‘50,000 രൂപയുടെ പശു എനിക്കുമുണ്ട്, അറക്കാന്‍ പറ്റില്ലെങ്കില്‍ സര്‍ക്കാര്‍ വളര്‍ത്തിക്കോ’; മുസ്ലിങ്ങള്‍ ഗോമാംസം കഴിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ്, വാര്‍ത്ത വ്യാജം
ബെംഗളൂരു: മുസ്ലിം സമൂഹം ഗോമാംസം ഒഴിവാക്കണമെന്ന തരത്തില്‍ താന്‍ പറഞ്ഞെന്ന വാര്‍ത്ത വ്യാജമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സിഎം ഇബ്രാഹിം. കര്‍ണാടകയില്‍ പാസാക്കിയ ഗോവധ നിരോധന നിയമത്തെ സിഎം ഇബ്രാഹിം സ്വാഗതം ചെയ്തെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. എന്നാല്‍ താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞ കാര്യത്തില്‍ വ്യക്തത വരുത്തി വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ‘വാര്‍ത്ത കേട്ട് ആശ്ചര്യമാണുണ്ടായത്. കാരണം, ഗോവധം നിരോധിച്ചുകൊണ്ടുള്ള ബില്ല് ബിജെപി സര്‍ക്കാര്‍ കൗണ്‍സിലില്‍ കൊണ്ടുവന്നപ്പോള്‍ അത് എതിര്‍ക്കാനുള്ള […]

ബെംഗളൂരു: മുസ്ലിം സമൂഹം ഗോമാംസം ഒഴിവാക്കണമെന്ന തരത്തില്‍ താന്‍ പറഞ്ഞെന്ന വാര്‍ത്ത വ്യാജമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സിഎം ഇബ്രാഹിം. കര്‍ണാടകയില്‍ പാസാക്കിയ ഗോവധ നിരോധന നിയമത്തെ സിഎം ഇബ്രാഹിം സ്വാഗതം ചെയ്തെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. എന്നാല്‍ താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞ കാര്യത്തില്‍ വ്യക്തത വരുത്തി വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
‘വാര്‍ത്ത കേട്ട് ആശ്ചര്യമാണുണ്ടായത്. കാരണം, ഗോവധം നിരോധിച്ചുകൊണ്ടുള്ള ബില്ല് ബിജെപി സര്‍ക്കാര്‍ കൗണ്‍സിലില്‍ കൊണ്ടുവന്നപ്പോള്‍ അത് എതിര്‍ക്കാനുള്ള അംഗസംഖ്യ കോണ്‍ഗ്രസിനില്ലായിരുന്നു. ബിജെപിക്കായിരുന്നു ഭൂരിപക്ഷം. തുടര്‍ന്ന് കോണ്‍ഗ്രസ് ദേവഗൗഡയെ കണ്ട് ജനതാദളും ചേര്‍ന്നാണ് ബില്ലിനെ എതിര്‍ത്തതുമൂലം ബിജെപിയുടെ ബില്ല് പാസായില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നാണ് പറയുന്നത്. ആ അവസരത്തില്‍ കോടതിയില്‍ പോയി വേണ്ടത് ചെയ്യും. പക്ഷേ, സര്‍ക്കാരിനോട് ഞാന്‍ അന്നും ഇന്നും ചോദിക്കുന്ന കാര്യം, പശുവിനെ അറക്കാന്‍ പാടില്ലെന്നാണ് ഇന്ന് നിങ്ങള്‍ പറയുന്നത്. അത് ഞാന്‍ കേള്‍ക്കുന്നു. എന്റെ പക്കല്‍ 50,000 രൂപയുടെ ഒരു പശുവുണ്ട്. അതില്‍നിന്നും വരുമാനം എനിക്കുണ്ട്. നാലഞ്ച് വര്‍ഷം കഴിഞ്ഞ് ആ പശു പാല് നിര്‍ത്തിയാല്‍ ഈ പശുവിനെ ഞാന്‍ എന്താണ് ചെയ്യേണ്ടത്? വില്‍ക്കണം. വാങ്ങുന്നവര്‍ എന്തിനാണ് മേടുക്കുന്നത്? അവര്‍ വളര്ത്താനല്ലല്ലോ അറക്കാനല്ലേ വാങ്ങുക? അപ്പോള്‍ സര്‍ക്കാര്‍ അതിനെക്കുറിച്ച് എന്ത് പറയും? അന്ന് 50000 രൂപയുടെ എന്റെ പശുവിന് 25000 രൂപയായിരിക്കും വില. 25000 രൂപയ്ക്ക് ആ പശുവിനെ വാങ്ങിയിട്ട് സര്‍ക്കാര്‍ വളര്‍ത്തിക്കോ’, അദ്ദേഹം വിശദീകരണ വീഡിയോയില്‍ പറഞ്ഞു.
‘ഒരു മാസം 20 ലക്ഷം പശുക്കള്‍ കര്‍ണാടകത്തില്‍നിന്നും പുറത്തു വരുന്നുണ്ട്. ആ പശു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അതിനെ ആരാണ് വളര്‍ത്തുക? ജേഴ്സി പശുവിന്റെ ആണ്‍കുട്ടികളെ വളര്‍ത്തി കൃഷിക്കുപയോഗിക്കാന്‍ കഴിയില്ല. അതിനെ അറക്കാനേ പറ്റൂ. എരുമയേയും ആടിനേയും അറക്കാം. ഈ പാല് തരുന്ന പശുവിനെ അറക്കാന്‍ പറ്റില്ലെന്ന് നിങ്ങള്‍ പറഞ്ഞാല്‍, കര്‍ഷകനായ എന്റെ പശുവിനെ നിങ്ങള്‍ വാങ്ങിക്കഴിഞ്ഞാല്‍ എനിക്ക് വേറെ പശുവിനെ വാങ്ങാം. ആ പാലുവിറ്റ് ഞാന്‍ ജീവിക്കാം. ഇതാണ് പത്രസമ്മേളനത്തില്‍ ഞാന്‍ പറഞ്ഞത്. പക്ഷേ, അതിനെ നേരെ തിരിച്ച് കേട്ടു. ഞാന്‍ എന്താണെന്ന് കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് അറിയാം’, സിഎം ഇബ്രാഹിം വ്യക്തമാക്കി.
ഈ ബില്ലിനെ എതിര്‍ക്കാന്‍ സഹായിച്ച ദേവഗൗഡയ്ക്കും പാര്‍ട്ടിക്കും ചില സ്വതന്ത്രര്‍ക്കും ഞാന്‍ നന്ദിപറഞ്ഞിരുന്നു. നിയമപരമായി ഈ ബില്ല് കൊണ്ടുവരാന്‍ ബിജെപിക്ക് കര്‍ണാടക കൗണ്‍സിലില്‍ സാധിക്കില്ലെന്ന് ഇന്നും പറയുന്നു. ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് നീക്കമെങ്കില്‍ അതിനെ കോടതിയില്‍ നേരിടും. നിയമം വന്നാല്‍ പോരാടാന്‍ കൃഷിക്കാരടങ്ങുന്ന കോടിക്കണക്കിന് ജനങ്ങളെത്തും. ഞാന്‍ പറഞ്ഞ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നുണ്ടായിരുന്നു. തെറ്റായ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.