കെ. സുധാകരന് നേതൃസ്ഥാനത്ത് എത്താതിരിക്കാന്‍ ഐ,എ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം
തിരുവനന്തപുരം: കെ. സുധാകരന് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് എത്താതിരിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ രഹസ്യ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. രമേശ് ചെന്നിത്തല ഇന്നലെ രാത്രി പോസ്റ്റ് ചെയ്ത കുറിപ്പ് കെ. സുധാകരനെതിരെയുള്ള ഒളിയമ്പാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ മുല്ലപ്പള്ളി-ചെന്നിത്തല-ഉമ്മന്‍ ചാണ്ടി എന്നിവരുടെ ഇടപെടലിനോട് മുഖംതിരിച്ച നേതാക്കളില്‍ പ്രധാനിയാണ് സുധാകരനെന്നാണ് സൂചന. ചെന്നിത്തലയെ പ്രതിപക്ഷത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടവരില്‍ കെ. സുധാകരനുമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം കെ. സുധാകരന് പ്രതിപക്ഷ നേതാവ് […]
27 May 2021 5:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കെ. സുധാകരന് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് എത്താതിരിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ രഹസ്യ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. രമേശ് ചെന്നിത്തല ഇന്നലെ രാത്രി പോസ്റ്റ് ചെയ്ത കുറിപ്പ് കെ. സുധാകരനെതിരെയുള്ള ഒളിയമ്പാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ മുല്ലപ്പള്ളി-ചെന്നിത്തല-ഉമ്മന്‍ ചാണ്ടി എന്നിവരുടെ ഇടപെടലിനോട് മുഖംതിരിച്ച നേതാക്കളില്‍ പ്രധാനിയാണ് സുധാകരനെന്നാണ് സൂചന. ചെന്നിത്തലയെ പ്രതിപക്ഷത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടവരില്‍ കെ. സുധാകരനുമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം കെ. സുധാകരന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പിന്തുണയും ലഭിച്ചേക്കില്ല. ഐ ഗ്രൂപ്പില്‍ സതീശന് സുധാരന് വേണ്ടി വാദിക്കാതെ വന്നാല്‍ കാര്യങ്ങള്‍ ചെന്നിത്തലയാവും തീരുമാനിക്കുക. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കും മാത്രമായി ചുരുക്കാന്‍ സുധാകരന് ശ്രമിച്ചതായി ചില ആരോപണങ്ങളുണ്ട്. തോല്‍വിക്ക് പിന്നാലെ മുല്ലപ്പള്ളിയെ തള്ളിപ്പറയാതിരുന്ന ഗ്രൂപ്പുകള്‍ രാജിസന്നദ്ധതയുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും ഇപ്പോള്‍ നടത്തിയിട്ടില്ല.
”പിന്തിരിഞ്ഞു നോക്കുമ്പോൾ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റും വിജയിച്ചത്. അന്ന് മുല്ലപ്പള്ളിയെയോ ഉമ്മൻചാണ്ടിയേയോ എന്നെയോ ആരും അഭിനന്ദിച്ചു കണ്ടില്ല. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവും ആ തെരഞ്ഞെടുപ്പിൽ പ്രധാനകാരണമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. നിയമസഭ പരാജയത്തിനു ശേഷം അദ്ദേഹം കൂടുതൽ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ പരാജയത്തിന് ഉത്തരവാദിത്വം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ തോൽവിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയെക്കാൾ കൂടുതൽ എനിക്കും ഉമ്മൻചാണ്ടിക്കും മറ്റുനേതാക്കൾക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു.” .
