Top

‘പാലായില്‍ സിപിഐ നിശബ്ദമായിരുന്നു, ഇരിക്കൂറില്‍ സഹകരിച്ചില്ല’; രൂക്ഷ വിമര്‍ശനങ്ങളുമായി കേരള കോണ്‍ഗ്രസ്; ഭിന്നത മറനീക്കി പുറത്ത്

സ്ഥാനാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ചെയര്‍മാന്‍ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.

17 April 2021 8:50 PM GMT

‘പാലായില്‍ സിപിഐ നിശബ്ദമായിരുന്നു, ഇരിക്കൂറില്‍ സഹകരിച്ചില്ല’; രൂക്ഷ വിമര്‍ശനങ്ങളുമായി കേരള കോണ്‍ഗ്രസ്; ഭിന്നത മറനീക്കി പുറത്ത്
X

തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സ്റ്റിയറംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐയോടുള്ള എതിര്‍പ്പ് പരസ്യമാക്കി കേരള കോണ്‍ഗ്രസ് എം. ജോസ് കെ മാണി വിഭാഗം മത്സരിച്ച് മണ്ഡലങ്ങളില്‍ സിപിഐ വേണ്ടവിധത്തില്‍ സഹകരില്ല എന്ന വിമര്‍ശനമാണ് പാര്‍ട്ടി മുന്നോട്ടുവെച്ചത്. കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കുറ്റപ്പെടുത്തി. ഘടക കക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയെന്നും എന്നാല്‍ ചില പാര്‍ട്ടികള്‍ തിരിച്ച് ആ മര്യാദ കാണിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

പാല അടക്കുമുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിയായിരുന്നു കേരള കോണ്‍ഗ്രസിന്റെ വിമര്‍ശനം. പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാന സാഹചര്യം തന്നെയുണ്ടായതായി സ്ഥാനാര്‍ഥിയായ പ്രമോദ് നാരായണനും പറഞ്ഞു. സ്ഥാനാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ചെയര്‍മാന്‍ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.

കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തത് സിപിഐഎമ്മിന്റെ സമ്മര്‍ദ്ദം മൂലമല്ലെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആവര്‍ത്തിച്ചു. എല്‍ഡിഎഫിന്റെ കെട്ടുറപ്പിനുവേണ്ടിയാണ് സീറ്റ് വിട്ട് നല്‍കിയതെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് എല്‍ഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസിന് ശക്തമായ പിന്തുണ ലഭിച്ചതായി ചെയര്‍മാന്‍ ജോസ് കെ മാണി അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തോടെ സിപിഐയ്ക്ക് പല സീറ്റുകളും നഷ്ടമായിരുന്നു. വോട്ടുകള്‍ പെട്ടിയിലായതിനുശേഷം കേരള കോണ്‍ഗ്രസ്- സിപിഐ ഭിന്നത ഇപ്പോള്‍ വീണ്ടും മറനീക്കി പുറത്തുവരികയാണ്. സീറ്റ് നഷ്ടപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് നീരസം ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് തങ്ങള്‍ സഹകരിക്കാതിരുന്നിട്ടില്ലെന്നാണ് സിപിഐയുടെ മറുപടി.

Next Story

Popular Stories