
കേരളത്തില്‍ യുഡിഎഫ് ജമാ അത്തെ ഇസ്ലാമിയുമായി തെരഞ്ഞെടുപ്പ് ധാരണയിലെത്തിയെന്ന വാര്‍ത്തകള്‍ രാഷ്ട്രീയ ആയുധമാക്കി ബിജെപി ദേശീയ നേതൃത്വം. മതേതര പാര്‍ട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ് തീവ്രവാദത്തെ പിന്തുണയ്ക്കുകയാണെന്ന ആരോപണവുമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി രംഗത്തെത്തി.
അവര്‍ പല ചോദ്യങ്ങളും ഞങ്ങളോട് ട്വീറ്റ് ചെയ്യുന്നുണ്ട്. പക്ഷെ ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും അത്തരത്തിലുള്ള മറ്റ് ഘടകങ്ങളുമായുള്ള അവരുടെ പദ്ധതികള്‍ വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം.
മുഖ്താര്‍ അബ്ബാസ് നഖ്വി
ഇത് രാഷ്ട്രീയമല്ല, രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തുടനീളം സമാന രീതിയിലുള്ള സഖ്യമുണ്ട്. തീവ്ര ആശയക്കാരെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസും തേജസ്വി യാദവിന്റെ ആര്‍ജെഡിയും മത്സരത്തിലാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി വക്താവ് ടോം വടക്കനോടൊപ്പം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു നഖ്വിയുടെ പ്രതികരണം.