‘എസ്ഡിപിഐ പിന്തുണ, ഭരണം ഉപേക്ഷിക്കില്ല’; പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കോണ്‍ഗ്രസ് പുറത്താക്കി
എസ്ഡിപിഐ പിന്തുണയില്‍ ലഭിച്ച ഭരണം ഉപേക്ഷിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം പാലിക്കാത്ത വെമ്പായം പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം പ്രാദേശികനേതൃത്വം തള്ളിയതോടെയാണ് നടപടി സ്വീകരിച്ചത്. കണക്കോട് വാര്‍ഡില്‍ നിന്ന് വിജയിച്ച ബീന ജയനായിരുന്നു പ്രസിഡന്റ്. വട്ടവിള വാര്‍ഡിലെ ജഗന്നാഥ പിള്ളയായിരുന്നു വൈസ് പ്രസിഡന്റ്. നറുക്കെടുപ്പിലൂടെയാണ് ഭരണം ലഭിച്ചതെന്നും അതിന് ആരൊക്കെ അനുകൂലിച്ച് വോട്ട് ചെയ്തെന്ന് അറിയില്ലെന്നുമായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെയും ബ്ലോക്ക് കമ്മറ്റിയുടേയും വിശദീകരണം. എന്നാല്‍ എസ്ഡിപിഐ പിന്തുണയില്‍ ഭരണം […]

എസ്ഡിപിഐ പിന്തുണയില്‍ ലഭിച്ച ഭരണം ഉപേക്ഷിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം പാലിക്കാത്ത വെമ്പായം പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം പ്രാദേശികനേതൃത്വം തള്ളിയതോടെയാണ് നടപടി സ്വീകരിച്ചത്. കണക്കോട് വാര്‍ഡില്‍ നിന്ന് വിജയിച്ച ബീന ജയനായിരുന്നു പ്രസിഡന്റ്. വട്ടവിള വാര്‍ഡിലെ ജഗന്നാഥ പിള്ളയായിരുന്നു വൈസ് പ്രസിഡന്റ്.
നറുക്കെടുപ്പിലൂടെയാണ് ഭരണം ലഭിച്ചതെന്നും അതിന് ആരൊക്കെ അനുകൂലിച്ച് വോട്ട് ചെയ്തെന്ന് അറിയില്ലെന്നുമായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെയും ബ്ലോക്ക് കമ്മറ്റിയുടേയും വിശദീകരണം. എന്നാല്‍ എസ്ഡിപിഐ പിന്തുണയില്‍ ഭരണം വേണ്ടെന്ന നിലപാടില്‍ തന്നെ ജില്ലാ നേതൃത്വം ഉറച്ചുനിന്നു. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നേതൃത്വം നല്‍കിയിരുന്നു. പക്ഷെ ആവശ്യത്തെ പ്രാദേശികനേതൃത്വം തള്ളുകയായിരുന്നു. തുടര്‍ന്നാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
21 അംഗപഞ്ചായത്തില്‍ ഇടതുമുന്നണിക്ക് എട്ടും യുഡിഎഫിന് ഏഴും അംഗങ്ങളുണ്ടായിരുന്നു. എസ്ഡിപിഐ യുഡിഎഫിനെ പിന്തുണച്ചതോടെ തുല്യനിലയായി. തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ യുഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു. 25 വര്‍ഷത്തിന് ശേഷമായിരുന്നു വെമ്പായത്ത് യുഡിഎഫിന് അധികാരം ലഭിച്ചത്.
അതേസമയം, റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയെന്ന് എല്‍ഡിഎഫ് നേതാവ് ടിഎന്‍ ശിവന്‍കുട്ടി അറിയിച്ചു. എല്‍ഡിഎഫ് നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി. പഞ്ചായത്തിലെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ പിന്തുണ നേടി വിജയിച്ചത് കൊണ്ട് രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിക്ക് ശോഭ തയ്യാറായില്ല. തുടര്‍ന്നാണ് നടപടിയെന്ന് ശിവന്‍കുട്ടി അറിയിച്ചു.
കേരള കോണ്‍ഗ്രസ് എം അംഗമാണ് ശോഭ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റാന്നി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് ശോഭാ ചാര്‍ളി ഇന്നലെ പറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇതുവരെ രാജിവച്ചിട്ടില്ലെന്നും അക്കാര്യം പാര്‍ട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ശോഭ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞിരുന്നു.
റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ വോട്ടുചെയ്തത് കേരള കോണ്‍ഗ്രസ് എമ്മിന്റെ ശോഭാ ചാര്ലിക്കായിരുന്നു. ബിജെപിയുടെ രണ്ടു വോട്ടുകള്‍ ഉള്‍പ്പെടെ ഏഴു വോട്ടുകളാണ്് ശോഭയ്ക്ക് ലഭിച്ചത്. എന്നാല്‍ ഇവിടെ എല്‍ഡിഎഫ് ഭരണസമിതി അധികാരമേറ്റത് പരിശോധിച്ച് നപടിയെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു.