
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ് മക്കള്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ചെന്നൈയിലെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് കെഎസ് അളഗിരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 500 യുവാക്കള്‍ക്ക് പരിശീലനവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം. മദ്യശാലകള്‍ അടച്ചുപൂട്ടുമെന്നും സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് അഞ്ചുവര്‍ഷം നികുതിയിളവ് നല്‍കുമെന്നും നീറ്റ് പരീക്ഷ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയിലൂടെ വാഗ്ദാനം നല്കി.
നിരവധി പുരോഗമനപരമായ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇത്തവണത്തെ കോണ്‍ഗ്രസ് പ്രകടനപത്രികയുടെ പ്രധാന സവിശേഷത. മിശ്ര വിവാഹിതര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ദുരഭിമാനക്കൊലകള്ക്കെതിരായി നിയമനിര്‍മ്മാണം നടത്തുമെന്നുമാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താനായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും കോണ്‍ഗ്രസ് വാക്കുനല്കി.
കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെ കഴിഞ്ഞ ആഴ്ച്ച പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ ടാബ്ലെറ്റുകളും ഡേറ്റ കാര്‍ഡുകളും നല്‍കുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം. പളനിസ്വാമി നയിക്കുന്ന എഐഡിഎംകെയും എംകെ സ്റ്റാലിന് നയിക്കുന്ന ഡിഎംകെയും തമ്മിലാണ് തമിഴ്നാട്ടില്‍ പ്രധാന മത്സരം. നടന് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഇത്തവണ മത്സരരംഗത്തുണ്ട്. കമല്‍ ഹാസനും സ്റ്റാലിനും പളനിസ്വാമിയും ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ ആറിനാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.