‘എന്തിനൊക്കെയാണ് ഞങ്ങള്‍ മാപ്പ് പറയേണ്ടത്? പുല്‍വാമയില്‍ ഞങ്ങളുടെ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതിനോ’; ബിജെപിയ്ക്കുനേരെ മറുചോദ്യങ്ങളുമായി തരൂര്‍
എന്നാല്‍ ഇന്ത്യയെ തങ്ങള്‍ ആക്രമിച്ചുവെന്നല്ല പറഞ്ഞതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പാക്കിസ്ഥാന് മന്ത്രി ഫവാദ് ചൗധരി എന്‍ഡിടിവി ചാനലിനോട് പ്രതികരിച്ചു.

പുല്വാമആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ ചോദ്യംചെയ്ത പ്രതിപക്ഷം മാപ്പുപറയണമെന്ന ബിജെപി ആരോപണത്തിനുനേരെ മറുചോദ്യങ്ങളുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് എന്തിനൊക്കെയാണ് മാപ്പുപറയേണ്ടതെന്ന് ഇപ്പോഴും താന്‍ ആലോചിക്കുകയാണെന്നും എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടതെന്ന് വ്യക്തമാക്കണമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ‘ഞങ്ങളുടെ സൈനികര്‍ സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിച്ചതിനാണോ മാപ്പ് പറയേണ്ടത്? ഒരു ദേശീയ ദുരന്തത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിനുപകരം രാജ്യത്തിന്റെ പതാകക്കീഴില്‍ അണിചേര്ന്നതിനാണോ മാപ്പ് പറയേണ്ടത്? രക്തസാക്ഷികളുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേര്ന്നതിനോണോ മാപ്പ് പറയേണ്ടത്?’ ശശി തരൂര്‍ ട്വീറ്റിലൂടെ ചോദിച്ചു. പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് പാക്കിസ്ഥാന് മന്ത്രി തുറന്നുപറച്ചില്‍ നടത്തിയ പശ്ചാത്തലത്തില്‍ സംഭവത്തില്‍ ഗൂഢസിദ്ധാന്തം ചമച്ച കോണ്‍ഗ്രസുകാര്‍ മാപ്പ് പറയണമെന്ന ബിജെപി ആവശ്യത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.
ഭീകരാക്രമണത്തിനുപിന്നില്‍ തങ്ങളാണെന്ന് പാക്കിസ്ഥാന് മന്ത്രി സൂചിപ്പിച്ചതുചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാന് ആക്രമണം നടത്തിയെന്ന് അവര്‍ തന്നെ സമ്മതിക്കുമ്പോള്‍ മുന്‍പ് സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചന സിദ്ധാന്തമുണ്ടാക്കിയവര് രാജ്യത്തോട് മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. പുല്‍വാമ സംഭവം വിശദമായി അന്വേഷിക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പാക്കിസ്ഥാന് മന്ത്രിയുടെ വാക്കുകള്‍ ബിജെപി കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കിയത്. എന്നാല്‍ ഇന്ത്യയെ തങ്ങള്‍ ആക്രമിച്ചുവെന്നല്ല പറഞ്ഞതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പാക്കിസ്ഥാന് മന്ത്രി ഫവാദ് ചൗധരി എന്‍ഡിടിവി ചാനലിനോട് പ്രതികരിച്ചു.