Top

‘നിര്‍മ്മാണ കരാറുകള്‍ ബിനാമികള്‍ക്ക്, കോടികളുടെ അഴിമതി, ധൂര്‍ത്ത്’; പ്രഫുല്‍ പട്ടേലിനെതിരെ ദാമന്‍ ദിയു ഉദ്യോഗസ്ഥരുടെ കത്ത്

സില്‍വാസയിലെ എല്ലാ പൊതുമരാമത്ത് ഉദ്യോഗസ്ഥരും സംയുക്തമായാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

17 Jun 2021 3:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നിര്‍മ്മാണ കരാറുകള്‍ ബിനാമികള്‍ക്ക്, കോടികളുടെ അഴിമതി, ധൂര്‍ത്ത്’; പ്രഫുല്‍ പട്ടേലിനെതിരെ ദാമന്‍ ദിയു ഉദ്യോഗസ്ഥരുടെ കത്ത്
X

ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങക്കെതിരെ വ്യാപകമായി ജനകീയ പ്രതിഷേധം നേരിട്ടുവരുന്ന പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ രൂക്ഷമായ അഴിമതി ആരോപണവും. ലക്ഷദ്വീപിനൊപ്പം തന്നെ പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായ ദാമന്‍ ദിയുവില്‍ നിന്നാണ് അഴിമതിയാരോപണം. നിര്‍മ്മാണ കരാറുകളിലുള്‍പ്പെടെ അഡ്മിനിസ്‌ട്രേറ്റര്‍ ക്രമക്കേട് കാണിച്ചെന്ന് ആരോപിച്ച് ദാമന്‍ ദിയു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. 400 കോടി രൂപയുടെ നിര്‍മ്മാണ കരാറുകള്‍ പ്രഫുല്‍ പട്ടേല്‍ ബിനാമികള്‍ക്ക് നല്‍കിയെന്നാണ് പ്രധാന ആരോപണം.

അഡമിനിസ്‌ട്രേറ്ററുടെ ആഡംബര ജീവിതവും ധൂര്‍ത്തും ഉദ്യോഗസ്ഥര്‍ കത്തിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ ഔദ്യോഗിക വസിതി മോടി പിടിപ്പിക്കാന്‍ മാത്രം 17.5 കോടി രൂപ ചെലവാക്കിയെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സില്‍വാസയിലെ എല്ലാ പൊതുമരാമത്ത് ഉദ്യോഗസ്ഥരും സംയുക്തമായാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ആര്‍കിടെക്ട് പോലുമല്ലാത്ത അമതി ജയന്തിലാല്‍ ഷാ എന്നയാള്‍ക്കുള്‍പ്പെടെ കരാറുകള്‍ നല്‍കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് കത്തിലൂടെ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. തീരദേശ വികസനം, റോഡിന് വീതി കൂട്ടല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞ് വികസനം മറയാക്കി കോടികളുടെ അഴിമതിയാണ് ദാമന്‍ ദിയുവില്‍ നടക്കുന്നതെന്നാണ് ആരോപണം. നിര്‍മ്മാണ കരാറുകള്‍ നല്‍കിയവരില്‍ പലര്‍ക്കും പ്രഫുല്‍ പട്ടേലിന്റെ കമ്പനിയായ അറാറത്ത് അസോസിയേറ്റ്‌സുമായി ബന്ധമുണ്ടെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

പ്രഫുല്‍ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട ധൂര്‍ത്തും ദാമന്‍ ദിയു ഉദ്യോഗസ്ഥരുടെ കത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ഒറ്റ പ്രാവശ്യം ലക്ഷദ്വീപിലേക്ക് വരുന്നതിന് പട്ടേല്‍ 23 ലക്ഷം രൂപയിലധികമാണ് ചെലവാക്കുന്നത്. മറ്റൊരു അഡ്മിനിസ്‌ട്രേറ്ററും ഇതുവരെ ഉപയോഗിക്കാത്ത ഡോര്‍ണിയര്‍ വിമാനമാണ് പ്രഫുല്‍ പട്ടേല്‍ ഉപയോഗിക്കുന്നത്. മൂന്ന് തവണത്തെ യാത്രകള്‍ക്കായി മാത്രം 93 ലക്ഷം രൂപയാണ് ദ്വീപ് ഭരണകൂടം നല്‍കേണ്ടതായി വരുന്നത്.

Next Story