Top

‘നയിക്കാന്‍ സുധാകരനും വിഡി സതീശനും വരും’; എഐസിസി പ്രഖ്യാപനം ഉടന്‍ വരുമെന്ന് സൈബര്‍ കോണ്‍ഗ്രസ്

നേതൃമാറ്റത്തെക്കുറിച്ച് എഐസിസി വരുംദിവസങ്ങളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് സൈബര്‍ ടീം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

11 May 2021 3:06 AM GMT

‘നയിക്കാന്‍ സുധാകരനും വിഡി സതീശനും വരും’; എഐസിസി പ്രഖ്യാപനം ഉടന്‍ വരുമെന്ന് സൈബര്‍ കോണ്‍ഗ്രസ്
X

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ കെപിസിസി തലപ്പത്ത് സമ്പൂര്‍ണ്ണ അഴിച്ചുപണി വേണമെന്ന്് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി പകരം തല്‍സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടുവരണമെന്നായിരുന്നു ഉയര്‍ന്നുവന്ന പ്രധാന ആവശ്യം. പ്രവര്‍ത്തകരുടെ ആഗ്രഹം പോലെ തന്നെ സെ സുധാകരന്‍ കെപിസിസി തലപ്പത്തേക്കും വിഡി സതീശന്‍ പ്രതിപക്ഷ നേതാവായും ഉടന്‍ വരുമെന്ന പ്രഖ്യാപനവുമായാണ് കോണ്‍ഗ്രസ് സൈബര്‍ ടീം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നേതൃമാറ്റത്തെക്കുറിച്ച് എഐസിസി വരുംദിവസങ്ങളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് സൈബര്‍ ടീം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

‘ഇവര്‍ വരും..നമ്മുടെ കെപിസിസിയും, പ്രസ്ഥാനവും കൊടുങ്കാറ്റായി തിരിച്ചു വരും..കെപിസിസി യെ നയിക്കാന്‍ അധ്യക്ഷനായി കെ സുധാകരന്‍..പ്രതിപക്ഷത്തെ പട നയിക്കാന്‍ വിഡി സതീശന്‍…എഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍…എന്നാണ് സൈബര്‍ ടീം ഫേസബുക്കില്‍ കുറിച്ചത്.

പ്രതിപക്ഷ നേതൃസ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കണമെന്ന് മുന്‍പ് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്ത നേതാവാണ് തിരുവഞ്ചൂര്‍. സംസ്ഥാനത്തെ ഇടത് തരംഗത്തിലും മികച്ച ഭൂരിപക്ഷത്തോടെയാണ് തിരുവഞ്ചൂരിന്റെ വിജയം. പ്രതിപക്ഷ സ്ഥാനത്തേക്ക് ആര് എത്തുമെന്ന ചര്‍ച്ചയില്‍ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. 15 സീറ്റുകളില്‍ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോള്‍ പ്രധാനപ്പെട്ടതാണ്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നുമാണ് നേരത്തെ കെപിസിസി രാഷ്ട്രീയ കാര്യ യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയില്‍ ഉത്തരവാദിത്വം തനിക്കാണെന്നും അത് ഏറ്റെടുക്കുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുതെന്നാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ യോഗത്തില്‍ ചെന്നിത്തല പറഞ്ഞത്.

Next Story

Popular Stories