Top

വിമതശല്ല്യം പരിഹരിക്കാന്‍ കൂട്ട പുറത്താക്കലിനൊരുങ്ങി കോണ്‍ഗ്രസ്; ഇതുവരെ നടപടിയെടുത്തത് 58 പേര്‍ക്കെതിരെ

അനുനയ ചര്‍ച്ചകള്‍ക്കുശേഷവും പിന്മാറാതെ ഉറച്ചു നില്‍ക്കുന്ന വിമത സ്ഥാനാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കാനാണ് തീരുമാനം. ഇതിന്റെ തുടര്‍ച്ചയായി 58 പേരെയാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

26 Nov 2020 8:51 PM GMT

വിമതശല്ല്യം പരിഹരിക്കാന്‍ കൂട്ട പുറത്താക്കലിനൊരുങ്ങി കോണ്‍ഗ്രസ്; ഇതുവരെ നടപടിയെടുത്തത് 58 പേര്‍ക്കെതിരെ
X

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി വിമതനീക്കങ്ങള്‍. സീറ്റു ചര്‍ച്ചകളില്‍ അതൃപ്തരായ സഖ്യകക്ഷികള്‍ പലയിടത്തും ഒറ്റയ്ക്ക് മത്സരിക്കുന്ന ഭീഷണി കൂടി നിലനില്‍ക്കവെ വിമതനീക്കങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളിലേക്ക് കടക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. വിമതസ്ഥാനാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കുന്ന നടപടിവരെയാണ് കെപിസിസിയുടെ പരിഗണനയിലുള്ളത്.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടം നഷ്ടപ്പെട്ടതോടെ കെപിസിസി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ അവഗണിച്ചാണ് പലയിടങ്ങളിലും വിമതര്‍ രംഗത്തെത്തിയത്. പാര്‍ട്ടി, മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരെ പ്രാദേശിക തലത്തില്‍ അനുനയിപ്പിക്കാനായിരുന്നു ആദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നത്. മണ്ഡലം-ബ്ലോക്ക്-ജില്ലാ തലങ്ങളില്‍ തീരാത്ത തര്‍ക്കങ്ങളില്‍ കെപിസിസി സമിതി നേരിട്ടാണ് ഒത്തു തീര്‍പ്പുണ്ടാക്കിയത്. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ഭിന്നതകള്‍ പൂര്‍ണ്ണമായും തീര്‍ക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

ഇതോടെയാണ് അച്ചടക്ക നടപടികള്‍ കര്‍ശനമാക്കാന്‍ കെപിസിസി തീരുമാനിച്ചിരിക്കുന്നത്. അനുനയ ചര്‍ച്ചകള്‍ക്കുശേഷവും പിന്മാറാതെ ഉറച്ചു നില്‍ക്കുന്ന വിമത സ്ഥാനാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കാനാണ് തീരുമാനം. ഇതിന്റെ തുടര്‍ച്ചയായി 58 പേരെയാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കല്‍. മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ഡിസിസി പ്രസിഡന്റുമാരാണ് നടപടിയെടുത്തത്.

ഇതില്‍ പാലക്കാട് മാത്രം 13 പേര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. വയനാട്ടില്‍ 12 പേരെയും തിരുവനന്തപുരത്ത് 11 പേരെയുമാണ് വിമത പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ മുന്‍കാലങ്ങളിലെപ്പോലെ തെരഞ്ഞെടുപ്പിന് ശേഷം വിമതരെ തിരിച്ചെടുക്കുന്ന പതിവ് ഇത്തവണ ഉണ്ടാകില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം.

Next Story