Top

ഗുജറാത്ത് രാജ്യസഭാ സീറ്റും കോണ്‍ഗ്രസിന് നഷ്ടമായേക്കും; നഷ്ടപ്പെടുന്നത് അഹമ്മദ് പട്ടേല്‍ അഞ്ച്തവണ നിലനിര്‍ത്തിയ സീറ്റ്

ഗുജറാത്ത് നിയമസഭയിലെ നിലവിലെ സീറ്റ് നിലയനുസരിച്ച് ഇനി ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്കായിരിക്കും ഈ രാജ്യസഭാ സീറ്റ് ലഭിക്കുക.

23 Dec 2020 7:16 AM GMT

ഗുജറാത്ത് രാജ്യസഭാ സീറ്റും കോണ്‍ഗ്രസിന് നഷ്ടമായേക്കും; നഷ്ടപ്പെടുന്നത് അഹമ്മദ് പട്ടേല്‍ അഞ്ച്തവണ നിലനിര്‍ത്തിയ സീറ്റ്
X

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരണത്തോടെ ഒഴിവു വന്ന ഗുജറാത്തിലെ രാജ്യസഭാ സീറ്റ് കോൺഗ്രസ്സിന് നഷ്ടപ്പെട്ടേക്കാം. അഹമ്മദ് പട്ടേല്‍ അഞ്ച് തവണ മത്സരിച്ച് നില നിർത്തിയ മണ്ഡലമാണ് ഇത്തവണ കോൺഗ്രസ്സിന് നഷ്ടമായേക്കുക.

അഹമ്മദ് പട്ടേലിനെ കൂടാതെ ബിജെപിയുടെ അഭയഭരദ്വാജും ഈയിടെ മരണപ്പെട്ടിരുന്നു. ഇങ്ങനെ വന്ന ഒഴിവുകൾ നികത്താൻ രണ്ട് വ്യത്യസ്ത ഉപതിരഞ്ഞെടുപ്പുകൾ നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

ഗുജറാത്തിൽ ബിജെപിക്ക് 111 എം‌എൽ‌എമാരും കോൺഗ്രസിന് 65 എംഎല്‍എമാരുമാണുള്ളത്. വിജയിക്കാൻ വേണ്ടത്‌ 88 വോട്ടുകൾ. ഗുജറാത്ത് നിയമസഭയിലെ നിലവിലെ സീറ്റ് നിലയനുസരിച്ച് ഇനി ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്കായിരിക്കും ഈ രാജ്യസഭാ സീറ്റ് ലഭിക്കുക.

എന്നാൽ രണ്ട് സീറ്റുകളിലേയ്ക്കും വെവ്വേറെ തെരഞ്ഞെടുപ്പ് നടത്തിയാൽ രണ്ടു സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്നും ഒരുമിച്ചാണ് വോട്ടെടുപ്പെങ്കില്‍ ഒരു സീറ്റിൽ തങ്ങൾ ജയിക്കുമെന്നുമാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ആനുപാതിക പ്രാതിനിധ്യ രീതിയനുസരിച്ച് വോട്ടെടുപ്പില്‍ ഒരംഗത്തിന് ഒരു സ്ഥാനാര്‍ഥിക്ക് മാത്രമേ ആദ്യപരിഗണന നല്‍കാനാവൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വാദം.

അതേസമയം പ്രത്യേക വോട്ടെടുപ്പ് നടത്തുന്ന രീതി വർഷങ്ങളായി നടക്കുന്നുണ്ടെന്നും ഇത് കോടതികൾ ശരിവെക്കുന്നുണ്ടെന്നും ഒഴിവുള്ള ഈ രണ്ട് സീറ്റുകൾക്കും പ്രത്യേക വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയും തിരഞ്ഞെടുപ്പ് യഥാസമയം വെവ്വേറെ നടത്തുകയും ചെയ്യുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായപ്പെടുന്നത്. നിലവിൽ ഈ വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.

Next Story