Top

‘ഷെയിം ഓണ്‍ യു കമല്‍’, ‘ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനം’; ഹാഷ്ടാഗ് ക്യാമ്പയിനുമായി കോണ്‍ഗ്രസ് യുവനേതാക്കള്‍

ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന ചെയര്‍മാന്‍ കമലിന്റെ കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കെഎസ് ശബരീനാഥന്‍, പിഎസ് വിഷ്ണുനാഥ് തുടങ്ങിയ യുവനേതാക്കള്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയലൂടെ അറിയിച്ചത്. ഷെയിം ഓണ്‍ യു കമല്‍ എന്ന ഹാഷ്ടാഗും കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിവെച്ചു. കേരളത്തിലെ യുവാക്കളെ കമല്‍ വഞ്ചിച്ചെന്ന് പിസി വിഷ്ണുനാഥ് പ്രതികരിച്ചു. ‘കമലിന്റെ മാതൃകയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ‘ഇടതുപക്ഷ’ സ്വഭാവമുള്ളവരെ ഇപ്രകാരം ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ പി എസ് സി യുടെ ജോലി എളുപ്പമാവും […]

12 Jan 2021 6:16 AM GMT

‘ഷെയിം ഓണ്‍ യു കമല്‍’, ‘ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനം’; ഹാഷ്ടാഗ് ക്യാമ്പയിനുമായി കോണ്‍ഗ്രസ് യുവനേതാക്കള്‍
X

ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന ചെയര്‍മാന്‍ കമലിന്റെ കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കെഎസ് ശബരീനാഥന്‍, പിഎസ് വിഷ്ണുനാഥ് തുടങ്ങിയ യുവനേതാക്കള്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയലൂടെ അറിയിച്ചത്. ഷെയിം ഓണ്‍ യു കമല്‍ എന്ന ഹാഷ്ടാഗും കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിവെച്ചു. കേരളത്തിലെ യുവാക്കളെ കമല്‍ വഞ്ചിച്ചെന്ന് പിസി വിഷ്ണുനാഥ് പ്രതികരിച്ചു.

‘കമലിന്റെ മാതൃകയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ‘ഇടതുപക്ഷ’ സ്വഭാവമുള്ളവരെ ഇപ്രകാരം ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ പി എസ് സി യുടെ ജോലി എളുപ്പമാവും . കേരളത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും തൊഴില്‍ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്നിവാസത്തിനെതിരെ സമൂഹ മന:സാക്ഷി ഉണരണം,’ പിഎസ് വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.


ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്ന് കെഎസ് ശബരീനാഥന്‍ പ്രതികരിച്ചു.

‘കമല്‍ എന്ന സംവിധായകനെ ഞാന്‍ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ മാനുഷികമൂല്യങ്ങള്‍ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാല്‍ കമല്‍ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികള്‍ക്ക് ചലച്ചിത്ര അക്കാഡമിയില്‍ സ്ഥിരനിയമനം നല്‍കിയിരിക്കുകയാണ്.
സ്ഥിരനിയമനം ശുപാര്‍ശചെയ്ത അദ്ദേഹം മന്ത്രിക്ക് എഴുതിയ ഫയലിലെ വാക്കുകള്‍ നമ്മള്‍ ശ്രദ്ധിക്കണം… ‘ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും’

PSC ജോലി കിട്ടാതെ യുവാക്കള്‍ ആത്മഹത്യ ചെയ്യുമ്പോള്‍, ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവുകളില്‍ അലയുമ്പോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണ്,’ കെഎസ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അക്കാദമിയിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള കത്തിലാണ് വിവാദ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താന്‍ ചൂണ്ടിക്കാണിക്കുന്ന നാല് പേരെ സ്ഥിരപ്പെടുത്തിയാല്‍ അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കുമെന്ന് കമല്‍ കഴിഞ്ഞ ആഗസ്റ്റ് 17ന് അയച്ച കത്തില്‍ പറയുന്നു.

ഈ വസ്തുതകള്‍ പരിഗണിച്ച് ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി എച്ച്, ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍ റിജോയ് കെ ജെ, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ പി സജീഷ്, പ്രോഗ്രാം മാനേജര്‍ വിമല്‍കുമാര്‍ വി പി എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അക്കാദമി ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

അതേസമയം അക്കാദമിയില്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് മാനദണ്ഡം ഇതല്ലെന്നും മറുപടി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Next Story