
കോട്ടയം കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ പി ജെ ജോസഫിനെതിരെ രൂക്ഷവിമര്‍ശനം. കോണ്‍ഗ്രസ്സ് – ജോസഫ് ഗ്രൂപ്പ് ഉഭയ കക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായി നടന്ന ജില്ലാ കോണ്‍ഗ്രസ്സ് നേതൃ യോഗങ്ങളിലാണ് ഘടകകക്ഷി നേതാവിനെതിരെ രൂക്ഷ പ്രതികരണങ്ങളുണ്ടായത്. നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന് മുന്നറിയിപ്പ് എന്ന തരത്തില്‍ പി ജെ ജോസഫ് തിടുക്കത്തില്‍ നടത്തിയ പ്രസ്താവന ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പി ജെ ജോസഫ് നിയമസഭാ സീറ്റിന് മേല്‍ നടത്തുന്ന അവകാശവാദങ്ങള്‍ ശരിയല്ല. അത് മുന്നണി മര്യാദയുടെ ലംഘനം കൂടിയാണ്. കേരള കോണ്‍ഗ്രസ്സ് എം കോട്ടയത്ത് കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പില്‍ മത്സരിച്ച ആറ് സീറ്റ് മുഴുവനായും ജോസഫിന് ഇത്തവണ അനുവദിക്കരുത്.
കോണ്‍ഗ്രസ് നേതാക്കള്‍
ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ രണ്ട് കൂടിക്കാഴ്ച്ചകളിലും ഘടകകക്ഷി നേതാവിനെതിരായ പൊതുവികാരമാണ് ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെസി ജോസഫ്, ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത യോഗമായിരുന്നു ആദ്യം. ഉച്ചയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഡിസിസി ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റുമാരുടേയും യോഗം നടന്നു.