Top

‘അതിന് കത്തെഴുതിയവരെ ബീഹാറില്‍ പ്രചരണത്തിന് അനുവദിച്ചിരുന്നില്ലല്ലോ’; അധിര്‍ രഞ്ജനോട് അതേ നാണയത്തില്‍ തിരിച്ചടിച്ച് കപില്‍ സിബലിന്റെ വിശ്വസ്തര്‍, കോണ്‍ഗ്രസ് വീണ്ടും പൊട്ടിത്തെറിയിലേക്കോ?

പാര്‍ട്ടി പ്രത്യേകം ആവശ്യപ്പെട്ടവരല്ലാത്ത ആരും പ്രചരണത്തിന് പോയിട്ടില്ല’, സിബലിന്റെ വിശ്വസ്തര്‍ വ്യക്തമാക്കി.

19 Nov 2020 12:04 AM GMT

‘അതിന് കത്തെഴുതിയവരെ ബീഹാറില്‍ പ്രചരണത്തിന് അനുവദിച്ചിരുന്നില്ലല്ലോ’; അധിര്‍ രഞ്ജനോട് അതേ നാണയത്തില്‍ തിരിച്ചടിച്ച് കപില്‍ സിബലിന്റെ വിശ്വസ്തര്‍, കോണ്‍ഗ്രസ് വീണ്ടും പൊട്ടിത്തെറിയിലേക്കോ?
X

മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയതിന് പിന്നാലെ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നെന്ന് സൂചന. സിബലിനെ രൂക്ഷമായി വിമര്‍ശിച്ച ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയ തള്ളി സിബലിന്റെ അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തി. സിബല്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പോലും പങ്കെടുത്തില്ലെന്ന ആരോപണത്തോട് സിബലിനെ പ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നാണ് ഇവര്‍ തിരിച്ചടിച്ചിരിക്കുന്നത്.

പാര്‍ട്ടിയെ വിമര്‍ശിക്കുന്ന സിബല്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് എവിടെയായിരുന്നു എന്നാണ് ചൗധരി ചോദിച്ചത്. ഇതിനോട് സിബല്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിശ്വസ്തരാണ് ചൗധരിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘നിര്‍ഭാഗ്യവശാല്‍, പാര്‍ട്ടിയില്‍ മാറ്റം ആവശ്യപ്പെട്ട് കത്തയച്ച 23 നേതാക്കളും പ്രചരണ പട്ടികയില്‍ ഇടം നേടിയിട്ടില്ലെന്ന കാര്യം അധിര്‍ രഞ്ജന്‍ അടക്കമുള്ള മറ്റ് നേതാക്കള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. പാര്‍ട്ടി പ്രത്യേകം ആവശ്യപ്പെട്ടവരല്ലാത്ത ആരും പ്രചരണത്തിന് പോയിട്ടില്ല’, സിബലിന്റെ വിശ്വസ്തര്‍ വ്യക്തമാക്കി.

ഓഗസ്റ്റിലാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്. ഇത് പാര്‍ട്ടിയെ വലിയ പൊട്ടിത്തെറികളിലേക്കും കലഹങ്ങളിലേക്കും നയിച്ചിരുന്നു. കത്തയച്ച പല നേതാക്കളെയും ഉന്നത സ്ഥാനങ്ങളില്‍ നിന്നും മാറ്റുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് പാര്‍ട്ടിയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്. തിരിച്ചടിയില്‍ നിന്നും കോണ്‍ഗ്രസ് പാഠമുള്‍ക്കൊള്ളണമെന്നും പാര്‍ട്ടി തകര്‍ച്ചയുടെ വക്കിലാണെന്ന കാര്യം മനസിലാക്കണമെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ സിബല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് അധിര്‍ രഞ്ജന്‍ അടക്കമുള്ള നേതാക്കളെ ചൊടിപ്പിച്ചത്.

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവര്‍ ഒന്നുകില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ അല്ലെങ്കില്‍ പുതിയ പാര്‍ട്ടി തുടങ്ങുകയോ ചെയ്യട്ടെയെന്നായിരുന്നു സിബലിനെ ഉന്നംവെച്ച് അധിര്‍ രഞ്ജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളുകള്‍ തന്നെയാണ് അവര്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്യുന്നതെന്നും ചൗധരി പറഞ്ഞു. ‘തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന തോന്നലുള്ള നേതാക്കള്‍ ഒന്നുകില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ അല്ലെങ്കില്‍ താല്‍പര്യമുള്ളതും മികച്ചതെന്ന് തോന്നുന്നതുമായ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യുക. അല്ലാതെ, കോണ്‍ഗ്രസിന്റെ വിശ്വസനീയത ചോര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയല്ല വേണ്ടത്’, ചൗധരി പറഞ്ഞു.

‘പാര്‍ട്ടിക്ക് അലോസരമുണ്ടാക്കുന്ന തരത്തില്‍ കാടടച്ചുള്ള പ്രസ്താവനകളില്‍ നിന്നും ഇത്തരം നേതാക്കള്‍ വിട്ടുനില്‍ക്കണം. അവര്‍ക്ക് ഗാന്ധി കുടുംബവുമായി നല്ല അടുപ്പമുണ്ട്. അവരുടെ വിയോജിപ്പുകള്‍ നേരിട്ട് നേതൃത്വത്തിന് മുമ്പില്‍ പറയുകയോ പാര്‍ട്ടി ഫോറങ്ങളില്‍ ഉന്നയിക്കുകയോ ചെയ്യാവുന്നതാണ്’, അദ്ദേഹം തുറന്നടിച്ചു.

ഈ നേതാക്കള്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് എവിടെയായിരുന്നെന്നും അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. ‘ഇത്തരം നേതാക്കള്‍ കോണ്‍ഗ്രസിനെ ഉടച്ച് വാര്‍ക്കണമെന്ന് ഗൗരവമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവരത് ഏറ്റവും അടിത്തട്ടില്‍ പ്രയോഗിച്ച് നോക്കാനാണ് ശ്രമിക്കേണ്ടത്. സമീപകാലത്ത് നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അവരെന്തെങ്കിലും കാര്യം ഏറ്റെടുത്ത് ചെയ്തോ?’, അദ്ദേഹം ചോദിച്ചു.

Next Story