Top

‘വൈദികന്‍ തെരുവില്‍ നില്‍ക്കുമ്പോള്‍ സഖാവാണ്’; ‘ വോട്ട് ഒരു സഭയുടേയും ആഹ്വാനത്തിന് വിനിയോഗിക്കാനുള്ളതല്ല’; ഫാ. മാത്യൂസ് വാഴക്കുന്നം

തന്നെ വൈദികനായി മാത്രം കാണുന്നത് സങ്കുചിതത്വം കൊണ്ടാണെന്ന് ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയുണ്ടായ വിമര്‍ശനങ്ങള്‍ക്കിടെയാണ് ഓര്‍ത്തഡോക്‌സ് സഭാ പുരോഹിതന്റെ പ്രതികരണം. ഇടതുപക്ഷ പ്രവര്‍ത്തകനായതുകൊണ്ടാണ് താന്‍ ഇത്ര ആക്രമിക്കപ്പെടുന്നതെന്ന് ഫാ. ഡോ. മാത്യൂസ് മോണിങ്ങ് റിപ്പോര്‍ട്ടറിനിടെ പറഞ്ഞു. അച്ചടക്കമുള്ള സിപിഐഎം പ്രവര്‍ത്തകനാണ് ഞാന്‍. എന്നെ വൈദികനായി മാത്രം കാണാതെ മനുഷ്യനായി കാണണം. സഖാവ് എന്ന വാക്കിന്റെ അര്‍ത്ഥം സ്‌നേഹിതന്‍, സഹചാരി എന്നെല്ലാമാണ്. പള്ളിക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന മനുഷ്യജീവിതമല്ല എന്റേത്. […]

27 Jan 2021 12:49 AM GMT

‘വൈദികന്‍ തെരുവില്‍ നില്‍ക്കുമ്പോള്‍ സഖാവാണ്’; ‘ വോട്ട് ഒരു സഭയുടേയും ആഹ്വാനത്തിന് വിനിയോഗിക്കാനുള്ളതല്ല’; ഫാ. മാത്യൂസ് വാഴക്കുന്നം
X

തന്നെ വൈദികനായി മാത്രം കാണുന്നത് സങ്കുചിതത്വം കൊണ്ടാണെന്ന് ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയുണ്ടായ വിമര്‍ശനങ്ങള്‍ക്കിടെയാണ് ഓര്‍ത്തഡോക്‌സ് സഭാ പുരോഹിതന്റെ പ്രതികരണം. ഇടതുപക്ഷ പ്രവര്‍ത്തകനായതുകൊണ്ടാണ് താന്‍ ഇത്ര ആക്രമിക്കപ്പെടുന്നതെന്ന് ഫാ. ഡോ. മാത്യൂസ് മോണിങ്ങ് റിപ്പോര്‍ട്ടറിനിടെ പറഞ്ഞു. അച്ചടക്കമുള്ള സിപിഐഎം പ്രവര്‍ത്തകനാണ് ഞാന്‍. എന്നെ വൈദികനായി മാത്രം കാണാതെ മനുഷ്യനായി കാണണം. സഖാവ് എന്ന വാക്കിന്റെ അര്‍ത്ഥം സ്‌നേഹിതന്‍, സഹചാരി എന്നെല്ലാമാണ്.

പള്ളിക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന മനുഷ്യജീവിതമല്ല എന്റേത്. ഞാനൊരു മനുഷ്യനാണ്. ഒരു മനുഷ്യനായി എന്നെ അംഗീകരിക്കാന്‍ മനസുണ്ടെങ്കില്‍. വൈദികന്‍ തെരുവില്‍ നില്‍ക്കുമ്പോള്‍ സഖാവ് അല്ലെ? മനുഷ്യന്‍ അല്ലേ? വൈദികന്‍ എന്ന തലം മാറ്റി സ്‌നേഹിതനായി കാണൂ, സഖാവ് ആയി കാണൂ, സമരപങ്കാളിയായി കാണൂ. എന്തുകൊണ്ട് അത് പറ്റുന്നില്ല? നിങ്ങളുടെ ചിന്തയുടെ സങ്കുചിതത്വം കൊണ്ടല്ലേ അത് കാണാന്‍ കഴിയാത്തത്?

