Top

കണ്ണൂരില്‍ വ്യാജപ്രൊഫൈലിലൂടെ കോണ്‍ഗ്രസ് നേതാവിനെതിരെ അപവാദപ്രചാരണം; പിന്നില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് തന്നെയെന്ന് കണ്ടെത്തി സൈബര്‍ സെല്‍

കരുവാഞ്ചലിലുള്ള ഇദ്ദേഹത്തിന്റെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ലാന്‍ഡ് ലൈന്‍ വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് വ്യാജപ്രൊഫൈല്‍ നിര്‍മ്മിച്ചതെന്നാണ് സൈബര്‍ സെല്ലിന്റെ കണ്ടെത്തല്‍.

21 April 2021 11:39 PM GMT

കണ്ണൂരില്‍ വ്യാജപ്രൊഫൈലിലൂടെ കോണ്‍ഗ്രസ് നേതാവിനെതിരെ അപവാദപ്രചാരണം; പിന്നില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് തന്നെയെന്ന് കണ്ടെത്തി സൈബര്‍ സെല്‍
X

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ വ്യാജപ്രൊഫൈലിലൂടെ അപവാദപ്രചാരണം നടത്തിയത് മറ്റൊരു കോണ്‍ഗ്രസ് നേതാവ് തന്നെയെന്ന കണ്ടെത്തലുമായി സൈബര്‍ സെല്‍. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സൈബര്‍ സെല്ലിന്റെ വലയില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് തന്നെ കുടുങ്ങിയത്. നിയമസഭാ തെരഞ്ഞടുപ്പിനായുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ സമയത്ത് ജോണ്‍ ജോസഫ് എന്ന ഒരു വ്യാജ പ്രൊഫൈലിലൂടെ അപവാദപ്രചരണം നടത്തി എന്നായിരുന്നു പരാതി. വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചതും പോസ്റ്റുകള്‍ ഇടുന്നതും യുഡിഎഫിന്റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പിടി മാത്യുവാണെന്ന് സൈബര്‍ സെല്‍ കണ്ടെത്തുകയായിരുന്നു.

കരുവാഞ്ചലിലുള്ള ഇദ്ദേഹത്തിന്റെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ലാന്‍ഡ് ലൈന്‍ വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് വ്യാജപ്രൊഫൈല്‍ നിര്‍മ്മിച്ചതെന്നാണ് സൈബര്‍ സെല്ലിന്റെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് സൈബര്‍ സെല്‍ ആലക്കോട് പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത് പ്രകാരം മാത്യുവിനെ ആലക്കോട് ഇന്‍സ്‌പെക്ടര്‍ കെ വിനോദന്‍ ചോദ്യം ചെയ്തു. സോണി സെബാസ്റ്റിയന്റെ കൂടി മൊഴിയെടുത്തശേഷം മാത്യുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആലക്കോട് പൊലീസ് അറിയിച്ചു.

ആലക്കോട് റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റായിരുന്ന കാലയളവില്‍ സോണി നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇതിനായി വ്യാജ രേഖകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് വ്യാജ ഐഡിവഴി ഉന്നയിക്കപ്പെട്ടിരുന്നത്. പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

അഴിമതി വീരനായ സോണി സെബാസ്റ്റിയന്‍ നമ്മുടെ സാരഥിയായി വരണോ എന്ന് ചോദിച്ചുകൊണ്ട് വ്യാജപ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരേയും ടാഗ് ചെയ്തിരുന്നു. സോണി പരാതിപ്പെട്ടിതെനത്തുടര്‍ന്ന് ബുധനാഴ്ച്ച അപവാദപ്രചരണത്തിനുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.

Next Story