
ഹാത്രസ് സംഭവത്തില്‍ നക്സല്‍ ബന്ധം ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. പെണ്‍കുട്ടിയുടെ മരണം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കിമാറ്റിയത് നക്സലുകളുടെ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് യുപി പൊലീസ് പറയുന്നത്.
ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി നക്സല്‍ ബന്ധമുള്ള സ്ത്രീ എത്തിയതായാണ് യുപി പൊലീസ് ആരോപിക്കുന്നത്. മധ്യപ്രദേശിലെ ഡോക്ടറായ ഇവര്‍ ദിവസങ്ങളോളം പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നുവെന്നും മാധ്യമങ്ങളോട് പറയേണ്ട കാര്യങ്ങള്‍ ഇ വരാണ് കുടുംബത്തെ പഠിപ്പിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
പൊലീസ് നക്സല്‍ ബന്ധമാരോപിക്കുന്ന രാജകുമാരിയെന്ന യുവതി ഹാത്രസ് പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യയെന്ന് പറഞ്ഞാണ് അവിടെ താമസിച്ചിരുന്നതെന്നും ഇവര്‍ മാധ്യമങ്ങളോട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇവരെ പൊലീസ് അന്വഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സംഭവത്തിന് ശേഷം ഭീം ആര്‍മിയുടെ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും ഇവര്‍ സംസ്ഥാനസര്‍ക്കാരിനെതിരെ പ്രചാരണം നടത്താനും ഇതിനെയൊരു സാമുദായിക ലഹളയായി മാറ്റാനുമാണ് ശ്രമിച്ചതെന്നും യുപി പൊലീസ് ആരോപിച്ചു.
ഹാത്രസ് കൊലപാതകത്തിന് പിന്നാലെ യുപി സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനും സാമുദായികമായ സംഘര്‍ഷമുണ്ടാക്കാനും അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടക്കുന്നതായി നേരത്തെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. പൊലീസും ഇക്കാര്യം ആവര്‍ത്തിച്ചു. ഇതിന് പിന്നാലെയാണ് ഹാത്രസ് സംഭവവുമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നക്സല്‍ ബന്ധം ആരോപിക്കാനുള്ള ശ്രമം.