എട്ടുതവണ പാർലമെൻറ് അംഗമായി പ്രവർത്തിച്ച വ്യക്തിയാണ്. അതും മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തമായ കോട്ടകളായ കണ്ണൂരും വടകരയും അടക്കമുള്ള മണ്ഡലങ്ങളിൽ നിന്നാണ് ജയിച്ചത്. ഒരുമിച്ച് നാലു തവണ പാർലമെൻറ് അംഗങ്ങളായി പ്രവർത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. രണ്ടു തവണ അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു. പാർലമെൻറിൽ അതിമനോഹരമായി ഇംഗ്ലീഷിൽ പ്രസംഗിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ എല്ലാ എം.പിമാരും ശ്രദ്ധിച്ചിരുന്നു. രാജീവ് ഗാന്ധി അദ്ദേഹത്തെ എ.ഐ.സി.സി സെക്രട്ടറിയാക്കി വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഏൽപ്പിച്ചു. ദേശീയ നേതാക്കളുമായി ഊഷ്മളമായ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിൽ ഒരു പരാതിക്കും ഇടനൽകാതെ ഭംഗിയായി കാര്യങ്ങൾ നിറവേറ്റി.
സ്വാതന്ത്ര്യസമര പശ്ചാത്തലമുള്ള ഒരു കുടുംബത്തിലെ അംഗമായത് കൊണ്ടാവാം, ഒരിക്കലും കമ്മ്യൂണിസ്റ്റുകാർക്ക് മുമ്പിൽ മുട്ടുമടക്കാതെ ധീരമായി പോരാടി. സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലനാണ് അദ്ദേഹത്തിന്റെ പിതാവ്. ഞങ്ങൾക്ക് ഒരുപാട് സ്നേഹം പകർന്നു നൽകിയ അദ്ദേഹത്തിന്റെ മാതാവ് ധന്യമായ ഒരു വ്യക്തിത്വമായിരുന്നു. അഴിമതിയുടെ കറപുരളാത്ത, ആദർശ ശുദ്ധിയുള്ള പൊതു സമൂഹത്തിൽ ഏറ്റവും കൂടുതൽ മൂല്യങ്ങൾ സൂക്ഷിക്കുന്ന ഒരു വ്യക്തിത്വമായിട്ടാണ് കഴിഞ്ഞ 40 വർഷക്കാലത്തെ പരിചയം കൊണ്ട് എനിക്ക് അദ്ദേഹത്തെ അറിയാവുന്നത്. പാർട്ടി പറഞ്ഞ ഓരോ അവസരങ്ങളിലും ചിറ്റൂരിലും നിലമ്പൂരിലുമടക്കം ഓരോ ഉപതെരഞ്ഞെടുപ്പുകളിലും വെല്ലുവിളികൾ ഏറ്റെടുത്ത് മത്സരിച്ച വ്യക്തിയാണ്.
മലബാറിലെ കോൺഗ്രസിന്റെ കരുത്താണ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നതിൽ യാതൊരു സംശയവും വേണ്ട. ജനഹൃദയങ്ങളിൽ ജീവിക്കുന്ന വ്യക്തിയാണദ്ദേഹം. കോൺഗ്രസ് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള നിയോഗം അദ്ദേഹത്തിനായിരുന്നു. ആ പ്രക്രിയ പൂർത്തീകരിച്ച് രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത് പ്രഖ്യാപിച്ചത് ചരിത്ര മുഹൂർത്തമായി ഞാനിപ്പോഴും കാണുന്നു. അങ്ങനെ ചരിത്രത്തിലെ തങ്കത്താളുകളിൽ സ്ഥാനംപിടിച്ച വ്യക്തിയാണ്. ഔദ്യോഗിക കാര്യങ്ങളോ പാർട്ടി പദവികളോ സ്വന്തം കാര്യത്തിനു വേണ്ടി ഒരിക്കലും ഉപയോഗിക്കാത്ത നിർമലമായ വ്യക്തിത്വം. ഒരു ആരോപണവും ഇത്രയും കാലമായി അദ്ദേഹത്തിനെതിരെ ഉന്നയിക്കാൻ സാധിക്കാത്തത് ആ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ്.
രമേശ് ചെന്നിത്തല