‘ബീഹാര്‍ പഠിപ്പിച്ചത് ബംഗാളില്‍ നടപ്പിലാക്കിയാല്‍ കൊള്ളാം’; പശ്ചിമ ബംഗാളില്‍ സഖ്യത്തെ നയിക്കുക കോണ്ഗ്രസായിരിക്കില്ലെന്ന് സിപിഐഎംഎല്‍
കൊല്‍ക്കത്ത: ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് മഹാസഖ്യത്തെ എത്തിക്കാത്തതിന് കോണ്‍ഗ്രസിന്റെ മോശം പ്രകടനമായിരുന്നെന്ന് ആവര്‍ത്തിച്ച് സിപിഐഎംഎല്‍. മഹാസഖ്യത്തിലെ വലിയ നിരാശയാണ് കോണ്‍ഗ്രസ് എന്നാണ് സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ വിശേഷിപ്പിച്ചത്. ബീഹാറിലെ അനുഭവം ഉള്‍ക്കൊണ്ട് പശ്ചിമ ബംഗാളില്‍ സീറ്റ് വിഭജനത്തില്‍ കൂടുതല്‍ പ്രായോഗിക നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ പരിതാപകരമായ പ്രകടനത്തെക്കുറിച്ച് കോണ്‍ഗ്രസ് പുനര്‍വിചിന്തനം നടത്തുമെന്നുതന്നെയാണ് താന്‍ കരുതുന്നതെന്നും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ ബംഗാളില്‍ സീറ്റ് വിഭജനത്തില്‍ അത് പ്രതിഫലിക്കുമെന്നും ഭട്ടാചാര്യ പറഞ്ഞു. ബംഗാളില്‍ അധികാരം […]

കൊല്‍ക്കത്ത: ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് മഹാസഖ്യത്തെ എത്തിക്കാത്തതിന് കോണ്‍ഗ്രസിന്റെ മോശം പ്രകടനമായിരുന്നെന്ന് ആവര്‍ത്തിച്ച് സിപിഐഎംഎല്‍. മഹാസഖ്യത്തിലെ വലിയ നിരാശയാണ് കോണ്‍ഗ്രസ് എന്നാണ് സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ വിശേഷിപ്പിച്ചത്. ബീഹാറിലെ അനുഭവം ഉള്‍ക്കൊണ്ട് പശ്ചിമ ബംഗാളില്‍ സീറ്റ് വിഭജനത്തില്‍ കൂടുതല്‍ പ്രായോഗിക നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിലെ പരിതാപകരമായ പ്രകടനത്തെക്കുറിച്ച് കോണ്‍ഗ്രസ് പുനര്‍വിചിന്തനം നടത്തുമെന്നുതന്നെയാണ് താന്‍ കരുതുന്നതെന്നും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ ബംഗാളില്‍ സീറ്റ് വിഭജനത്തില്‍ അത് പ്രതിഫലിക്കുമെന്നും ഭട്ടാചാര്യ പറഞ്ഞു. ബംഗാളില്‍ അധികാരം കൈയ്യാളാന്‍ ബിജെപി കിണഞ്ഞു ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഭട്ടാചാര്യയുടെ പരാമര്‍ശം.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതുമുതല്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടി ചര്‍ച്ചയാവുന്നുണ്ട്. പശ്ചിമബംഗാളില്‍ സിപിഐഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്താണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ബംഗാള്‍ സഖ്യത്തെ നയിക്കുന്നത് കോണ്ഗ്രസായിരിക്കില്ലെന്നും ഭട്ടാചാര്യ സൂചിപ്പിച്ചു. പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
243 സീറ്റുകളിലേക്ക് നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 70 ഇടങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിച്ചതെങ്കിലും വിജയം 19 സീറ്റുകളിലൊതുങ്ങി. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായിട്ടുള്ള എല്ലാ ജനവിധികളിലും കോണ്‍ഗ്രസിന്റെ പിന്നോട്ടുപോക്കുണ്ടായിരുന്നു. പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇത് പ്രകടവുമായിരുന്നു എന്നാണ് ഭട്ടാചാര്യ അഭിപ്രായപ്പെടുന്നത്.
2017ലെ യുപി തെരഞ്ഞെടുപ്പില്‍, രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ബിജെപിക്കെതിരെ ഒരുമിച്ച് നിന്നെങ്കിലും കോണ്‍ഗ്രസ് ഏഴ് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. സമാജ് വാദി പാര്‍ട്ടിക്ക് അന്ന് 47 സീറ്റുകള്‍ ലഭിച്ചിരുന്നു.
അസമില്‍ 2001 വരെ തുടര്‍ച്ചയായി ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് 2016ല്‍ ഭരണം നഷ്ടപ്പെട്ടു. 126 അംഗ നിയമസഭയില്‍ 26 എണ്ണത്തിലേക്ക് ഒതുങ്ങേണ്ടി വന്നു പാര്‍ട്ടിക്ക്. അടുത്ത മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ അടുത്ത തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ് അസം.
സമാന രീതിയില്‍, ത്രിപുരയില്‍ 2013ല്‍ പത്ത് സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് പിന്നീട് ഒറ്റ സീറ്റുപോലും ലഭിച്ചില്ല.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഒഡീഷയില്‍, നവീന്‍ പട്നായിക്കിന്റെ ബിജെഡിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുകയാണ് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ബിജെപിയുടെ പ്രധാന എതിരാളിയെന്ന പദവിയും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഐഎംഎല്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 19 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി 12 ഇടങ്ങളിലും വിജയിച്ച് കയറി. 2015ല്‍ ഒരു പ്രാധിനിത്യവുമില്ലാതിരുന്ന സിപിഐയും സിപിഐഎമ്മും ഇത്തവണ ഓരോ സീറ്റ് വീതവും നേടി. ബീഹാറിന്റെ ചില മേഖലകളില്‍ വലിയ സ്വാധീനമുള്ള സിപിഐഎംഎല്‍ 2015ല്‍ മൂന്നുസീറ്റുകളില്‍ മാത്രമായിരുന്നു വിജയിച്ചിരുന്നത്.
എന്‍ഡിഎക്കെതിരെ മുന്‍നിരയില്‍നിന്ന് പടനയിച്ച ആര്‍ജെഡി 75 സീറ്റുകള്‍ സ്വന്തമാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നു. മഹാസഖ്യം ആകെ 110 സീറ്റുകളാണ് നേടിയത്.
എന്ഡിഎയിലാവട്ടെ, ബിജെപിയുടെ തേരോട്ടമായിരുന്നു. 243 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമായ 122 നേക്കാള്‍ മൂന്ന് സീറ്റുകളധികം എന്‍ഡിഎ കൈയ്യാളിയൈന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.