Top

ഭക്ഷണം കൊടുത്താല്‍ പാല് തരുന്ന യന്ത്രമുണ്ടാക്കുമെന്ന് മകന്‍, കഷ്ടം അതാണ് പശുവെന്ന് അമ്മ; രാഹുലിന്റെ ശരീരഭാഷ അനുകരിച്ച് പരസ്യം; കോണ്‍ഗ്രസ് പ്രതിഷേധത്തില്‍

തെരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ ഗാന്ധി ഉപയോഗിക്കാറുള്ള ശരീരഭാഷയും വസ്ത്രധാരണ രീതിയും സംസാര രീതിയും ശബ്ദവും അനുകരിച്ചുകൊണ്ടാണ് ഭോസാലെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

27 April 2021 10:03 AM GMT

ഭക്ഷണം കൊടുത്താല്‍ പാല് തരുന്ന യന്ത്രമുണ്ടാക്കുമെന്ന് മകന്‍, കഷ്ടം അതാണ് പശുവെന്ന് അമ്മ; രാഹുലിന്റെ ശരീരഭാഷ അനുകരിച്ച് പരസ്യം; കോണ്‍ഗ്രസ് പ്രതിഷേധത്തില്‍
X

പ്രശസ്ത കൊമോഡിയന്‍ സന്‍കേത് ഭോസാലെ വേഷമിട്ട പരസ്യചിത്രത്തിനുനേരെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം രൂക്ഷമാകുന്നു. ഭോസാലെ വേഷമിട്ട സ്‌റ്റോറിയ ഫുഡ്‌സിന്റെ മില്‍ക്ക് ഷേക്ക് പരസ്യത്തില്‍ രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും പരിഹസിക്കുന്ന ശരീര ഭാഷയാണുള്ളതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. തെരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ ഗാന്ധി ഉപയോഗിക്കാറുള്ള ശരീരഭാഷയും വസ്ത്രധാരണ രീതിയും സംസാര രീതിയും ശബ്ദവും അനുകരിച്ചുകൊണ്ടാണ് ഭോസാലെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഒരു അമ്മയും മകനും തമ്മിലുള്ള നര്‍മ്മസംഭാഷണങ്ങളാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദാഹിച്ചുവലഞ്ഞിരിക്കുന്ന അമ്മയെ നോക്കി മകന്‍ ഞാന്‍ പാലുണ്ടാക്കുന്ന ഒരു യന്ത്രം നിര്‍മ്മിക്കുമെന്ന് പറയുന്ന സംഭാഷണ ശകലത്തിലൂടെയാണ് പരസ്യചിത്രം ആരംഭിക്കുന്നത്. ഒരു വശത്തുകൂടി ഭക്ഷണം എത്തിച്ചാല്‍ മറ്റൊരു വശത്തുനിന്നും പാല് കറന്നെടുക്കാനാകുന്ന ഒരു യന്ത്രമാണ് താന്‍ നിര്‍മ്മിക്കുന്നതെന്ന് മകന്‍ അമ്മയോട് പറയുന്നു. മകന്റെ മണ്ടത്തരം കേട്ട് തലയ്ക്കടിച്ചുകൊണ്ട് അത് യന്ത്രമല്ല, അതാണ് പശു എന്ന് അമ്മ പറഞ്ഞുകൊടുക്കുന്നു. തുടര്‍ന്ന് അമ്മ മില്‍ക്ക് ഷേക്ക് കുപ്പി തുറന്ന് കുടിക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.

യാതൊരു ലോകവിവരവുമില്ലാത്ത മകന് നേര്‍വഴി പറഞ്ഞുകൊടുക്കുന്ന അമ്മയ്ക്ക് സോണിയ ഗാന്ധിയുടെ രൂപവും ശരീര ഭാഷയും നല്‍കിയത് മനപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കാനായി തന്നെയാണെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ അഭിപ്രായപ്പെടുന്നത്. പരസ്യചിത്രം മണിക്കൂറുകള്‍ക്കുളളില്‍ തന്നെ വൈറലാകുകയും ചിത്രത്തെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചൂടുപിടിക്കുകയുമായിരുന്നു.

മുംബൈയിലെ അന്ധേരി വെസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോറിയ ഫുഡ്‌സ് ആന്‍ഡ് ബീവറേജ് കമ്പനിയുടെ നിര്‍മ്മാണസ്ഥലത്തെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പാര്‍ട്ടിയുടെ കൊടിയുമായെത്തിയ സംഘം സോണിയയ്ക്കും രാഹുലിനും ജയ് വിളിച്ചുകൊണ്ട് കമ്പനിയ്ക്ക് മുന്നില്‍ തടിച്ചുകൂടി. പിന്നീട് പൊലീസെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നീക്കുകയായിരുന്നു.

Next Story