‘ഞങ്ങളുണ്ട് ഇവിടെ ബിജെപിക്ക് പ്രതിരോധം തീര്‍ക്കാന്‍’; കേരളത്തില്‍ കോണ്‍ഗ്രസ് രക്ഷപ്പെട്ട് നില്‍ക്കുന്നത് എല്‍ഡിഎഫിന്റെ ശക്തികൊണ്ടെന്ന് മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും യുഡിഎഫിനേയും കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയേയും കടന്നാക്രമിച്ചും മുഖ്യമന്ത്രി പിണറായി വിജയന്. ഇലക്ഷന് കമ്മീഷന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കേരളത്തില്‍ വരുമ്പോഴെല്ലാം എല്‍ഡിഎഫിനെ ആക്രമിക്കാന്‍ താല്പര്യം കാണുന്ന രാഹുല്‍ ഗാന്ധി ബിജെപിയെ നേരിടുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ആരെ സഹായിക്കാനാണ് അതെന്നും അതുകൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടുമോയെന്നും പിണറായി ചോദിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് […]

സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും യുഡിഎഫിനേയും കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയേയും കടന്നാക്രമിച്ചും മുഖ്യമന്ത്രി പിണറായി വിജയന്. ഇലക്ഷന് കമ്മീഷന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കേരളത്തില്‍ വരുമ്പോഴെല്ലാം എല്‍ഡിഎഫിനെ ആക്രമിക്കാന്‍ താല്പര്യം കാണുന്ന രാഹുല്‍ ഗാന്ധി ബിജെപിയെ നേരിടുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ആരെ സഹായിക്കാനാണ് അതെന്നും അതുകൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടുമോയെന്നും പിണറായി ചോദിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് എല്‍ഡിഎഫിന്റെ ശക്തി കൊണ്ടാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ കേരളത്തിലുള്ള നില രക്ഷപ്പെടുന്നത് ഇവിടുത്തെ എല്‍ഡിഎഫിന്റെ ശക്തി കൊണ്ടാണ് എന്നത് കാണണം. കാരണം ഞങ്ങളുണ്ട് ഇവിടെ ബിജെപിക്ക് പ്രതിരോധം തീര്‍ക്കാന്‍. ഈ നാടിനും ജനങ്ങള്‍ക്കും അതറിയാം.
മുഖ്യമന്ത്രി
പുതുച്ചേരി എങ്ങനെയാണ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. രാഹുല്‍ ഗാന്ധിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ? ന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവ് സ്വീകരിക്കേണ്ട നിലയല്ല ഇത്. വടക്കേ ഇന്ത്യക്കാരെ അപമാനിച്ചത് മോശമായിപ്പോയി. നിങ്ങളെ തെരഞ്ഞെടുത്തവരെ അടക്കം പിന്നെ തള്ളിപ്പറയുന്നത് മാന്യമായൊരു രാഷ്ട്രീയ നിലയല്ല എന്നെങ്കിലും രാഹുല്‍ ഗാന്ധി മനസിലാക്കണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തില്‍ എല്‍ഡിഎഫിന് യാതൊരു ആശങ്കയുമില്ല. നല്ല രീതിയിലുള്ള പോരാട്ടം നമുക്ക് നടത്താന്‍ കഴിയും. ജനങ്ങളോടൊപ്പമാണ് എല്‍ഡിഎഫ്. എല്‍ഡിഎഫിനോടൊപ്പമാണ് ജനങ്ങള്‍. ജനങ്ങളെ വലിയ രീതിയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ വിനയാന്വിതമായി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ എല്ലാവരും നടത്തണം കൂടുതല്‍ ആളുകളെ, കൂടുതല്‍ വീടുകളെ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി എല്‍ഡിഎഫ് ജാഥയില്‍ ആഹ്വാനം ചെയ്തു.