ഫാ. മാത്യു വാഴക്കുന്നം

സഖാവിന്റെ മറ്റൊരര്‍ത്ഥം സമരപങ്കാളി എന്നാണ്. നമ്മുടെ ജീവിതം എപ്പോഴും പോരാട്ടങ്ങളിലൂടെയാണ്. ഇപ്പോഴും നമ്മുടെ ദേശം വലിയൊരു കര്‍ഷകസമരത്തിന്റെ ഭാഗമാണ്. ആ കര്‍ഷക സമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന എത്രയോ വൈദികരെ നമ്മള്‍ കാണുന്നുണ്ട്. അതും രാഷ്ട്രീയമാണ്. ഏത് സഭ പറഞ്ഞാലും ഓരോരുത്തരും വോട്ടവകാശം സ്വന്തം തീരുമാനപ്രകാരമായിരിക്കണം വിനിയോഗിക്കേണ്ടതെന്നും ഫാ. മാത്യു വാഴക്കുന്നം കൂട്ടിച്ചേര്‍ത്തു.

ഫാ. മാത്യു വാഴക്കുന്നം പറഞ്ഞത്

“മത്സരരംഗത്തക്ക് വരാന്‍ സാധ്യതയുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. അത്തരത്തില്‍ ഒരു ചോദ്യം വന്നപ്പോഴാണ് അങ്ങനെ പ്രതികരിച്ചത്. എന്റെ പാര്‍ട്ടി, ഞാന്‍ അംഗമായിരിക്കുന്ന സിപിഐഎം തീരുമാനിക്കുകയാണെങ്കില്‍ എന്റെ നാട്ടില്‍ മത്സരിക്കാന്‍ തടസങ്ങളില്ല എന്നായിരുന്നു എന്റെ പ്രസ്താവന. എകെപിസിടിഎ എന്ന കോളേജ് സംഘടന വഴി സിപിഐഎം അംഗമാണ്.

ഓര്‍ത്തഡോക്‌സ് സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മാനേജിങ് കമ്മിറ്റി അംഗമാണ്. സഭയുടെ പ്രധാന സമിതിയാണത്. സഭയിലെ ജനങ്ങള്‍ വര്‍ധിത ഭൂരിപക്ഷത്തോടെയാണ് എന്നെ മാനേജിങ്ങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. വ്യക്തിപരമായ അവകാശമാണ് വോട്ടവകാശം. ഏതെങ്കിലും ഒരു സഭയുടെ ഒരു നേതൃത്വം അത് ഏത് സഭയുമാകട്ടെ, അവര്‍ പറയുന്നത് അനുസരിച്ച് മാത്രം വിനിയോഗിക്കാനുള്ളതല്ല ഇന്ത്യന്‍ പൗരന്റെ വോട്ടവകാശം. അത് തികച്ചും വ്യക്തിപരമാണ്. തിരുമേനിക്ക് തിരുമേനിയുടെ വോട്ടവകാശം, അച്ചന് അച്ചന്റെ വോട്ടവകാശം. വിശ്വാസിക്ക്് വിശ്വാസിയുടെ വോട്ടവകാശം. ആ വോട്ടവകാശത്തെ വിനിയോഗിക്കുവാന്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതി നല്‍കുന്ന അവസരത്തെ കൃത്യമായി വിനിയോഗിക്കുക. അത് വ്യക്തിപരമായ ഒരു തെരഞ്ഞെടുപ്പ് മാത്രമാണ് എന്ന് ഒന്നാമതായി മനസിലാക്കണം.

നമ്മുടെ സഭകള്‍ പലപ്പോഴും അവരുടേതായ കാരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അകല്‍ച്ചയിലാകുന്നത്. എന്‍എസ്എസ് എടുക്കുന്ന സമദൂര സിദ്ധാന്തം പോലെ ഒരു സമുദായങ്ങളും അവരുടേതായ നിലപാടുകള്‍ എടുത്തേക്കാം. അതിനപ്പുറത്ത് ഓരോ സഭയിലും ഓരോ പ്രസ്ഥാനങ്ങളെ അനുകൂലിക്കുന്നവരുണ്ട്. എന്നെ, കൂടുതല്‍ ആക്രമിക്കാറുള്ളത് ഞാന്‍ ഇടതുപക്ഷ പ്രവര്‍ത്തകനായതുകൊണ്ടാണ്. ആരെങ്കിലും ഒരാള്‍ ഇടതുപക്ഷീയനായി പോയാല്‍ ആക്രമിക്കാന്‍ ഇറങ്ങി പുറപ്പെടുകയാണ്. അതില്‍ നിന്നും മാറ്റത്തിന്റെ ഒരു കാലമാണിത്. പഴയ ക്രൈസ്തവര്‍ കോണ്‍ഗ്രസ് അനുഭാവികളായി നിന്നിട്ടുണ്ടെങ്കില്‍ അതൊക്കെ മാറിവരുന്ന കാലമാണിത്. എന്നെ പോലെയുള്ളവര്‍ ഇടതുപക്ഷത്ത് പ്രവര്‍ത്തിക്കുന്നത് അതിന്റെ സൂചനയാണ്.

