ചാലക്കുടിയിലും കേരള കോണ്‍ഗ്രസ്; ‘പെരുമ്പാവൂരും ചങ്ങനശ്ശേരിയും കൂടി വേണം’
നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം- കേരള കോണ്‍ഗ്രസ് (എം) സീറ്റ് വിഭജനത്തില്‍ ഏകദേശ ധാരണയായി. ചാലക്കുടി സീറ്റ് ജോസ് വിഭാഗത്തിന് നല്‍കും. ഇന്ന് ചേര്‍ന്ന ഉഭയകഷി ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പെരുമ്പാവൂരും ചങ്ങനാശേരിയും തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് ജോസ് വിഭാഗം. നിലവില്‍ 12 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് (എം) ആവശ്യം ഉന്നയിച്ചത്. ഇതില്‍ പത്ത് സീറ്റുകളും മത്സരിക്കാന്‍ ജോസ് വിഭാഗത്തിന് അനുവാദം കിട്ടിയതായാണ് റിപ്പോര്‍ട്ട്. കോട്ടയം ജില്ലയില്‍ പാല, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍. ഇടുക്കി ജില്ലയിലെ […]

നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം- കേരള കോണ്‍ഗ്രസ് (എം) സീറ്റ് വിഭജനത്തില്‍ ഏകദേശ ധാരണയായി. ചാലക്കുടി സീറ്റ് ജോസ് വിഭാഗത്തിന് നല്‍കും. ഇന്ന് ചേര്‍ന്ന ഉഭയകഷി ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പെരുമ്പാവൂരും ചങ്ങനാശേരിയും തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് ജോസ് വിഭാഗം.
നിലവില്‍ 12 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് (എം) ആവശ്യം ഉന്നയിച്ചത്. ഇതില്‍ പത്ത് സീറ്റുകളും മത്സരിക്കാന്‍ ജോസ് വിഭാഗത്തിന് അനുവാദം കിട്ടിയതായാണ് റിപ്പോര്‍ട്ട്. കോട്ടയം ജില്ലയില്‍ പാല, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍. ഇടുക്കി ജില്ലയിലെ ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളിലും പത്തനംതിട്ടയില്‍ റാന്നി മണ്ഡലത്തിലും കണ്ണൂരില്‍ ഇരിക്കൂര്‍, കോഴിക്കോട് ജില്ലയില്‍ കുറ്റിയാടിയിലും തൃശ്ശൂരില്‍ ചാലക്കുടി എന്നിവിടങ്ങളിലുമാണ് നിലവില്‍ ധാരണയായത്. ഇനി പെരുമ്പാവൂര്‍, ചങ്ങനാശേരി സീറ്റുകള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ജോസ് വിഭാഗമുള്ളത്.
എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തിയറിയിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി സീറ്റ് നിഷേധിച്ചത് ഖേദകരമാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഡോ. കെ സി ജോസഫ് പറഞ്ഞു. ജോസ് കെ മാണിക്ക് ചങ്ങനാശ്ശേരി സീറ്റ് കൊടുക്കുന്നത് തെറ്റാണെന്നും എന്നാല്‍ ഇതിന്റെ പേരില്‍ ഇടതുമുന്നണി വിടില്ലെന്നുമായിരുന്നു കെ സി ജോസഫിന്റെ അവകാശവാദം. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയോഗം കോട്ടയത്ത് ചേര്‍ന്നതിന് ശേഷമായിരുന്നു ചെയര്‍മാന്റെ പ്രതികരണം.
കഴിഞ്ഞ തവണ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മത്സരിച്ചത് നാല് സീറ്റുകളിലാണ്. എന്നാല്‍ ഇത്തവണ തിരുവനന്തപുരം മാത്രമാണ് ഇടതുമുന്നണി നല്‍കിയത്. ഒരു സീറ്റ് കൂടി കൂടുതല്‍ നല്‍കണമെന്ന അഭ്യര്‍ഥന മുന്നണി സ്വീകരിച്ചില്ല. നീതിയല്ല ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പക്ഷെ എല്‍ഡിഎഫില്‍ തുടരും. പുതിയ പാര്‍ട്ടി മുന്നണിയില്‍ വന്ന സാഹചര്യത്തില്‍ ഇടുക്കി ഉള്‍പ്പെടെ രണ്ട് സീറ്റ് വിട്ടുനല്‍കാമെന്ന് ഞങ്ങള്‍ അറിയിച്ചതാണ്. ജോസ് വിഭാഗത്തിന് ചങ്ങനാശേരി ആവശ്യപ്പെടുന്നതിന് അര്‍ഹതയില്ല. അതേ സമയം സീറ്റ് വിഭജനം അടഞ്ഞ അധ്യായമായി ഇടതു മുന്നണി കാണരുതെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ഒരു സീറ്റ് കൂടി നല്‍കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തൊടുപുഴ സീറ്റ് കൂടെ ലഭിക്കുമെന്ന പ്രതീക്ഷയാണ് ജനാതിപത്യ കേരള കോണ്‍ഗ്രസിനുള്ളത്.
ചങ്ങനാശ്ശേരി മണ്ഡലം സംബന്ധിച്ച് എല്‍ഡിഎഫ് അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കുന്ന കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശ്ശേരി വേണമെന്ന് സിപിഐ ആവശ്യപ്പെടുന്നുണ്ട്.
തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാമെന്ന് എല്‍ഡിഎഫ് ചര്‍ച്ചയില്‍ സിപിഐഎം അറിയിച്ചു. ഒരു സീറ്റ് കൂടി നല്‍കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.