Top

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്നേറ്റം തുടരുന്നു’; പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് വി എസ്

‘പ്രക്ഷോഭത്തെ ചോരയില്‍ മുക്കാന്‍ ദിവാന് കഴിഞ്ഞു. എന്നാല്‍, മുദ്രാവാക്യം സാക്ഷാല്‍ക്കരിക്കുക തന്നെ ചെയ്തു.’

23 Oct 2020 9:58 PM GMT

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്നേറ്റം തുടരുന്നു’; പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് വി എസ്
X

പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ ജീവത്യാഗം വൃഥാവിലായില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് വി എസ് അച്യുതാനന്ദന്‍. കമ്യൂണിസ്റ്റ് പാര്‍ടിയെ കുഴിച്ചു മൂടിയെന്ന് അഹങ്കരിച്ച ദിവാന്റെ കണ്‍മുമ്പില്‍ ഒരു ദശാബ്ദത്തിനു ശേഷം കമ്യൂണിസ്റ്റ് പാര്‍ടി ലോകചരിത്രം സൃഷ്ടിച്ച് കേരളത്തില്‍ അധികാരത്തില്‍ വന്നു. ആ മുന്നേറ്റം തുടരുകയാണെന്നും പുന്നപ്ര രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിനയച്ച സന്ദേശത്തില്‍ വി എസ് ചൂണ്ടിക്കാട്ടി.

തിരുവിതാംകൂറിനെ ഇന്ത്യയില്‍ ലയിപ്പിക്കാതെ സ്വതന്ത്രരാജ്യമായി നിലനിര്‍ത്താനും അമേരിക്കന്‍ മോഡല്‍ ഭരണം സ്ഥാപിക്കാനുമുള്ള നീക്കമാണ് നാടുവാഴി – ദിവാന്‍ ഭരണകൂടം ആവിഷ്‌കരിച്ചത്. ഇതിനെതിരെ നടന്ന ഐതിഹാസിക പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തില്‍ ദിവാന്‍ ഭരണത്തിന്റെ കിരാത വേട്ടയില്‍ നൂറുകണക്കിന് സമരസഖാക്കളാണ് ജീവത്യാഗം ചെയ്തത്. മറ്റു നിരവധി പോരാളികള്‍ ജീവിക്കുന്ന രക്തസാക്ഷികളായി.

അടിച്ചമര്‍ത്തലിന്റെ കിരാതമായ നടപടികളാണ് സമര സഖാക്കള്‍ക്ക് നേരിടേണ്ടി വന്നത്. പ്രക്ഷോഭത്തെ ചോരയില്‍ മുക്കാന്‍ ദിവാന് കഴിഞ്ഞു. എന്നാല്‍, പുന്നപ്ര-വയലാര്‍ സമര സേനാനികള്‍ ഉയര്‍ത്തിയ ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍’ എന്ന മുദ്രാവാക്യം സാക്ഷാല്‍ക്കരിക്കുക തന്നെ ചെയ്തു. സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥാപിക്കപ്പെട്ടു. നാടിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ജീവത്യാഗം ചെയ്ത പുന്നപ്ര-വയലാര്‍ ധീര രക്തസാക്ഷികളുടെ സ്മരണക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയാണെന്നും മുഖ്യമുഖ്യമന്ത്രി സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. പുന്നപ്ര-വയലാര്‍ സമര നേതൃത്വത്തിലുണ്ടായിരുന്ന വിഎസിന്റെ സന്ദേശം വാരാചരണകമ്മിറ്റി സെക്രട്ടറി കെ മോഹന്‍കുമാര്‍ വായിച്ചു.

Next Story

Popular Stories