വിമര്‍ശിക്കാന്‍ ധാരാളം ആളുകള്‍ ഉണ്ടാകാറുണ്ട്. നമുക്ക് നമ്മളേക്കുറിച്ച് തന്നെ വിലയിരുത്താന്‍ ബോധമുണ്ടെങ്കില്‍, തിരിച്ചറിവുണ്ടെങ്കില്‍ എനിക്ക് എന്റെ നിലപാട് പുലര്‍ത്താന്‍ കഴിയും. എന്നെ, സെമിനാറിയില്‍ പഠിപ്പിച്ച ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച സഭയുടെ ബിഷപ്പായിരുന്നു ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്. പാവങ്ങള്‍ക്ക് വേണ്ടി, കുഷ്ഠരോഗികള്‍ക്ക് വേണ്ടി, എയ്ഡ്‌സ് രോഗികളുടെ മക്കള്‍ക്ക് വേണ്ടിയൊക്കെ പ്രവര്‍ത്തിച്ച, നല്ല മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഒസ്താത്തിയോസ് തിരുമേനിയാണ് എന്റെ അധ്യാപകന്‍. അദ്ദേഹം തന്ന ആദര്‍ശങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം വര്‍ഗരഹിത സമൂഹത്തേക്കുറിച്ച് പ്രസംഗിച്ചിട്ടുള്ളയാളാണ്. പൗലോസ് മാര്‍ ഗ്രിഗോറിയോസിനെപ്പോലെ ഇത്ര വിജ്ഞാനിയായിട്ടുള്ള ബിഷപ്പ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലുണ്ടായിട്ടില്ല. അദ്ദേഹത്തെക്കുറിച്ചാണല്ലോ പി ഗോവിന്ദപ്പിള്ള ‘മാര്‍ക്‌സിസവും ഗ്രിഗോറിയോസും’ എന്ന പുസ്തകം രചിച്ചത്. അങ്ങനെയുള്ള ചിന്ത പുലര്‍ത്തിയിരുന്ന പിതാക്കന്‍മാര്‍ ഈ സഭയിലുണ്ടായിട്ടുണ്ട്. ആശയപരമായി അതില്‍ നിന്നവരാണ്.

ഞാന്‍ ഒരു സന്ന്യസ്ത വൈദികനല്ല. വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്ന ഒരു പുരോഹിതനാണ്. എനിക്ക് ആത്മീയ ജീവിതും ആധുനിക ജീവിതവും നിര്‍വ്വഹിക്കേണ്ടതുണ്ട്. രണ്ടും രണ്ടാണ്. പള്ളിയില്‍ ചെല്ലുമ്പോള്‍ ഞാന്‍ സത്യവിശ്വാസിയായിരിക്കും. അവിടെ ഞാന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ താഴെ നില്‍ക്കുന്നത് കോണ്‍ഗ്രസുകാരനാണോ മാര്‍ക്‌സിസ്റ്റുകാരനാണോ ബിജെപിക്കാരനാണോ എന്ന് നോക്കില്ല. വന്നിരിക്കുന്ന സത്യവിശ്വാസികളാണെങ്കിലും അവര്‍ അവരുടെ കണ്ണിലൂടെ ഒരു പുരോഹിതനെ മാത്രമേ കാണൂ. പള്ളിക്ക് പുറത്തിറങ്ങിയാല്‍ നമ്മള്‍ നാട്ടില്‍ ജീവിക്കുന്നവരാണ്. നാട്ടുജീവിതത്തില്‍ നമ്മുടെ പൗരാവകാശം വിനിയോഗിക്കാന്‍ എല്ലാവര്‍ക്കും ഒരു പോലെ അവകാശമുണ്ട്.

