Top

‘സിപിഐഎമ്മിനോട് മൃദുസമീപനം’; മാന്നാറില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടരാജി

ആലപ്പുഴ: സിപിഐഎമ്മിനോട് മൃദുസമീപനം കാണിക്കുകയാണെന്നാരോപിച്ച് മാന്നാറില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടരാജി. ബ്ലോക്ക് സെക്രട്ടറിമാരായ സുജിത്ത് ശ്രീരംഗം, എം പി കല്യാണ കൃഷ്ണന്‍, അനില്‍ മാന്തറ, വല്‍സലാ ബാലകൃഷ്ണന്‍ എന്നിവര്‍ കോണ്‍ഗ്രസ് ഭാരവാഹിത്വം ഒഴിഞ്ഞു. സുജിത്ത് ശ്രീരംഗം മാന്നാര്‍ പഞ്ചായത്ത് മെമ്പറും എംപി കല്യാണ കൃഷ്ണന്‍ മുന്‍ മെമ്പറും വല്‍സലാ ബാലകൃഷ്ണന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ്. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തനങ്ങളുണ്ടായെന്ന് രാജി വെച്ചവര്‍ പ്രതികരിച്ചു. പ്രാദേശിക തലങ്ങളില്‍ സിപിഐഎമ്മിനെ സഹായിക്കുകയും മാന്നാര്‍ പഞ്ചായത്ത് […]

2 Jan 2021 9:43 AM GMT

‘സിപിഐഎമ്മിനോട് മൃദുസമീപനം’; മാന്നാറില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടരാജി
X

ആലപ്പുഴ: സിപിഐഎമ്മിനോട് മൃദുസമീപനം കാണിക്കുകയാണെന്നാരോപിച്ച് മാന്നാറില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടരാജി. ബ്ലോക്ക് സെക്രട്ടറിമാരായ സുജിത്ത് ശ്രീരംഗം, എം പി കല്യാണ കൃഷ്ണന്‍, അനില്‍ മാന്തറ, വല്‍സലാ ബാലകൃഷ്ണന്‍ എന്നിവര്‍ കോണ്‍ഗ്രസ് ഭാരവാഹിത്വം ഒഴിഞ്ഞു. സുജിത്ത് ശ്രീരംഗം മാന്നാര്‍ പഞ്ചായത്ത് മെമ്പറും എംപി കല്യാണ കൃഷ്ണന്‍ മുന്‍ മെമ്പറും വല്‍സലാ ബാലകൃഷ്ണന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ്. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തനങ്ങളുണ്ടായെന്ന് രാജി വെച്ചവര്‍ പ്രതികരിച്ചു.

പ്രാദേശിക തലങ്ങളില്‍ സിപിഐഎമ്മിനെ സഹായിക്കുകയും മാന്നാര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടത്തിലൂടെ ഭരണം അട്ടിമറിച്ച സിപിഐഎമ്മിനോട് മൃദുസമീപനം പുലര്‍ത്തിയതിലും പ്രതിഷേധിച്ചാണ് രാജി.

രാജി വെച്ചവര്‍

ചെന്നിത്തല പഞ്ചായത്തില്‍ ഉപാധികള്‍ ഇല്ലാതെ സിപിഐഎമ്മിന് ഭരണം ലഭിക്കുന്നതിന് സഹായകരമായ നിലപാടാണ് സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജുവിന് നല്‍കിയ രാജിക്കത്തില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണം നിലനിര്‍ത്തണം എന്നാഗ്രഹിച്ച ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധത്തെ മാനിച്ചാണ് രാജിവെയ്ക്കുന്നത്. നേതൃസ്ഥാനങ്ങള്‍ രാജിവെച്ചെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും രാജിവെച്ചവര്‍ കത്തില്‍ പറയുന്നു.

മാന്നാറില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ടില്‍ സിപിഐഎം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കിയിരുന്നു. 18 സീറ്റുകളുള്ള പഞ്ചായത്തില്‍ യുഡിഎഫിന് ഒമ്പത് അംഗങ്ങളും എല്‍ഡിഎഫിന് എട്ട് മെമ്പര്‍മാരും ബിജെപിയ്ക്ക് ഒരു പ്രതിനിധിയുമാണുണ്ടായിരുന്നത്. ഒമ്പത് മെമ്പര്‍മാരുള്ളതിനാല്‍ ഭരണം നിലനിര്‍ത്താനാകുമെന്ന വിശ്വാസത്തിലായിരുന്നു യുഡിഎഫ്. അദ്ധ്യക്ഷ സ്ഥാനം വീതം വെയ്ക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ചേരി തിരിഞ്ഞ് തര്‍ക്കം വരെയുണ്ടായി. എസ് സി വനിതാ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. 10-ാം വാര്‍ഡ് മെമ്പര്‍ രാധാമണി ശശീന്ദ്രന് ആദ്യത്തെ മൂന്ന് വര്‍ഷവും ടൗണ്‍ വെസ്റ്റ് 18ലെ കെ സി പുഷ്പലതയ്ക്ക് രണ്ട് വര്‍ഷവും നല്‍കാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചു. എന്നാല്‍ തനിക്ക് രണ്ടര വര്‍ഷം തന്നെ വേണമെന്ന് പുഷ്പലത നിലപാടെടുത്തോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ ഇരുവര്‍ക്കും തുല്യമായി വീതിച്ച് നല്‍കാമെന്ന ധാരണയിലെത്തി.

എന്നാല്‍ സിപിഐഎമ്മിന്റെ ടി വി രത്‌നകുമാരി ഒമ്പത് വോട്ടുകള്‍ നേടി പ്രസിഡന്റായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കുട്ടമ്പേരൂര്‍ 11-ാം വാര്‍ഡില്‍ നിന്ന് ജയിച്ച സുനില്‍ ശ്രദ്ധേയത്തിന്റെ വോട്ട് നേടിയാണ് എല്‍ഡിഎഫ് അദ്ധ്യക്ഷ സ്ഥാനത്തെത്തിയത്. ബിജെപി അഗം എസ് ശാന്തിനി വോട്ട് അസാധുവാക്കി.

മാന്നാര്‍ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹരി കുട്ടമ്പേരൂരും നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചെന്നിത്തല പഞ്ചായത്തില്‍ സിപിഐഎമ്മിന് കോണ്‍ഗ്രസ് നല്‍കിയ പിന്തുണ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹരി രംഗത്തെത്തിയിരുന്നു.

Next Story