കിഫ്ബി വഴി 50,000 കോടിയുടെ അടിസ്ഥാന സൗകര്യവികസനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന് സര്‍ക്കാര്‍ പറഞ്ഞതിന് വലിയ തോതില്‍ ആക്ഷേപം കേട്ടു. എന്നാലിപ്പോള്‍ 63,000 കോടിയുടെ പദ്ധതിയാണ് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. സ്കൂള്‍,ആരോഗ്യ സ്ഥാപനം, റോഡ് എന്നിവയുടെയെല്ലാം അടിസ്ഥാന വികസനത്തിന് കിഫ്ബി വഴിയാണ് പണം കണ്ടെത്തിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകും. അവരവരുടേതായ നയം പ്രചരിപ്പിക്കും. എന്നാല്‍ ഈ കഴിഞ്ഞ 5 വര്‍ഷക്കാലം ഒട്ടേറെ കാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഏതെങ്കിലും ഒന്നിന് പ്രതിപക്ഷം അനുകൂലമായി ശബ്ദിച്ചോ എന്നും മുഖ്യമന്ത്രി ചോദിച്ചു.എന്തിന് എതിര്‍ക്കുന്നു, എന്തിന് ജനത്തിന് ഉപകാരപ്രദമാകുന്നതിനെ എതിര്‍ക്കുന്നു. നാടിന് മുതല്‍ക്കൂട്ടാകുന്ന കാര്യത്തെ പോലും പരിഹസിച്ചു. എല്ലാ പ്രശ്നത്തിലും ഇതാണ് കാണാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രി പറഞ്ഞത്
“നമ്മുടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന ധാരണയില്‍ വല്ലാതെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് യുഡിഎഫ്. ബിജെപിയും കൂടെയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടേതായ ജീവിതാനുഭവങ്ങളുണ്ട്. ഈ അഞ്ച് വര്‍ഷക്കാലം മത്സ്യത്തൊഴിലാളികള്‍ക്ക് നേരിടേണ്ടി വന്ന ദുരന്തങ്ങളില്‍ എങ്ങനെയാണ് സര്‍ക്കാര്‍ ഒപ്പം നിന്നതെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. അവരെ പെട്ടെന്ന് തെറ്റിദ്ധരിപ്പിക്കാനാകില്ല. ചില ചെയ്തികള്‍. കേരളത്തിലെ എംപിമാരില്‍ ഒരാളാണ് രാഹുല്‍ ഗാന്ധി. അദ്ദേഹം ഇവിടെ വന്ന് എല്‍ഡിഎഫ് സര്‍ക്കാരിനേക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഇന്നത്തെ സ്ഥാനത്തിന്, എംപി സ്ഥാനമല്ല കേട്ടോ, അദ്ദേഹം കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവാണല്ലോ. അങ്ങനെയുള്ള ഒരാള്‍ പറയേണ്ടതാണോ? പിന്നെ കോണ്‍ഗ്രസിന് സ്വാധീനമുള്ള ചില സംസ്ഥാനങ്ങളുണ്ടല്ലോ, അവിടങ്ങളില്‍ ചിലയിടത്ത് ബിജെപിയുമായി ഏറ്റുമുട്ടേണ്ടി വരുന്നുണ്ടല്ലോ. എന്തേ അങ്ങോട്ട് പോകാതിരിക്കുന്നത്? എന്താണ് അങ്ങോട്ടുപോകാന്‍ ഒരു മടി? എന്തു പങ്കാണ് ആ കാര്യത്തിലൊക്കെ വഹിച്ചത്? നമ്മുടെ വിവിധ സ്ഥലങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള നില. എന്തുകൊണ്ടോ ബിജെപിയില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഒരു ശ്രമമില്ലേ? അദ്ദേഹത്തിന് എല്‍ഡിഎഫിനെ നേരിടാനും ആക്രമിക്കാനും വലിയ താല്പര്യമാണ്. ആരെ സഹായിക്കാന്‍? നിങ്ങള്‍ അതുകൊണ്ട് രക്ഷപ്പെടുമോ? യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ കേരളത്തിലുള്ള നില രക്ഷപ്പെടുന്നത് ഇവിടുത്തെ എല്‍ഡിഎഫിന്റെ ശക്തി കൊണ്ടാണ് എന്നത് കാണണം. കാരണം ഞങ്ങളുണ്ട് ഇവിടെ ബിജെപിക്ക് പ്രതിരോധം തീര്‍ക്കാന്‍. ഈ നാടിനും ജനങ്ങള്‍ക്കും അതറിയാം. അതിന്റെ ഭാഗമായി ഈ നാടിന്റേതായ പ്രത്യേകതകളുണ്ട്.
