ്പുറം ഇസ്ലാം മതത്തില്‍ യുവതിയ്ക്ക് അറിവോ വിശ്വാസമോ ഉണ്ടോ എന്ന് കോടതി സംശയമുന്നയിച്ചു. വിശ്വാസവും ആത്മസമര്‍പ്പണവുമില്ലാത്ത മതപരിവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി വിധി.

അതേസമയം, ഹര്‍ജി പരിഗണിച്ച ചില സിംഗിള്‍ ബഞ്ചുകള്‍ ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് വിധി പ്രഖ്യാപിച്ചിട്ടുണ്ട്. മതപരിവര്‍ത്തനത്തിലൂടെയുള്ള വിവാഹമാണെങ്കിലും പ്രായപൂര്‍ത്തിയായ രണ്ട് പൗരന്മാരെന്ന നിലയില്‍ വിവാഹം കഴിക്കാനും താത്പര്യമുള്ള വ്യക്തികളോടൊപ്പം താമസിക്കാനുമുള്ള ദമ്പതികളുടെ അവകാശത്തെ പരിഗണിച്ചാണ് കോടതികള്‍ അനുകൂല വിധി നല്‍കിയത്. ഇത്തരം കേസുകളില്‍ ഉത്തര്‍പ്രദേശിലെ ഹിന്ദുവിവാഹ നിയമം, സ്‌പെഷ്യല്‍ മാരേജ് ആക്ട് 1954 എന്നിവയനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും നിബന്ധനയുണ്ട്.

Next Story