‘നിനക്കെന്റെ അച്ഛനാരാണെന്നറിയില്ല’; കുനാല്‍ കമ്രയ്ക്ക് പിന്നാലെ കാര്‍ട്ടൂണിസ്റ്റ് രചിത തനേജയ്ക്കെതിരെ കോടതിയലക്ഷ്യ കേസിന് അനുമതി
സാനിട്ടറി പനല്സ് എന്ന കാര്‍ട്ടൂണ്‍ പേജിന്റെ ഉടമയായ രചിത കഴിഞ്ഞദിവസം ട്വിറ്ററില്‍ പങ്കുവെച്ച പേജിലെ ഒരു കാര്‍ട്ടൂണിനെതിരെയാണ് കോടതിയലക്ഷ്യത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കെതിരായ കോടതിയലക്ഷ്യ കേസിന് പിന്നാലെ കാര്‍ട്ടൂണിസ്റ്റ് രചിത തനേജയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് അനുമതി കൊടുത്ത് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. സാനിട്ടറി പനല്സ് എന്ന കാര്‍ട്ടൂണ്‍ പേജിന്റെ ഉടമയായ രചിത കഴിഞ്ഞദിവസം ട്വിറ്ററില്‍ പങ്കുവെച്ച പേജിലെ ഒരു കാര്‍ട്ടൂണിനെതിരെയാണ് കോടതിയലക്ഷ്യത്തിന് അനുമതി നല്‍കിയിരിക്കുന്നത്. റിപ്പബ്ലിക് ടിവി എഡിറ്റര്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ കാരിക്കേച്ചറിന് വലതും ഇടതുമായി ബിജെപിയെന്നും സുപ്രീം കോടതിയെന്നും മുഖത്തെഴുതിയ രണ്ട് രൂപങ്ങളുള്ള കാര്‍ട്ടൂണിന് ‘നിനക്ക് എന്റെ അച്ഛനാരാണെന്നറിയില്ല’ എന്നാണ് തലക്കെട്ട്. കാര്ട്ടുണിനുമുകളില് അര്ണബ്ഗോസ്വാമിയെന്ന ഹാഷ്ടാഗും ഉണ്ട്.

കഴിഞ്ഞമാസം ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായ്കിന്റെ ആത്മഹത്യാപ്രേരണകേസില് അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യമനുവദിച്ച നടപടിക്കെതിരെ രചിതയിട്ട ഒന്നിലധികം കാര്‍ട്ടൂണുകളിലാണ് എജി കേസെടുക്കാന്‍ അനുമതി നല്‍കിയത്. രചിതയുടെ പല ചിത്രീകരണങ്ങളും പരമോന്നത കോടതിയ്ക്കെതിരെയുള്ള ധിക്കാരപരമായ ആക്രമണമാണെന്നും അത് കോടതിയെ അപമാനിക്കുന്നുവെന്നും എജി അനുമതി കത്തില്‍ പറയുന്നു.
കേസിനാധാരമായ മറ്റൊരു ട്വീറ്റില്‍ സംഘി ‘കോര്‍ട്ട് ഓഫ് ഇന്ത്യ’ എന്നാണ് തലക്കെട്ട്. ട്വീറ്റിന്റെ ഉള്ളടക്കത്തില്‍ അര്‍ണബിന് ജാമ്യം കിട്ടുമ്പോള്‍ യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ വിധിയ്ക്കപ്പെടുന്നു, സ്വതന്ത്ര നീതിന്യായവ്യവസ്ഥയ്ക്ക് പരാജയമാകുന്നു എന്നു പറയുന്നു.
ട്വീറ്റ് പരിശോധിച്ച എജി, സുപ്രീം കോടതിയിലും രാജ്യത്തിന്റെ സ്വാതന്ത്രത്തിലമുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനാണ് ട്വീറ്റ് ശ്രമിക്കുന്നതെന്നും പരമോന്നത കോടതിയെ ഭരണകൂടത്തിന്റെ ആയുധമാക്കിവെച്ചിരിക്കുന്നു എന്ന തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നതാണെന്നും പറഞ്ഞു.
നിയമ വിദ്യാര്‍ഥിയായ ആദിത്യ കശ്യപാണ് ട്വീറ്റുകളില്‍ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് എജിക്ക് അപേക്ഷ നല്‍കിയത്. ‘സാനിട്ടറി പാനല്‍സ്’ മോദി സര്‍ക്കാരിനെതിരെയും സര്‍ക്കാരിന്റെ പോളസികള്ക്കെതിരെയും കാര്ട്ടൂണുകള് നല്‍കാറുണ്ട്.
റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യമനുവദിച്ചതിന് പിന്നാലെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ചെയ്ത ട്വീറ്റാണ് കുനാല്‍ കമ്രയ്ക്കെതിരെയുള്ള ആദ്യ കോടതിയലക്ഷ്യ പരാതിക്ക് കാരണമായത്. അറ്റോര്‍ണി ജനറലിന് അഭിഭാഷകനായ റിസ്വാന് സിദ്ദിഖിയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ തനിക്കെതിരെ വന്ന പരാതിക്കെതിരെ ‘വിട്ടുവീഴ്ച്ചയോടെ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ താനാരാണ്’ എന്ന് പ്രതികരിച്ച കുനാലിന്റെ പിന്നീടുള്ള പല പരാമര്‍ശങ്ങളിലും കോടതിയലക്ഷ്യത്തിന് ക്രിമിനല്‍ കേസെടുക്കാന്‍ അറ്റോര്‍ണി ജനറലും പ്രിന്‍സിപ്പല്‍ ലോ ഓഫീസറും അനുമതി കൊടുത്തിരുന്നു.
രാഷ്ട്ര താല്പര്യങ്ങള് മുന്‍ നിര്‍ത്തിക്കൊണ്ടാണ് സുപ്രീംകോടതി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്, മഹാത്മ ഗാന്ധിയുടെ ചിത്രം മാറ്റി ഹരീഷ് സാല്‍വെയുടെ ചിത്രം വെക്കേണ്ട സമയമായെന്നുമായിരുന്നു കോടതിയലക്ഷ്യത്തിനാധാരമായ ട്വീറ്റ്.