സഖാവ് എന്ന വാക്കിന് സ്‌നേഹിതന്‍ എന്നര്‍ത്ഥമുണ്ട്. ഒരാളെ വൈദികനാക്കി മാറ്റുന്ന ശുശ്രൂഷയുടെ ഒരു ഗ്രന്ഥമുണ്ട്. അതിലുണ്ട് സഖാവ് എന്ന വാക്ക്. ബൈബിളുമായി ബന്ധപ്പെട്ട ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന പദമാണ് സഖാവ്, സ്‌നേഹിതന്‍, സഖിത്വമുള്ളവന്‍, എല്ലാവരുടേയുമിടയില്‍ ചേര്‍ന്നുപോകുന്ന ആള്‍. വൈദികന്‍ എന്ന പദവിയ്ക്ക് അപ്പുറത്ത് ഒരു സ്‌നേഹിതനായും എല്ലാവരുടേയും സഹചാരിയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന എന്നയര്‍ത്ഥത്തില്‍ സ്വീകരിക്കുന്നു എങ്കില്‍ വിമര്‍ശിക്കാന്‍ തോന്നുകയില്ല. കാരണം അത് ആശയപരമായി അന്യമല്ല.

സഖാവിന്റെ മറ്റൊരര്‍ത്ഥം സമരപങ്കാളി എന്നാണ്. നമ്മുടെ ജീവിതം എപ്പോഴും പോരാട്ടങ്ങളിലൂടെയാണ്. ഇപ്പോഴും നമ്മുടെ ദേശം വലിയൊരു കര്‍ഷകസമരത്തിന്റെ ഭാഗമാണ്. ആ കര്‍ഷക സമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന എത്രയോ വൈദികരെ നമ്മള്‍ കാണുന്നുണ്ട്. അതും രാഷ്ട്രീയമാണ്. രാഷ്ട്രത്തെ സംബന്ധിച്ച കാര്യമാണ്. സമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന ബിഷപ്പുമാരും വൈദികരും ആ പരിപാടിയില്‍ സമരപങ്കാളികളായി മാറുകയാണ്. അത് തന്നെയാണ് സഖാവ് എന്ന വാക്കിന്റെ അര്‍ത്ഥം.

പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കും എന്നതിനര്‍ത്ഥം ‘എനിക്ക് മത്സരിക്കണം’ എന്നല്ല. ഞാന്‍ അച്ചടക്കമുള്ള സിപിഐഎം പ്രവര്‍ത്തകനാണ്. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവര്‍ക്ക് എന്നെ അറിയാം. എന്നെ എന്റെ നാട്ടുകാര്‍ക്ക് അറിയാം. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റിയായിരുന്ന ഫാ. മത്തായി നൂറനാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് ബത്തേരി നിയോജക മണ്ഡലത്തില്‍ മത്സരിച്ചത്.

എന്റെ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത മതവിഭാഗത്തിലുള്ളവരല്ലേ. അവരെ മതത്തിന്റെ അടിസ്ഥാനത്തിലാണോ ഞാന്‍ കാണുന്നത്? എല്ലാ ആളുകളുമായും എനിക്ക് ബന്ധമുണ്ട്. ഞാന്‍ ക്ഷേത്രങ്ങളില്‍ പ്രഭാഷകനായി പോകാറുണ്ട്. ശബരിമല ഭക്തിഗാനങ്ങളെഴുതിയിട്ടുണ്ട്. മുസ്ലീം പള്ളികളില്‍ ഇഫ്താര്‍ വിരുന്നുമായി ബന്ധപ്പെട്ട പ്രസംഗങ്ങള്‍ക്ക് പോകാറുണ്ട്. എല്ലാവരുമായും ഇടപഴകി ജീവിക്കുന്നയാളാണ് ഞാന്‍. പള്ളിക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന മനുഷ്യജീവിതമല്ല എന്റേത്. ഞാനൊരു മനുഷ്യനാണ്. ഒരു മനുഷ്യനായി എന്നെ അംഗീകരിക്കാന്‍ മനസുണ്ടെങ്കില്‍. വൈദികന്‍ തെരുവില്‍ നില്‍ക്കുമ്പോള്‍ സഖാവ് അല്ലെ? മനുഷ്യന്‍ അല്ലേ? വൈദികന്‍ എന്ന തലം മാറ്റി സ്‌നേഹിതനായി കാണൂ, സഖാവ് ആയി കാണൂ, സമരപങ്കാളിയായി കാണൂ. എന്തുകൊണ്ട് അത് പറ്റുന്നില്ല? നിങ്ങളുടെ ചിന്തയുടെ സങ്കുചിതത്വം കൊണ്ടല്ലേ അത് കാണാന്‍ കഴിയാത്തത്? മനുഷ്യനായി കണ്ട്, മനുഷ്യനായി എന്നേക്കുറിച്ച് പറയൂ.”

Next Story