ഇനി മുഖംനോക്കലുകളില്ല, കാര്യപ്രാപ്തിയില്ലാത്തവര്‍ പടിക്ക് പുറത്ത്; ഡിസിസിയിലും മാറ്റമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കടുത്ത തീരുമാനങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയാത്തവരെ മാറ്റുമെന്നാണ് തീരുമാനം. ഇക്കാര്യം യോഗങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാതലത്തില്‍ ഇതിനെതിരെ സമ്മര്‍ദമുണ്ടെന്നാണ് വിവരം. ബ്ലോക്ക്, മണ്ഡലം തലങ്ങളിലും മാറ്റം വരുത്താനാണ് തീരുമാനം. ദീര്‍ഘകാലമായി ചുമതല വഹിക്കുന്നവരെയും കാര്യപ്രാപ്തി തെളിയിക്കാത്തവരെയും മാറ്റും. കമ്മിറ്റികളുടെ ചുമതലക്കാരോട് ഇക്കാര്യത്തില്‍ ശുപാര്‍ശ ആവശ്യപ്പെട്ടിട്ടിണ്ട്. ഡിസിസിയിലെ മാറ്റം സംബന്ധിച്ചും ചുമതലക്കാരായ കെപിസിസി ഭാരവാഹികളുമായി ആശയവിനിമയം ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ മണ്ഡലങ്ങളുടെ ചുമതല നല്കിയ […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കടുത്ത തീരുമാനങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയാത്തവരെ മാറ്റുമെന്നാണ് തീരുമാനം. ഇക്കാര്യം യോഗങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലാതലത്തില്‍ ഇതിനെതിരെ സമ്മര്‍ദമുണ്ടെന്നാണ് വിവരം. ബ്ലോക്ക്, മണ്ഡലം തലങ്ങളിലും മാറ്റം വരുത്താനാണ് തീരുമാനം. ദീര്‍ഘകാലമായി ചുമതല വഹിക്കുന്നവരെയും കാര്യപ്രാപ്തി തെളിയിക്കാത്തവരെയും മാറ്റും. കമ്മിറ്റികളുടെ ചുമതലക്കാരോട് ഇക്കാര്യത്തില്‍ ശുപാര്‍ശ ആവശ്യപ്പെട്ടിട്ടിണ്ട്. ഡിസിസിയിലെ മാറ്റം സംബന്ധിച്ചും ചുമതലക്കാരായ കെപിസിസി ഭാരവാഹികളുമായി ആശയവിനിമയം ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
നിയമസഭാ മണ്ഡലങ്ങളുടെ ചുമതല നല്കിയ കെപിസിസി സെക്രട്ടറിമാരുടെയും കെപിസിസി ഭാരവാഹിയുടെയും ഡിസിസി പ്രസിഡന്റിന്റെയും ജില്ല തിരിച്ചുള്ള യോഗങ്ങള്‍ ഇന്ദിരാ ഭവനില്‍ നടന്നു. സംഘടനാ അഴിച്ചുപണി സംബന്ധിച്ച നിര്‍ദേശങ്ങള്‍ എഐസിസി, കെപിസിസി നേതൃത്വം ബന്ധപ്പെട്ടവരില്‍ നിന്നു ശേഖരിച്ചു തുടങ്ങി. ഔദ്യോഗിക നേതൃയോഗങ്ങള്‍ക്കു സമാന്തരമായി ഈ ചര്‍ച്ചകളും നടക്കുകയാണ്.
ഓരോ ബൂത്തിന്റെയും ചുമതല അതത് മേഖലകളിലെ പ്രമുഖ നേതാക്കള്‍ക്കടക്കം നല്‍കാനാണ് തീരുമാനം. ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ബൂത്തിന്റെ ചുമതലകൂടി നല്‍കും. ഏത് ബൂത്ത് വേണമെന്ന കാര്യം ഇവരുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാവും തീരുമാനിക്കുക. താല്പര്യമുള്ള ബൂത്ത് വിവരങ്ങള്‍ ഇവര്‍ കെപിസിസിയെ അറിയിക്കണം. ബൂത്ത് തലത്തില്‍ മുതല്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ മാത്രമേ നിയമ സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനം.
മുഴുവന്‍ ബൂത്തുകളിലും ഒരേ ദിവസം യോഗം വിളിതച്ച് പുനഃസംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ 24,970 ബൂത്തുകളിലും ജനുവരി 26ന് യോഗം വിളിക്കും. ചുമതല ബന്ധപ്പെട്ട കമ്മറ്റി നേതാവിനായിരിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്. വിഎം സുധീരന് കെപിസിസി അധ്യക്ഷനായിരുന്ന സമയത്താണ് കേരളത്തില്‍ മുഴുവന്‍ ബൂത്തുകളിലും പാര്‍ട്ടി അഴിച്ചുപണി നടത്തിയത്.
എഐസിസി സംഘത്തിന്റെ നേതൃത്വത്തില്‍ മൂന്ന് മേഖലകളിലായിട്ടാണ് നേതൃയോഗം സംഘടിപ്പിക്കുക. ജനുവരി ആറ് മുതല്‍ 13 വരെ നേതൃയോഗങ്ങള്‍ ചേരും. 15 മുതല്‍ 20 വരെയാണ് മണ്ഡലം യോഗം. 26 മുതല്‍ 31 വരെ സംസ്ഥാനത്തൊട്ടാകെ ഗൃഹസന്ദര്‍ശന പരിപാടിയും നടത്താന്‍ തീരുമാനമായി.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജയസാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് സര്‍വ്വേ നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു നീക്കം. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ഇത്തരമൊരു സര്‍വ്വേ നടത്തിയിരുന്നു.
സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാവുന്ന യുവാക്കള്‍, വനിതകള്‍ എന്നിവരുടെ പേരുകള്‍ ശേഖരിക്കും. മണ്ഡലത്തില്‍ നേരിയ ജയസാധ്യത പോലുമില്ലാത്തവരെ സര്‍വ്വേയിലൂടെ കണ്ടെത്തും. ഇവരില്‍ ആരുടേയെങ്കിലും പേരുകള്‍ പാര്‍ട്ടി ഗ്രൂപ്പ് നേതൃത്വങ്ങള്‍ നിര്ദേശിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. ഗ്രൂപ്പ് വീതം വെക്കലിന്റെ ഫലമായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ജയസാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കാന്‍ തീരുമാനിച്ചത്.
ഇതിന് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംസ്ഥാന ജാഥ നടത്തണമെന്ന അഭിപ്രായം ഹൈക്കമാന്‍ഡിനുണ്ട്. ഒപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും കേരളത്തിലെത്തും എന്നും സൂചനയുണ്ട്. സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥികളായി ഒരു തരത്തിലും പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടികയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ എഐസിസി സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരിക്കാതിരുന്ന മുതിര്‍ന്ന നേതാക്കളുടെ വിശദാംശങ്ങളും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സംസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തില്‍ നടത്തേണ്ട തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്. കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് എഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.