ഇടഞ്ഞവരെ അനുനയിപ്പിക്കല്‍; ഹൈക്കമാന്‍ഡിന് മുന്നില്‍ ചെന്നിത്തലയുടെ പരിഭവം, സച്ചിന്റെ കലഹം,അമരീന്ദര്‍-സിദ്ദു പോസ്റ്റര്‍ യുദ്ധം
മഹാരാഷ്ട്ര കോണ്‍ഗ്രസിലും കാര്യങ്ങള്‍ തീരെ സുഖകരമല്ല. മുംബൈ റീജണല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭായ് ജഗ്തപ് തന്നെ തന്റെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഹൈക്കമാന്‍ഡ് ഇടപെടല്‍ നടത്തണമെന്നും സീഷണ്‍ സിദ്ധിഖ് എംഎല്‍എ ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കുഴയുന്നത്.
18 Jun 2021 12:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിജെപിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ചേര്‍ന്ന് വിശാലപ്രതിപക്ഷസഖ്യമുണ്ടാക്കിയേക്കുമെന്ന സൂചനകള്‍ കൂടി പുറത്തുവരുന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിയെ സംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ അതീവ ഗൗരവത്തോടെ ചര്‍ച്ചകള്‍ നടത്തിവരുന്ന സമയമാണിത്. അതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്ന സ്വന്തം നേതാക്കളെ അനുനയിപ്പിച്ച് ഒരുമിച്ച് നിര്‍ത്തുക എന്നത് ഹൈക്കമാന്‍ഡിന് മുന്നിലുള്ള വലിയൊരു ദൗത്യമാണ്. രാഷ്ട്രീയ പ്രതിസന്ധിയുടെ വക്കോളമെത്തിയ രാജസ്ഥാനിലെ പ്രശ്നങ്ങള്‍ മുതല്‍ പ്രതിപക്ഷ നേതൃസ്ഥാനം, കെപിസിസി അധ്യക്ഷ സ്ഥാനം മുതലായ തെരഞ്ഞെടുപ്പുകളില്‍ തങ്ങളെ കേട്ടില്ല എന്ന കേരളത്തിലെ നേതാക്കളുടെ പരിഭവം വരെ ഹൈക്കമാന്‍ഡിന് പരിഹരിക്കേണ്ടതായുണ്ട്.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവ നേതാവ് സച്ചിന് പൈലറ്റും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതാണ് ഹൈക്കമാന്‍ഡ് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ടി വരുന്ന വലിയ പ്രശ്നം.ക്യാബിനറ്റ് വിപുലീകരണം, സച്ചിന് പക്ഷത്തുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്യാബിനറ്റ് മെച്ചപ്പെടുത്തല്‍ മുതലായ ആവശ്യങ്ങളാണ് സച്ചിന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുന്നത്. ഇത്തരം നിര്‍ദ്ദേശങ്ങളോട് ഗെഹ്ലോട്ട് പുറംതിരിഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് ഉടനടി ഇടപെടണമെന്നാണ് സച്ചിന് പൈലറ്റിന്റെ ആവശ്യം. സച്ചിനേയും കൂട്ടരേയും സംബന്ധിച്ച് നിലവില്‍ ബിജെപി ഒരു ഓപ്ഷന് അല്ലെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ സച്ചിന് പൈലറ്റിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹാരാഷ്ട്ര കോണ്‍ഗ്രസിലും കാര്യങ്ങള്‍ തീരെ സുഖകരമല്ല. മുംബൈ റീജണല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭായ് ജഗ്തപ് തന്നെ തന്റെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഹൈക്കമാന്‍ഡ് ഇടപെടല്‍ നടത്തണമെന്നും സീഷണ്‍ സിദ്ധിഖ് എംഎല്‍എ ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കുഴയുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ബന്ദ്ര എംഎല്‍എ സിദ്ധിഖ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും പ്രമുഖ നേതാവായ നവജ്യോത് സിംഗ് സിദ്ദുവും തമ്മില്‍ നടന്നുവരുന്ന പോസ്റ്റര്‍ യുദ്ധം വാര്‍ത്തകളില്‍ നിറഞ്ഞതോടെ ഇരുവരോടും ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ പഞ്ചാബിലെ നിലവിലെ സ്ഥിതിഗതികള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന പാര്‍ട്ടിയിലെ കരുത്തന് ആരെന്ന് കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് സര്‍വ്വേ നടത്താനും ഹൈക്കമാന്‍ഡ് നീക്കം നടത്തിവരികയാണ്.
കോണ്‍ഗ്രസ് പുനഃസംഘടനാ നടപടികള്‍ പുരോഗമിക്കവെ ഡല്‍ഹിയില്‍ എത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാഹുല്‍ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തും. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ഇന്നലെ രാത്രിയാണ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയത്. ഇന്ന് 11.30 നാണ് രമേശ് രാഹുല്‍ ഗാന്ധിയെ കാണുക. പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡണ്ടിനേയും ഉള്‍പ്പെടെ ഹൈക്കമാന്‍ഡിന്റെ ഏകപക്ഷീയമായ നടപടിയില്‍ രമേശ് ചെന്നിത്തല നേതൃത്വത്തെ അതൃപ്തി അറിയിക്കും.പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതിരുന്ന രമേശ് ചെന്നിത്തലക്ക് ഉചിതമായ മറ്റൊരു പദവി നല്‍കിയേക്കും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കുന്നതുള്‍പ്പെടെയുള്ള ആലോചനങ്ങള്‍ നടക്കുന്നുവെന്നാണ് സൂചന.