‘എ ഗ്രൂപ്പിനെ ബുദ്ധിമുട്ടിച്ചാല്‍ രാജി വെയ്പിച്ചോളൂ’; സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി ഗ്രൂപ്പ് നേതാവിന് മുദ്രപത്രത്തില്‍ വാക്ക് എഴുതി നല്കി കോണ്‍ഗ്രസ് പ്രവര്ത്തകന്
സ്ഥാനാര്‍ത്ഥിയാകാന്‍ ഗ്രൂപ്പ് നേതാവിന് മുദ്രപത്രത്തില്‍ ഉറപ്പുകള്‍ എഴുതി നല്കി കോണ്‍ഗ്രസ് പ്രവര്ത്തകന്. വല്ലാര്‍പാടം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മധു എം ആര് ആണ് എ ഗ്രൂപ്പ് നേതാവ് അഡ്വ. എം വി പോളിന് 50 രൂപ മുദ്ര പത്രത്തില്‍ രേഖാമൂലം വാക്ക് നല്‍കിയിരിക്കുന്നത്. തനിക്ക് സീറ്റ് നല്കിയ ഗ്രൂപ്പിന് ബുദ്ധിമുട്ടുകളും നഷ്ടങ്ങളുമുണ്ടാക്കില്ലെന്നും അങ്ങനെയുണ്ടായാല്‍ രാജി വെപ്പിച്ചോളൂ എന്നുമാണ് മധു ഒപ്പിട്ട് എഴുതി നല്‍കിയിരിക്കുന്നത്. ഇലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വല്ലാര്‍പാടം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായി നിര്‍ണയിക്കുന്നതിനാണ് മധുവില്‍ നിന്ന് കോണ്‍ഗ്രസ് […]

സ്ഥാനാര്‍ത്ഥിയാകാന്‍ ഗ്രൂപ്പ് നേതാവിന് മുദ്രപത്രത്തില്‍ ഉറപ്പുകള്‍ എഴുതി നല്കി കോണ്‍ഗ്രസ് പ്രവര്ത്തകന്. വല്ലാര്‍പാടം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മധു എം ആര് ആണ് എ ഗ്രൂപ്പ് നേതാവ് അഡ്വ. എം വി പോളിന് 50 രൂപ മുദ്ര പത്രത്തില്‍ രേഖാമൂലം വാക്ക് നല്‍കിയിരിക്കുന്നത്. തനിക്ക് സീറ്റ് നല്കിയ ഗ്രൂപ്പിന് ബുദ്ധിമുട്ടുകളും നഷ്ടങ്ങളുമുണ്ടാക്കില്ലെന്നും അങ്ങനെയുണ്ടായാല്‍ രാജി വെപ്പിച്ചോളൂ എന്നുമാണ് മധു ഒപ്പിട്ട് എഴുതി നല്‍കിയിരിക്കുന്നത്. ഇലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വല്ലാര്‍പാടം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായി നിര്‍ണയിക്കുന്നതിനാണ് മധുവില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രേഖാമൂലം ഉറപ്പുവാങ്ങിയത്.
മുദ്രപത്രത്തില്‍ പറയുന്നത്
“ഇലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വല്ലാര്‍പാടം ഡിവിഷനില്‍ കോണ്‍ഗ്രസ് എ വിഭാഗത്തിനായി അര്‍ഹതപ്പെട്ടതും നീക്കിനവെച്ചിട്ടുള്ളതുമാണ് എന്നുള്ളത് എനിക്ക് ഉത്തമ ബോധ്യമുള്ളതാണ്. വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ ഈ വിഭാഗത്തെ നയിക്കുന്നത് അഡ്വക്കേറ്റ് എം വി പോള്‍ അവര്കളാണ്. അദ്ദേഹത്തിനും കോണ്‍ഗ്രസ് എ വിഭാഗത്തിനും അവമതിപ്പ് ഉണ്ടാകുന്നതും മേല്‍പ്പറഞ്ഞ വിഭാഗത്തിന് ബുദ്ധിമുട്ടുകളും നഷ്ടങ്ങളും ഉണ്ടാക്കുന്ന യാതൊരുവിധ പ്രവര്‍ത്തനങ്ങളും എന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയില്ല എന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ജയിച്ചു വരുന്ന പക്ഷം അഡ്വക്കേറ്റ് എം വി പോള്‍ അവറുകളും അദ്ദേഹം നയിക്കുന്ന എ വിഭാഗവും സമയാസമയം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുമെന്നും ലംഘിക്കുന്ന പക്ഷം മേല്പറഞ്ഞ വിഭാഗത്തിന് എന്റെ രാജി ആവശ്യപ്പെടാനുള്ള അവകാശവും, അധികാരവും ഉണ്ടെന്നുള്ളതും എനിക്ക് ഉത്തമ ബോധ്യമുള്ളതാണ്.
മേല്പ്രകാരമെല്ലാം പ്രവര്‍ത്തിക്കാമെന്ന് ഞാന്‍ പറഞ്ഞത് വിശ്വാസത്തില്‍ എടുത്താണ് മേല്‍ വിഭാഗം എനിക്ക് ഈ സീറ്റ് നല്‍കിയത് എന്നും എനിക്ക് ഉത്തമ ബോധ്യമുണ്ട്. എനിക്ക് ലഭിക്കുന്ന ഈ സ്ഥാനാര്‍ത്ഥിത്വം മേല്പറഞ്ഞ വിഭാഗത്തില്‍ നിന്നും ലഭിച്ചതാകയാല്‍ ഞാന്‍ സംഘടനാ മര്യാദകള്‍ പാലിച്ച് ഉത്തരവാദിത്വത്തോട് കൂടി മേല്‍ പറഞ്ഞ വിഭാഗവുമായി ചേര്‍ന്ന് സഹകരിച്ച് ഒരുമയോടെ പോകുമെന്ന് ഞാന്‍ ഇതില്‍ സത്യം ചെയ്യുന്നു.
മേല്‍ പറഞ്ഞതെല്ലാം സത്യം സത്യം സത്യം”

