‘പിസി ജോര്‍ജിനെ വേണ്ട’; ഡിസിസി അദ്ധ്യക്ഷനെ ഇരുത്തി നിലപാട് പ്രഖ്യാപിച്ച് പൂഞ്ഞാര്‍ കോണ്‍ഗ്രസ്
കോട്ടയം: പിസി ജോര്‍ജിന്റെ ജനപക്ഷവുമായി യാതൊരു ബന്ധവും കോണ്‍ഗ്രസിന് പാടില്ലെന്ന് വീണ്ടും കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റി. ഡിസിസി അദ്ധ്യക്ഷന്‍ ജോഷി ഫിലിപ്പിനെയും ആന്റോ ആന്റണി എംപിയുടേയും സാന്നിദ്ധ്യത്തില്‍ പിണ്ണാക്കനാട് നടന്ന ബ്ലോക്ക് നേതൃയോഗത്തില്‍ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. കെപിസിസി സെക്രട്ടറി അഡ്വ. പിഎ സലീം, കെപിസിസി അംഗം കല്ലാടന്‍ എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഒക്ടോബര്‍ മൂന്നിന് കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മജു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഡിഎഫ് പൂഞ്ഞാര്‍ മേഖല യോഗത്തിലെടുത്ത […]

കോട്ടയം: പിസി ജോര്‍ജിന്റെ ജനപക്ഷവുമായി യാതൊരു ബന്ധവും കോണ്‍ഗ്രസിന് പാടില്ലെന്ന് വീണ്ടും കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റി. ഡിസിസി അദ്ധ്യക്ഷന്‍ ജോഷി ഫിലിപ്പിനെയും ആന്റോ ആന്റണി എംപിയുടേയും സാന്നിദ്ധ്യത്തില്‍ പിണ്ണാക്കനാട് നടന്ന ബ്ലോക്ക് നേതൃയോഗത്തില്‍ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി.
കെപിസിസി സെക്രട്ടറി അഡ്വ. പിഎ സലീം, കെപിസിസി അംഗം കല്ലാടന്‍ എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഒക്ടോബര്‍ മൂന്നിന് കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മജു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഡിഎഫ് പൂഞ്ഞാര്‍ മേഖല യോഗത്തിലെടുത്ത തീരുമാനവും പിസി ജോര്‍ജിന്റെ പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നായിരുന്നു.
മുണ്ടക്കയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയും പിസി ജോര്‍ജിനെതിരെ രംഗതെത്തി. ബിജെപി കൂടാരത്തില്‍ പോയി ഗതിയില്ലാതെ മടങ്ങിയ പിസി ജോര്‍ജിന് യുഡിഎഫില്‍ പ്രവേശനം അനുവദിക്കരുതെന്ന് പ്രമേയത്തിലൂടെ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് കേരള ജനപക്ഷം സെക്കുലറിന്റെ തീരുമാനമെന്ന് പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞിരുന്നു. ജനപക്ഷത്തിന്റെ കൂടുതല്‍ നേതാക്കളും യുഡിഎഫ് മനോഭാവമുള്ളവരാണ്. യുഡിഎഫിനോടൊപ്പം നില്‍ക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. യുഡിഎഫ് നേതാക്കളും അങ്ങനെ തന്നെയാണ് ആവശ്യപ്പെടുന്നത്. മുന്നണിയിലെടുക്കണമെന്ന നിലപാടില്ല. സഹകരിച്ച് പോയാലും മതി. ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.