
കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനസര്‍ക്കാരിനെതിരെ സമരം ശക്തിപ്പെടുത്താന്‍ ഒരുങ്ങി കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസ് ഇന്ന് വഞ്ചനാദിനം ആചരിക്കും. 20,000 വാര്‍ഡുകളില്‍ രണ്ടുലക്ഷത്തോളം പേരെ അണിനിരത്തിക്കൊണ്ട് കോണ്‍ഗ്രസ് ഇന്ന് വിപുലമായ സമരപരിപാടികള്‍ നടത്തും. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രതിഷേധിക്കുകയെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എം ശിവശങ്കറിന്റേയും ബിനീഷ് കോടിയേരിയുടേയും അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വാര്‍ഡുതലത്തില്‍ സത്യഗ്രഹസമരം നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ഓരോ വാര്‍ഡിലും പത്ത്പേര് വീതമാകും സമരപരിപാടികളില്‍ പങ്കെടുക്കുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് എന്നിവര്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായി ബിജെപിയും ഇന്ന് സമരരംഗത്ത് സജീവമാകും. ഹൈവേകള്‍ കേന്ദ്രീകരിച്ച് ബിജെപി ഇന്ന് നില്‍പ്പ് സമരം നടത്തും. മഞ്ചേശ്വരം മുതല്‍ പാറശാലവരെ സമരശൃംഖല തീര്‍ത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പ്രതിഷേധിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. സെക്രട്ടറിയേറ്റിന് പരിസരമാകും ബിജെപിയുടേയും പ്രധാനസമരകേന്ദ്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരും ഇന്ന് സമരരംഗത്ത് സജീവമാകും.
അതേസമയം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ഇന്ന് വൈകീട്ട് പ്രതിഷേധിക്കാന്‍ സിപിഐഎമ്മും തീരുമാനിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്കെതിരെ ഇന്ന് വൈകീട്ട് 5 മണി മുതല്‍ പാര്‍ട്ടി ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധയോഗം ചേരാന്‍ സിപിഐഎം തീരുമാനമെടുത്തിട്ടുണ്ട്.
- TAGS:
- BJP
- Congress Protest