ടൂള്‍കിറ്റ് വിവാദം: വ്യാജരേഖയെന്ന് ട്വിറ്റര്‍; ജെപി നദ്ദയുടെയും സമൃതി ഇറാനിയുടെയും അക്കൗണ്ടുകള്‍ നീക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
വിവാദം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
21 May 2021 4:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ ടൂള്‍കിറ്റ് എന്ന ആരോപിച്ച് ബിജെപി നേതാവ് പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്ന് ട്വിറ്റര്‍. രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇന്ത്യന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും പുതിയ പാര്‍ലമെന്റ് കെട്ടിടവും നരേന്ദ്രമോദിയുടെ വസതിയുമടങ്ങുന്ന സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയെക്കുറിച്ചും തെറ്റായ വിവരണം നല്കുന്ന ടൂള്‍കിറ്റ് കോണ്‍ഗ്രസ് നിര്‍മ്മിച്ചെന്നായിരുന്നു ബിജെപിയുടെ ആരോപണം.
ബിജെപി നേതാവ് സാംബിത് പത്ര ചില രേഖകളടക്കം മുന്നോട്ടുവെച്ച് ഈ ആരോപണം ട്വീറ്റ് ചെയ്യുകയും ഇത് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ഹര്‍ദീപ് പുരി, അനുരാഗ് ടാക്കൂര്‍, പീയുഷ് ഗോയല്‍ എന്നിവര്‍ അവരുടെ ഔദ്യോഗിക പേജില്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ രേഖകള്‍ വ്യാജമാണെന്നാണ് സ്ഥിരീകരിച്ച ട്വിറ്റര്‍ ട്വീറ്റില്‍ വ്യാജരേഖയാണെന്ന് റെഡ് ഫ്ലാഗ് ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസിനെതിരെ തെറ്റായ രേഖകള്‍ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്താന്‍ പ്ലാറ്റ്ഫോം ദുരപയോഗം ചെയ്യുന്നെന്നും സാംബിത് പത്രയ്ക്കും മറ്റ് ബിജെപി നേതാക്കള്‍ക്കും എതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ജെപി നദ്ദ, സ്മൃതി ഇറാനി എന്നിവരുടെ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ നിന്ന് സ്ഥിരമായി നീക്കം ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
ടൂള്‍കിറ്റ് വിവാദത്തിലൂടെ മന:പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖകള്‍ സൃഷ്ടിച്ചു എന്ന് ആരോപിച്ച് ഡല്‍ഹി പൊലീസിന് കോണ്‍ഗ്രസ് പരാതിയും നല്‍കിയിട്ടുണ്ട്. ജെപി നദ്ദ, സ്മൃതി ഇറാനി, ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, ബിജെപി നേതാവ് സാംബിത് പത്ര എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
വിവാദം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് റിസേര്‍ച്ച് ഡിപാര്‍ട്ട്മെന്റിന്റെ വ്യാജ ലെറ്റര്‍ ഹെഡ് കെട്ടിച്ചമയ്ക്കുകയും അതില്‍ തെറ്റായ ഉള്ളടക്കം നല്കി വ്യാപകമായി പ്രചരിപ്പിച്ചതാണെന്നുമാണ് ആരോപണം.
രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്നതിനും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമുദായിക വിള്ളലുണ്ടാക്കാനുമുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു രേഖ സൃഷ്ടിക്കപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.
Also Read ‘കൊവിഡ് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തി’; വിതുമ്പിക്കൊണ്ട് മോദി, ‘ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളി’