
കോണ്‍ഗ്രസ് പാര്‍ട്ടി ഗാന്ധി കുടുംബത്തിന്റെ മാത്രം സ്വത്തല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇന്ത്യയുടെ ആശയങ്ങളുടെ അടിസ്ഥാനമാണ് കോണ്‍ഗ്രസെന്നും അത് ഒരു വ്യക്തിയിലോ കുടുംബത്തിലോ ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
നേതാവോ വ്യക്തിയോ കുടുംബമോ അല്ല ആശയമാണ് പ്രധാനമെന്ന് പ്രിയങ്കാ ഗാന്ധി പറയുന്നു. ഗാന്ധി കുടുംബം എന്നത് തീര്‍ത്തും അപ്രസക്തമാണെന്നും അസമിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രിയങ്ക പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രിയങ്ക അസമില്‍ പ്രചരണത്തിനെത്തുന്നത്. അസമീസ് സ്വത്വത്തിന് തന്നെ എതിരായ ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ ഒറ്റക്കെട്ടായ പോരാട്ടത്തിന് എല്ലാവരും അണിനിരക്കണമെന്ന് പ്രിയങ്ക പറഞ്ഞു. അസമിലെ തോട്ടം തൊഴിലാളികള്‍ക്കിടയിലാണ് പ്രിയങ്കാ ഗാന്ധി ഇപ്പോള്‍ വ്യാപകമായി പ്രചരണത്തിനിറങ്ങുന്നത്. നടപ്പിലാക്കാത്ത വാഗ്ദാനങ്ങള്‍ നല്കി ബിജെപി തോട്ടം തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
അസം ജനതയ്ക്കേറ്റ മുറിവുകള്‍ക്കെതിരെ പോരാടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും പ്രിയങ്ക അറിയിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ബിജെപിയ്ക്ക് അവസരം നല്കിയ ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ ബിജെപിയുടെ തനിനിറം മനസിലാക്കിയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.