
കൊല്ലം: അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന്റെ മതിൽ ചാടിക്കടന്ന് പൊലീസ് പരിശോധന നടത്തിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷര്‍ റിപ്പോര്‍ട്ട് തേടി. പൊലീസ് നടപടിക്കെതിരെ ജില്ലാ കൊണ്ഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ് കെ.ശിവരാജന്റെ വീട്ടിൽ ഇരവിപുരം പൊലീസ് പരിശോധയ്ക്ക് എത്തുന്നത്. ഗേറ്റ് പൂട്ടയിട്ടിരുന്നാല് മതില് ചാടി ഉദ്യോഗസ്ഥര്‍ അകത്തു കടന്നു. സ്ത്രീകളും കുട്ടികളുമുണ്ടായിരുന്ന വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ വനിതാ ഉദ്യോഗസ്ഥയും ഉണ്ടായിരുന്നില്ല.
വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വീട്ടില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നായിരുന്നു പൊലീസുകാരുടെ വിശദീകരണം. വീടും പരിസരവും അരിച്ചു പൊറുക്കിയെങ്കിലും ഒന്നു ലഭിച്ചില്ലെന്ന് എഴുതി നല്കി ഉദ്യോഗസ്ഥര്‍ മടങ്ങി.
കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കമ്മിഷണര്‍ക്ക് നല്കിയ പരാതി അന്വേഷിക്കാന്‍ എസിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അനധികൃത പരിശോധനയ്ക്കെതിരെ പൊലീസ് കംപ്ലയിൻ്റ അതോറിറ്റിക്കും മാനനഷ്ടത്തിന് കോടതിയിലും പ്രദേശിക നേതാവ് പരാതി നൽകിയിട്ടുണ്ട്.