Top

തദ്ദേശതെരഞ്ഞെടുപ്പിലെ ദയനീയ പരാജയം; കൊല്ലത്ത് കൂട്ടരാജിക്കൊരുങ്ങി കോൺഗ്രസ്സ് പ്രവർത്തകർ

സീറ്റ് നിർണയത്തിൽ സാമ്പത്തിക ആരോപണം വരെ നേതാക്കൾ ഉന്നയിച്ചു.

25 Dec 2020 12:36 AM GMT

തദ്ദേശതെരഞ്ഞെടുപ്പിലെ ദയനീയ പരാജയം; കൊല്ലത്ത് കൂട്ടരാജിക്കൊരുങ്ങി കോൺഗ്രസ്സ് പ്രവർത്തകർ
X

കൊല്ലം: കൊല്ലം ജില്ലയിൽ കോൺഗ്രസ്സിനുള്ളിൽ ഗുരുതര പ്രതിസന്ധി. കൂട്ടരാജിക്കൊരുങ്ങി പ്രവർത്തകർ. തദ്ദേശതെരഞ്ഞെടുപ്പിൽ കൊല്ലത്തുണ്ടായ ദയനീയ പരാജയം വിലയിരുത്താൻ കെപിസിസി വിളിച്ച് ചേർത്ത യോഗത്തിലാണ് പൊട്ടിത്തെറി.

ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ജില്ലയിലെ ഭൂരിപക്ഷം കെപിസിസി ഭാരവാഹികളും രംഗത്ത് എത്തിയത്. സീറ്റ് നിർണയത്തിൽ സാമ്പത്തിക ആരോപണം വരെ നേതാക്കൾ ഉന്നയിച്ചു. എ ഗ്രൂപ്പ് കാരനായ കെപിസിസി ജനറൽ സെക്രട്ടറിയും എ ഗ്രൂപ്പിലെ തന്നെ ചില പിടിയാളുകളുമാണ് ജില്ലയിലെ കോൺഗ്രസിനെ നിയന്ത്രിക്കുന്നതെന്നും ആരോപണമുണ്ട്.

ഇടത്തട്ടിലെ നേതാക്കളുടെ അഭിപ്രായം ചോദിക്കാറില്ല. മണ്ഡലം പ്രസിഡന്റുമാര്‍ അടക്കമുള്ളവരോട് യാതൊരു ബന്ധവുമില്ല. താഴെത്തട്ടിലുള്ള നേതൃത്വത്തിനെ വിശ്വാസത്തിലെടുക്കാതെയാണ് ഇവരുടെ പ്രവര്‍ത്തനം എന്നൊക്കെയാണ് ആരോപണങ്ങൾ.

നിയമസഭാ സീറ്റ് മുന്നില്‍ കണ്ടു കൊണ്ട് പ്രവര്‍ത്തിക്കുന്ന രണ്ട് ജില്ലാനേതാക്കള്‍ സ്വന്തം വിജയം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും, സംഘടനയെ ശക്തിപ്പെടുത്തുന്നതിന് അവർ യാതൊന്നും ചെയ്യുന്നില്ലെന്നുമാണ് മറ്റൊരു പ്രധാന പരാതി.

ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെയും ശക്തമായ ആരോപണങ്ങളാണ് ജില്ലയിൽ ഉയർന്നിട്ടുള്ളത്. ഗ്രൂപ്പ് അതിപ്രസരം വിജയത്തെ ബാധിച്ചെന്നും ഇപ്പോഴത്തെ ജില്ലാ നേതൃത്വത്തെ വച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പരാജയമായിരിക്കും ഫലമെന്നും ജില്ലയിലെ കെപിസിസി ഭാരവാഹികള്‍, നിര്‍വാഹക സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതാക്കളോട് പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍, ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പഴകുളം മധു എന്നിവരാണ് നേതാക്കളോട് വെവ്വേറെ സംസാരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പിന്നാക്ക വിഭാഗങ്ങളെ അകറ്റി നിർത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളിൽ പ്രവർത്തകർ കൂട്ടരാജിക്ക് ഒരുങ്ങുകയാണെന്നും നേതാക്കൾ നേതൃത്വത്തെ അറിയിച്ചു. ഒരു വിഭാഗം ജില്ലാ ഭാരവാഹികൾ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായിട്ടെങ്കിലും ഡിസിസി-യുഡിഎഫ് നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്നാണ് ആവശ്യപ്പെടുന്നത്.

റിബലുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള ചില നേതാക്കൾ സ്വീകരിച്ചതെന്നും, ജില്ലാതല സമവായ കമ്മിറ്റിക്ക് പോലും ഇക്കാര്യത്തിൽ നീക്കുപോക്കുണ്ടാക്കാൻ ആയില്ല എന്നും പരാതി ഉയർന്നപ്പോൾ ജയസാധ്യത പരിഗണിക്കാതെയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്നും വാദമുണ്ട്.

ജില്ലയിലെ കെപിസിസി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, നിർവാഹക സമിതിയംഗങ്ങൾ എന്നിവരടക്കം 24 പേരാണ് പരാതികൾ ഉന്നയിച്ചത്. ജില്ലയിൽ നിന്നുള്ള നേതാക്കൾ യോഗം ചേരുമെന്നായിരുന്നു അറിയിപ്പെങ്കിലും പിന്നീട് എല്ലാവരെയും ഒറ്റയ്ക്കൊറ്റയ്ക്കു കാണാൻ കെപിസിസി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇത്തരമൊരു പരാതി കേൾക്കൽ പാർട്ടിയിൽ ആദ്യമാണ്.

ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളുടെയും ചുമതല നൽകിയിട്ടുള്ള കെപിസിസി സെക്രട്ടറിമാരുടെ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച ശേഷമായിരുന്നു പരാതികളിന്മേൽ കെപിസിസി നേതൃത്വത്തിന്റെ തീരുമാനം.

Next Story