Top

പ്രൊഫഷണലുകളെ ഇറക്കി കളം പിടിക്കാന്‍ കോണ്‍ഗ്രസ്; കഴക്കൂട്ടത്ത് കടകംപള്ളിയെയും വി മുരളീധരനെയും തുരത്താന്‍ എസ്എഫ്‌ഐ കോട്ട തകര്‍ത്ത എസ്എസ് ലാലോ?

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പട്ടികയിലേക്കുള്ള ആലോചനകളിലേക്ക് സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊം പ്രൊഫഷണലുകളെയും ഉള്‍ക്കൊള്ളിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ മണ്ഡലങ്ങള്‍ ഏതുവിധേനയും തിരിച്ചുപിടിക്കാനാണ് പാര്‍ട്ടിയുടെ ആലോചന. ഇതിന്റെ ഭാഗമായി കഴക്കൂട്ടത്ത് പാര്‍ട്ടി സഹയാത്രികന്‍ കൂടിയായ പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ എസ്എസ് ലാലിന്റെ പേരാണ് ഉയര്‍ന്നുവരുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മികച്ച നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച് ഡോക്ടര്‍ ശ്രദ്ധേയനായിരുന്നു. മത്സരിക്കാന്‍ ഡോ എസ്എസ് ലാല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ക്കലയിലും ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നവരുന്നതിനാല്‍ മണ്ഡലം സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് പാര്‍ട്ടി […]

6 Feb 2021 7:56 AM GMT

പ്രൊഫഷണലുകളെ ഇറക്കി കളം പിടിക്കാന്‍ കോണ്‍ഗ്രസ്; കഴക്കൂട്ടത്ത് കടകംപള്ളിയെയും വി മുരളീധരനെയും തുരത്താന്‍ എസ്എഫ്‌ഐ കോട്ട തകര്‍ത്ത എസ്എസ് ലാലോ?
X

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പട്ടികയിലേക്കുള്ള ആലോചനകളിലേക്ക് സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊം പ്രൊഫഷണലുകളെയും ഉള്‍ക്കൊള്ളിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ മണ്ഡലങ്ങള്‍ ഏതുവിധേനയും തിരിച്ചുപിടിക്കാനാണ് പാര്‍ട്ടിയുടെ ആലോചന. ഇതിന്റെ ഭാഗമായി കഴക്കൂട്ടത്ത് പാര്‍ട്ടി സഹയാത്രികന്‍ കൂടിയായ പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ എസ്എസ് ലാലിന്റെ പേരാണ് ഉയര്‍ന്നുവരുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മികച്ച നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച് ഡോക്ടര്‍ ശ്രദ്ധേയനായിരുന്നു.

മത്സരിക്കാന്‍ ഡോ എസ്എസ് ലാല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ക്കലയിലും ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നവരുന്നതിനാല്‍ മണ്ഡലം സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് പാര്‍ട്ടി കടന്നിട്ടില്ല. എന്നിരുന്നാലും, കഴക്കൂട്ടത്തുതന്നെയാവും ലാലിനെ കോണ്‍ഗ്രസ് പരിഗണിക്കുകയെന്നാണ് സൂചനകള്‍.

ത്രികോണ മത്സരം ശക്തമായ കഴക്കൂട്ടത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എംഎ വാഹിദ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു 7347 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മണ്ഡലം നേടിയത്. രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയുടെ വി മുരളീധരനും. കടകംപള്ളി തന്നെയാവും ഇത്തവണയും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മുരളീധരന്റെയും കെ സുരേന്ദ്രന്റെയും പേരുകളാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കെഎസ്‌യു നേതാവായി പേരെടുത്ത ലാല്‍ പിന്നീട് സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല. എസ്എഫ്‌ഐ കോട്ടയായിരുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ കെഎസ്‌യുവിന് നിര്‍ണായക വിജയം നേടിയെടുത്ത് ചെയര്‍മാനായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഔദ്യോഗിക ജീവിത്തിലേക്ക് തിരിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ സാംക്രമിക രോഗ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം.

ആശുപത്രിയില്‍ പുഴുവരിച്ച നിലയില്‍ രോഗിയെ കണ്ടെത്തിയ സംഭവമുണ്ടായ സമയത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എസ് ലാല്‍ രംഗത്തെത്തിയിരുന്നു. തുറന്ന സംവാദത്തിന് ആരോഗ്യ വകുപ്പിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

എസ്എസ് ലാലിന്റെ പേരിനൊപ്പം തന്നെ മറ്റ് മേഖലകളില്‍ നൈപുണ്യം തെളിയിച്ചവരെയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്നത്. സിവില്‍ സര്‍വ്വീസില്‍നിന്നും രാജിവെച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ പിഎസ് സരുണാണ് ഇത്തരത്തില്‍ സാധ്യതയുള്ള മറ്റൊരാള്‍. ഒറ്റപ്പാലത്താണ് സരുണിന്റെ പേര് പരിഗണനയിലുള്ളത്.

അഞ്ച് വര്‍ഷം മുമ്പ് സിവില്‍ സര്‍വ്വീസ് രാജിവെച്ചാണ് സരിന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സരിന്‍ അടക്കമുള്ളവരുടെ പേരുകള്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു. സരിന്‍ ഒറ്റപ്പാലം സ്വദേശി എന്നതുകൊണ്ടുതന്നെ മണ്ഡലത്തിലെ പ്രാദേശിക പിന്തുണ സരിനുണ്ടാവും എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

2011ല്‍ നിലവിലെ എംപി വികെ ശ്രീകണ്ഠനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. 9,000 വോട്ടുകള്‍ക്ക് മാത്രമാണ് ശ്രീകണ്ഠന്‍ അന്ന് പരാജയപ്പെട്ടത്. ഇത് സരിനെ ഇറക്കി തിരിച്ചുപിടിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സരിനെ ഇറക്കിയാല്‍ നഗരപ്രദേശങ്ങളില്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

Next Story