Top

സിപിഎം പ്രവർത്തകരും പൗരമുന്നണിയും സംഘർഷം: സൊസൈറ്റി പ്രസിഡന്റിന് വെട്ടേറ്റു

പൗരമുന്നണി പ്രവർത്തകനും കണ്ണനൂരിലെ കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമാണ് വെട്ടേറ്റ വിനേഷ്.

2 Jan 2021 3:07 AM GMT

സിപിഎം പ്രവർത്തകരും പൗരമുന്നണിയും സംഘർഷം: സൊസൈറ്റി പ്രസിഡന്റിന് വെട്ടേറ്റു
X

കുഴൽമന്ദം: കണ്ണനൂരിലെ സൊസൈറ്റി കെട്ടിടത്തിനു മുന്നിൽ സിപിഎം-പൗരമുന്നണി പ്രവർത്തകർ തമ്മിൽ സംഘർഷം. എൻ.വിനേഷിന് വെട്ടേറ്റു. പൗരമുന്നണി പ്രവർത്തകനും കണ്ണനൂരിലെ കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമാണ് വെട്ടേറ്റ വിനേഷ്. കയ്യിനു വെട്ടേറ്റ എൻ.വിനേഷിനെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് കണ്ണനൂരിലെ സൊസൈറ്റി കെട്ടിടത്തിനു മുന്നിൽ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.

സൊസൈറ്റിക്കെതിരെ അഴിമതി ആരോപിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അനൗൺസ്മെന്റ് നടത്തിയതിന്റെ പേരിൽ സിപിഎം പ്രവർത്തകനായ രമേഷിനെ പൗരമുന്നണി പ്രവർത്തകരായ റിനു, മുകേഷ്, വിനേഷ് എന്നിവർ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതേ തുടർന്ന് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നിലവിലുണ്ട്. മർദനമേറ്റ രമേഷ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

സംഘർഷത്തിൽ സൊസൈറ്റിയുടെ വാതിൽ ചില്ലുകൾ എറിഞ്ഞു തകർത്തു. ഉച്ചയോടെ സിപിഎം കണ്ണനൂർ പാർട്ടി ഓഫിസിലെ കൊടിമരം തകർക്കാൻ ശ്രമമുണ്ടായെന്നും ഇതു പ്രതിരോധിക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചതോടെയാണു സംഘർഷമുണ്ടായതെന്നുമാണ് സിപിഎം പറയുന്നത്. സൊസൈറ്റി പ്രവർത്തിക്കുന്നത് പാർട്ടി ഓഫിസിന് സമീപമാണ്‌. സംഘർഷമുണ്ടാകാനുള്ള സാധ്യത ഉണ്ടായിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.

കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എൻ.വിനേഷിനെ സിപിഎം പ്രവർത്തകർ വെട്ടിപ്പരുക്കേൽപിച്ചതിലും സൊസൈറ്റി ഓഫിസ് അടിച്ചു തകർത്തതിലും ഭരണ സമിതി പ്രതിഷേധിച്ചു.

Next Story