‘കോണ്‍ഗ്രസ് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ ചെയ്യും’; ഗുലാം നബി ആസാദിന്റെ രാജ്യസഭാ പ്രവേശനത്തില്‍ അത്തേവാലെ
രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് പരിഗണിച്ചില്ലെങ്കില്‍ തങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. ജമ്മുകശ്മീരില്‍ നിന്നുള്ള എംപിയായ ഗുലാം നബി ആസാദിന്റെ രാജ്യസഭ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അത്തേവേലെയുടെ പ്രതികരണം. ‘നിങ്ങള്‍ പാര്‍ലമെന്റിലേക്ക് തിരിച്ചുവരണം. കോണ്‍ഗ്രസ് നിങ്ങളെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിച്ചില്ലെങ്കില്‍ അത് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. പാര്‍ലമെന്റിന് നിങ്ങളെ ആവശ്യമുണ്ട്.’ അത്തേവാലെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വികാരദീനനായാണ് ആസാദിന് യാത്രയയപ്പ് നല്‍കിയത്. സംസാരിക്കുന്നതിനിടെ കണ്ണുകള്‍ നിറഞ്ഞതോടെ […]

രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് പരിഗണിച്ചില്ലെങ്കില്‍ തങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. ജമ്മുകശ്മീരില്‍ നിന്നുള്ള എംപിയായ ഗുലാം നബി ആസാദിന്റെ രാജ്യസഭ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അത്തേവേലെയുടെ പ്രതികരണം.
‘നിങ്ങള്‍ പാര്‍ലമെന്റിലേക്ക് തിരിച്ചുവരണം. കോണ്‍ഗ്രസ് നിങ്ങളെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിച്ചില്ലെങ്കില്‍ അത് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. പാര്‍ലമെന്റിന് നിങ്ങളെ ആവശ്യമുണ്ട്.’ അത്തേവാലെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും വികാരദീനനായാണ് ആസാദിന് യാത്രയയപ്പ് നല്‍കിയത്. സംസാരിക്കുന്നതിനിടെ കണ്ണുകള്‍ നിറഞ്ഞതോടെ മോദി കുറച്ച് സമയത്തെ മൗനത്തിന് ശേഷമാണ് വീണ്ടും സംസാരിച്ചത്. പാര്‍ലമെന്റില്‍ ഗുലാം നബി ആസാദും മോദിയും തൊട്ടടുത്ത സീറ്റുകളിലാണ് ഇരിക്കുന്നത്. ഇരുവരും ഗുജറാത്തിലേയും ജമ്മുകശ്മീരിലേയും മുഖ്യമന്ത്രിമാര്‍ ആയിരിക്കുമ്പോഴുണ്ടായ ഒരു സംഭവം പങ്കുവെക്കുമ്പോഴാണ് മോദിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്.
‘തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ കുടുങ്ങിയ ഗുജറാത്തിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ഗുലാം നബി ആസാദും പ്രണബ് മുഖര്‍ജിയും എടുത്ത പ്രയത്നം ഒരിക്കലും മറക്കില്ല. അന്ന് രാത്രി ഗുലാം നബി ജി എന്നെ വിളിച്ചു….’ എന്നായിരുന്നു മോദി പറഞ്ഞത്.
‘അധികാരം വരികയും പോവുകയും ചെയ്യും. എന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം…’ തുടര്‍ന്ന് മോദി ഗുലാം നബി ആസാദിനെ സല്യൂട്ട് ചെയ്യുകയുമുണ്ടായി.
അതേസമയം ആസാദിനെ കേരളത്തില്‍നിന്ന് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്കാണ് ഗുലാം നബി ആസാദിനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. ആസാദിന്റെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതോടെ നിയമസഭ ഇല്ലാതായി. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ജമ്മുകശ്മീരില്‍നിന്നും രാജ്യസഭയിലേക്ക് പ്രതിനിധി ഉണ്ടാവില്ല. നാല് എംപിമാരുടെ കാലാവധിയാണ് ഇതോടെ അവസാനിക്കുന്നത്.
കേരളത്തില്‍ ഏപ്രിലില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗുലാം നബി ആസാദിനെ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ഏപ്രിലോടെ കേരളത്തില്‍നിന്നും മൂന്ന് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. ഇതില്‍ ഒന്നില്‍ കോണ്‍ഗ്രസിനെ മത്സരിപ്പിക്കാനാവുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷിക്കുന്നത്. ആസാദിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. വയലാര്‍ രവിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് ആസാദിനെ പരിഗണിക്കുന്നത്.