നമ്മുടെ കേരളത്തിന്റെ അതിര്‍ത്തിക്ക് അകത്തുനിന്ന് തുടങ്ങുന്ന സംസ്ഥാനമാണല്ലോ പുതുച്ചേരി. എന്തായി? എങ്ങനെയാണിപ്പോള്‍ നഷ്ടപ്പെട്ടത്? നിങ്ങള്‍ എന്ത് നില സ്വീകരിച്ചു? എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ? അപ്പോള്‍ എവിടെയോ ഒരു വഴുതിമാറല്‍. എല്‍ഡിഎഫിനെ വലിയ തോതില്‍ ആക്രമിക്കാന്‍ ഒരു ഔത്സുക്യം. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവ് സ്വീകരിക്കേണ്ട നിലയല്ല അതെന്ന് ഇപ്പോള്‍ പറഞ്ഞുവെയ്ക്കാം. വടക്കേ ഇന്ത്യക്കാരൊക്കെ പറയുന്ന ചില കാര്യങ്ങളുണ്ട്. ഞാനിപ്പോള്‍ അതിലേക്കൊന്നും കടക്കുന്നില്ല. പക്ഷെ, വടക്കേ ഇന്ത്യക്കാരെ അപമാനിച്ചത് മോശമായിപ്പോയി കെട്ടോ. നിങ്ങളെ തെരഞ്ഞെടുത്തവരെ അടക്കം പിന്നെ തള്ളിപ്പറയുന്നത് മാന്യമായൊരു രാഷ്ട്രീയ നിലയല്ല എന്നെങ്കിലും രാഹുല്‍ ഗാന്ധി മനസിലാക്കണം. നമ്മുടെ സംസ്ഥാനത്ത് കഴിയാവുന്നത്ര ജനങ്ങളോടൊപ്പം നില്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചിട്ടുള്ളത്. 600 രൂപ പെന്ഷനുണ്ടായിരുന്നത് ഇപ്പോള്‍ 1600 രൂപയായി വര്‍ധിപ്പിച്ചു. പെന്ഷന് വാങ്ങുന്നവരുടെ കൈയ്യില്‍ മാസാമാസം 1600 രൂപ എത്തുന്ന നിലയില്‍ കാര്യങ്ങളെത്തി. യുഡിഎഫ് ഭരണകാലത്ത് പെന്ഷന് അര്‍ഹരുടെ എണ്ണം 34 ലക്ഷം മാത്രമായിരുന്നു. അത് 59 ലക്ഷത്തില്‍ അധികമായി. രണ്ട് ലക്ഷത്തി അമ്പത്തിയൊന്നായിരത്തി അറുന്നൂറ്റി 84 വീടുകളാണ് ലൈഫിന്റെ ഭാഗമായി നിര്‍മ്മിച്ച് നല്‍കിയിട്ടുള്ളത്. ബാക്കി വീടുകള്‍ നിര്‍മ്മിക്കുന്നു. ഇനിയും അര്‍ഹതയുള്ളവരുടെ കാര്യം പരിശോധിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ എല്ലാ വിഭാഗം പാവപ്പെട്ടവരുടേയും ഉന്നമനത്തിനുള്ള നടപടികളാണ് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്. അതിനെ തകര്‍ക്കാന്‍ യുഡിഎഫും ബിജെപിയും അഴിച്ചുവിടുന്ന കുപ്രചരണങ്ങള്‍ കൊണ്ട് ജനങ്ങള്‍ തെറ്റിദ്ധരിച്ചുപോകും എന്ന ധാരണ ഏതായാലും ഞങ്ങള്‍ക്കില്ല. നല്ല രീതിയിലുള്ള സ്വീകാര്യതയാണ് ഈ ജാഥയ്ക്ക് വഴി നീളെ കിട്ടിയത്. സഖാവ് ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് നിന്ന് പുറപ്പെട്ട ഈ വികസന മുന്നേറ്റ ജാഥയ്ക്കും സഖാവ് എ വിജയരാഘവന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് നിന്ന് പുറപ്പെട്ട് തൃശൂരില്‍ ഇന്ന് സമാപിക്കുന്ന ജാഥയ്ക്കും വഴിനീളെ വന്പിച്ച സ്വീകരണമാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ അടിത്തറ വിപുലമായിരിക്കുകയാണ്. കൂടുതല്‍ ജനവിഭാഗങ്ങള്‍ എല്‍ഡിഎഫിലേക്ക് കടന്നുവരികയാണ്. അതിന് എല്ലാവരുടേയും സഹായവും സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു. നാം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് ഇറങ്ങുകയാണ്. ഇന്ന് തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നു കഴിഞ്ഞു. എല്‍ഡിഎഫിന് യാതൊരു ആശങ്കയുമില്ല. നല്ല രീതിയിലുള്ള പോരാട്ടം നമുക്ക് നടത്താന്‍ കഴിയും. ജനങ്ങളോടൊപ്പമാണ് എല്‍ഡിഎഫ്. എല്‍ഡിഎഫിനോടൊപ്പമാണ് ജനങ്ങള്‍. അതുകൊണ്ടുതന്നെ ഒരു ആശങ്കയുമില്ലാതെ നമുക്ക് ഈ തെരഞ്ഞെടുപ്പിനെ നേരിടാം. ഒരു കാര്യം മാത്രം. ജനങ്ങളെ വലിയ രീതിയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ വിനയാന്വിതമായി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ എല്ലാവരും നടത്തുക. കൂടുതല്‍ ആളുകളെ, കൂടുതല്‍ വീടുകളെ ബന്ധപ്പെടുക. നിങ്ങള്‍ക്കെന്റെ സ്നേഹാഭിവാദനങ്ങള്‍.”