Top

രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിന് പിന്നാലെ പുതുച്ചേരി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; 13 അംഗങ്ങള്‍ പാര്‍ട്ടിവിട്ടു, മന്ത്രിസഭയിലെ രണ്ടാമനടക്കം ബിജെപിയിലേക്ക്

പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പുതുച്ചേരി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുള്‍പ്പെടെ 13 നേതാക്കള്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം മുന്‍ പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ നമശിവായം പാര്‍ട്ടിയില്‍നിന്നും രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചിരുന്നു. തുടര്‍ന്ന് രാജിവെച്ച 13 പേരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നമശിവായത്തിന്റെ പ്രധാന അനുഭാവികളിലൊരാളായ ഔസുഡു എംഎല്‍എ ഇ തീപ്പെയ്ന്തനും രാജിവെച്ചു. നമശിവായത്തിനൊപ്പം തീപ്പെയ്ന്തനും ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ രണ്ടാമനായിരുന്നു നമശിവായം. ഇരുവരെയും ബിജെപി ദേശീയാധ്യക്ഷന്‍ […]

28 Jan 2021 7:27 AM GMT

രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിന് പിന്നാലെ പുതുച്ചേരി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; 13 അംഗങ്ങള്‍ പാര്‍ട്ടിവിട്ടു, മന്ത്രിസഭയിലെ രണ്ടാമനടക്കം ബിജെപിയിലേക്ക്
X

പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പുതുച്ചേരി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുള്‍പ്പെടെ 13 നേതാക്കള്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം മുന്‍ പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ നമശിവായം പാര്‍ട്ടിയില്‍നിന്നും രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചിരുന്നു. തുടര്‍ന്ന് രാജിവെച്ച 13 പേരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നമശിവായത്തിന്റെ പ്രധാന അനുഭാവികളിലൊരാളായ ഔസുഡു എംഎല്‍എ ഇ തീപ്പെയ്ന്തനും രാജിവെച്ചു. നമശിവായത്തിനൊപ്പം തീപ്പെയ്ന്തനും ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ രണ്ടാമനായിരുന്നു നമശിവായം.

ഇരുവരെയും ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നെന്നും ഒടുവില്‍ പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിക്കുകയുമായിരുന്നെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇതിന് പിന്നാലെ രാജിവെച്ചവരും ബിജെപി പാളയത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ‘ഞങ്ങളുടെ നേതാവിനെ ബിജെപി ദേശീയാധ്യക്ഷന്‍ ഡല്‍ഹിയിലേക്ക് വിളിച്ചു. അദ്ദേഹവും അനുയായികളും ബിജെപിയില്‍ ചേരും. കുറച്ചുകൂടി എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. എംഎല്‍എമാര്‍ ബിജെപി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. തീരുമാനം പിന്നീട് പ്രഖ്യാപിക്കും’, മുന്‍ കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് 13 പേരെയും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, കോണ്‍ഗ്രസ് യുവജന വിഭാഗം അധ്യക്ഷന്‍, എഐസിസി സോഷ്യല്‍ മീഡിയ ചുമതലയുള്ള ഡി കാമരാജ് എന്നിവരെയുള്‍പ്പെടെയാണ് പുറത്താക്കിയത്.

മുഖ്യമന്ത്രി നാരായണ സ്വാമിയുമായുള്ള അഭിപ്രായ ഭിന്നതയാണ് നേതാക്കളുടെ രാജിയിലേക്കും പാര്‍ട്ടിയിലെ പൊട്ടിത്തെറികളിലേക്കും നയിച്ചിരിക്കുന്നതെന്നാണ് വിവരം. പുതുച്ചേരിയിലെ കോണ്‍ഗ്രസ് നേതൃത്വം നിര്‍ജ്ജീവമാണെന്നും ഹൈക്കമാന്‍ഡ് പുതുച്ചേരിയുടെ കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണ് എന്നും വിമത നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ സ്ഥാനമോഹികളാണ് കൂറുമാറുന്നതെന്നാണ് നാരായണ സ്വാമിയുടെ പ്രതികറണം.

നമശ്ശിവായത്തിന്റെ രാജി കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായേക്കും. പുതുച്ചേരിയില്‍ അധികാരത്തുടര്‍ച്ചയുണ്ടാവുക എന്ന കോണ്‍ഗ്രസ് അജണ്ടയ്ക്കാണ് ഇത് വിലങ്ങുതടിയാവുന്നത്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതുച്ചേരിയിലെ തിരിച്ചടി. 32 അംഗ നിയമസഭയില്‍ 16 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോള്‍
കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളത്.

Next Story