‘അതൊക്കെയന്തിനാ എന്നോട് പറയുന്നത്?’; 89കാരിയെ അധിക്ഷേപിച്ച് വനിത കമ്മീഷന് അധ്യക്ഷ, പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കുടുംബം
ഒരു കേസുമായി ബന്ധപ്പെട്ട് വനിത കമ്മിഷന് അധ്യക്ഷയെ വിളിച്ച പരാതിക്കാരായ 89 വയസ്സുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചെന്ന ആരോപണമാണ് ഇപ്പോള്‍ ജോസഫൈനെതിരെ ഉയര്‍ന്നിരിക്കുന്നത്.

വ്യദ്ധയെ വനിത കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് അധിക്ഷേപിച്ചെന്ന് ആരോപണം. ഒരു കേസുമായി ബന്ധപ്പെട്ട് വനിത കമ്മിഷന് അധ്യക്ഷയെ വിളിച്ച പരാതിക്കാരിയായ 89 വയസ്സുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചെന്ന ആരോപണമാണ് ജോസഫൈനെതിരെ ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മദ്യലഹരിയിലായുരുന്ന അയല്‍വാസി തന്നെ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിക്കുട്ടിയമ്മ പൊലീസില്‍ പരാതിനല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം കാര്യക്ഷമമാകാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ പരാതിയുമായി വനിത കമ്മീഷനെ സമീപിച്ചു. കേസിന്റെ വിചാരണയ്ക്കായി ഈ മാസം 28ന് അടുരില്‍ എത്താനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പത്തനംത്തിട്ട കോട്ടങ്കല്‍ സ്വദേശിയായ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് 50തോളം കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ അസൗകര്യമുണ്ടെന്നും അതിനാല്‍ വിചാരണയ്ക്ക് ഹാജരാകാനുള്ള സ്ഥലം മാറ്റി തരുമോ എന്ന് ചോദിക്കുന്നതിനുമായാണ് വൃദ്ധയുടെ ബന്ധു വനിത കമ്മീഷന് അധ്യക്ഷയെ വിളിക്കുന്നത്. എന്നാല്‍ ഇവരുടെ ഭാഗത്ത് നിന്നും അപമര്യാദയോടുകൂടിയ പെരുമാറ്റമാണുണ്ടായതെന്നാണ് കുടുംബം ആരോപിക്കുന്നത്.
പൊലീസില്‍ പറയേണ്ട കേസ് നിങ്ങള്‍ എന്തിനാണ് വനിത കമ്മീഷനോട് പറയുന്നതെന്നാണ് എംസി ജോസഫൈന് ഇവരോട് ചോദിച്ചത്. ഇത്തരത്തിലുള്ള പരാതികൊടുക്കുന്നത് തെറ്റാണ് എന്ന രീതിയിലാണ് വനിത കമ്മീഷന് അധ്യക്ഷ തങ്ങളോട് സംസാരിച്ചതെന്ന് ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധുക്കള്‍ പറഞ്ഞു. മാത്രമല്ല വിചാരണ തിയതി മാറ്റി തരാന്‍ നിര്‍വാഹമില്ലെന്നും അതൊന്നും ഇവിടെ പറയേണ്ട കാര്യമല്ലെന്നും ജോസഫൈന് പറഞ്ഞുവെന്നും കുടുംബം വ്യക്തമാക്കി.
എന്തിനാ പരാതി കൊടുത്തത്, അത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ മതിയായിരുന്നല്ലോ ?89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനില്‍ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞു
എംസി ജോസഫൈന് ( വനിത കമ്മീഷന് അധ്യക്ഷ )
വനിത കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്നുമാണ് തങ്ങള്‍ ഫോണ്‍ നമ്പര്‍ എടുത്തതെന്നും അങ്ങനെയാണ് വനിത കമ്മീഷന് അധ്യക്ഷയുമായി സംസാരിച്ചതെന്നും വൃദ്ധയുടെ ബന്ധു പറഞ്ഞു. പരാതി നല്‍കിയത് തെറ്റാണെന്ന നിലയിലാണ് ജെസഫൈന്‍ സംസാരിച്ചത്. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരായ പരാതിയുമായി തങ്ങള്‍ മുന്നോട്ട് പോകുമെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.