Top

‘പൊട്ടിത്തെറിക്കും ഞങ്ങള്‍, കെപിസിസി തലപ്പത്ത് സുധാകരനും പ്രതിപക്ഷനേതാവായി സതീശനും വേണം’; ആവശ്യവുമായി കോണ്‍ഗ്രസ് സൈബര്‍ ടീം

നേതാക്കളുടെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്പ്പ് ഇനി അനുവദിക്കില്ലെന്ന് സൈബര്‍ ടീം താക്കീത് നല്‍കി.

3 May 2021 8:24 AM GMT

‘പൊട്ടിത്തെറിക്കും ഞങ്ങള്‍, കെപിസിസി തലപ്പത്ത് സുധാകരനും പ്രതിപക്ഷനേതാവായി സതീശനും വേണം’; ആവശ്യവുമായി കോണ്‍ഗ്രസ് സൈബര്‍ ടീം
X

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്കുശേഷം നേതൃമാറ്റത്തിനായി കടുത്തഭാഷയില്‍ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്ക് കൂട്ടായ്മ. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ രാജിവെയ്ക്കണമെന്നും വന്‍ അഴിച്ചുപണി വേണമെന്നും പാര്‍ട്ടിയ്ക്കകത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് എതിര്‍പ്പിന്റെ ഭാഷ കടുപ്പിച്ച് ഫേസ്ബുക്കിലൂടെത്തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്. നേതാക്കളുടെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്പ്പ് ഇനി അനുവദിക്കില്ലെന്ന് സൈബര്‍ ടീം താക്കീത് നല്‍കി. പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ ആദ്യം നേതാക്കള്‍ പഠിക്കണമെന്നും സൈബര്‍ ടീം രോഷം പ്രകടിപ്പിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ വരണമെന്നുമുള്ള ആവശ്യമാണ് സൈബര്‍ ടീം മുന്നോട്ടുവെയ്ക്കുന്നത്. തങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നും ഇനിയും അവഗണിച്ചാല്‍ തങ്ങള്‍ പൊട്ടിത്തെറിക്കുമെന്നും സൈബര്‍ ടീം പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

നേതാക്കളുടെ ഗ്രുപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് ഞങ്ങൾ പ്രവർത്തകർ ഇനി അനുവദിക്കില്ല. പ്രവർത്തകരുടെ വികാരം മാനിക്കാൻ പഠിക്കണം ആദ്യം നേതാക്കൾ.

ഞങ്ങൾ പ്രവർത്തകർക്ക് ഒന്നേ പറയാൻ ഉള്ളു..

(1)കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്രയും പെട്ടന്ന് #K_സുധാകരനെ കൊണ്ട് വരുക

.(2) പ്രതിപക്ഷ നേതാവായി #VD_സതീശനെ കൊണ്ട് വരുക

ഗ്രുപ്പ് മുതലാളിമാരോട് ഒന്നേ പറയാനുള്ളു കോൺഗ്രസ്‌ പ്രവർത്തരുടെ ക്ഷമ നിങ്ങൾ ഇനിയും പരീക്ഷിക്കരുത് പൊട്ടി തെറിക്കും ഞങ്ങൾ ഓർത്തോ..

നത്ത തോല്‍വിയേറ്റു വാങ്ങിയതിന് പിന്നാലെ യുഡിഎഫില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ആരെത്തുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ശക്തമായ നേതാവിനെ പ്രതിപക്ഷ നേതാവാക്കി ഇനിയുള്ള അഞ്ച് വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്. എന്നാല്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെയും ഉമ്മന്‍ ചാണ്ടിക്കെതിരെയും പടല പിണക്കം ശക്തമാകുന്ന സാഹചര്യത്തില്‍ ആര് നയിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. 15 സീറ്റുകളില്‍ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോള്‍ പ്രധാനപ്പെട്ടതാണ്. കെ. സുധാകരന്‍ നേതൃത്വത്തിലേക്ക് വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെ പരിഗണിക്കേണ്ടിവരും.

യുവനേതാക്കളായ വിടി ബല്‍റാം ശബരീനാഥ് തുടങ്ങിയവര്‍ പാര്‍ട്ടിയുടെ മുന്നോട്ടുപോക്കില്‍ നിര്‍ണായക സാന്നിദ്ധ്യമാവും. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തോറ്റ നേതാക്കളെ ചുമലതപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. മുല്ലപ്പള്ളി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാറിനിന്നാല്‍ അതും മറ്റൊരു തരത്തില്‍ വിനയാകും.

Next Story