Top

‘രാഹുല്‍ നയിച്ചാല്‍ പാര്‍ട്ടി മുന്നോട്ടുപോകില്ല’; അസം കോണ്‍ഗ്രസിലും പൊട്ടിത്തെറി; എംഎല്‍എ രാജിവെച്ചു

യുവനേതാക്കളെ പാര്‍ട്ടി അവഗണിച്ചതിനാലാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

18 Jun 2021 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രാഹുല്‍ നയിച്ചാല്‍ പാര്‍ട്ടി മുന്നോട്ടുപോകില്ല’; അസം കോണ്‍ഗ്രസിലും പൊട്ടിത്തെറി; എംഎല്‍എ രാജിവെച്ചു
X

അസമിലെ കോണ്‍ഗ്രസ് എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി പാര്‍ട്ടി വിട്ടു. നാല് തവണ എംഎല്‍എയായിരുന്ന ഇദ്ദേഹം ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. കേരളത്തിന് പുറമേ തുടര്‍ച്ചയായി രണ്ടാം തവണയും അസമില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം നേരിടേണ്ടി വന്നിരുന്നു. പരാജയം മൂലം കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് ഇപ്പോള്‍ രൂപ്‌ജ്യോതി പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത്. പാര്‍ട്ടി അംഗത്വത്തിന് പുറമേ അദ്ദേഹം നിയമസഭാംഗത്വവും രാജിവെച്ചിട്ടുണ്ട്. അസം നിയമസഭാ സ്പീക്കര്‍ ബിശ്വജിത്ത് ഡൈമറിക്കാണ് രൂപ്‌ജ്യോതി രാജിക്കത്ത് കൈമാറിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ രൂക്ഷവിമര്‍ശനമുന്നയിച്ചുകൊണ്ടായിരുന്നു രാജി.

രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ നയിക്കാന്‍ കരുത്തില്ലെന്നും രാഹുലാണ് നയിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിന് വളരാനാകില്ലെന്നും രൂപ്‌ജ്യോതി വിമര്‍ശിച്ചു. യുവനേതാക്കളെ പാര്‍ട്ടി അവഗണിച്ചതിനാലാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥിതി എല്ലാ സംസ്ഥാനത്തും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇനിയും തനിക്ക് ഊ പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നും രാജിക്ക് മുന്‍പ് രൂപ്‌ജ്യോതി വ്യക്തമാക്കി.

അഖിലേന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള കോണ്‍ഗ്രസ് സഖ്യത്തേയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് രൂപ്‌ജ്യോതി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. കോണ്‍ഗ്രസിന് ഇത്തവണ നല്ലൊരു അവസരം ലഭിക്കുമെന്നും ആ സമയത്ത് അഖിലേന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി സഖ്യമുണ്ടാക്കിയാല്‍ അത് വലിയ അബദ്ധമായിത്തീരുമെന്നും രാജിക്ക് പിന്നാലെ രൂപ്‌ജ്യോതി കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി. 126 അംഗ നിയമസഭയില്‍ 75 സീറ്റുകളും നേടിയാണ് അസമില്‍ എന്‍ഡിഎ അധികാരത്തിലെത്തിയത്. ബിജെപി ഒറ്റയ്ക്ക് 60 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് വെറും 29 സീറ്റുകളില്‍ ഒതുങ്ങുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.

Next Story