‘നിങ്ങള്‍ പടച്ചങ്ങുണ്ടാക്കുവാണ്’; മാധ്യമസിന്‍ഡിക്കേറ്റ് തിരിച്ചുവരുന്നെന്ന് മുഖ്യമന്ത്രി; പ്രതികരണം പൂര്‍ണരൂപം
കെഎസ്എഫ്ഇ റെയ്ഡിനേത്തുടര്ന്നുണ്ടായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമസിന്‍ഡിക്കേറ്റ് തിരിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഴയൊരു സ്വഭാവം നിങ്ങളിലേക്ക് വീണ്ടും വരുന്നു. കുറച്ച് കാലത്തേക്ക് നിങ്ങളത് ഉപേക്ഷിച്ചതായിരുന്നു. പക്ഷെ, ഇപ്പോഴത് വീണ്ടും നിങ്ങളില്‍ കാണുന്നുണ്ട്. അതിലൊന്ന് ഈയടുത്ത് കണ്ടത്, നടപ്പാക്കേണ്ടതില്ല എന്ന് തീരുമാനിച്ച ഒരു ഓര്‍ഡിനന്‍സ് വന്നല്ലോ, അതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഞാനവിടെ മന്ത്രിസഭായോഗത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഞാന്‍ ഇത് മുഴുവന്‍ ഉപദേശകന് ചെയ്തുവെച്ച വിനയാണ്. […]

കെഎസ്എഫ്ഇ റെയ്ഡിനേത്തുടര്ന്നുണ്ടായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമസിന്‍ഡിക്കേറ്റ് തിരിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഴയൊരു സ്വഭാവം നിങ്ങളിലേക്ക് വീണ്ടും വരുന്നു. കുറച്ച് കാലത്തേക്ക് നിങ്ങളത് ഉപേക്ഷിച്ചതായിരുന്നു. പക്ഷെ, ഇപ്പോഴത് വീണ്ടും നിങ്ങളില്‍ കാണുന്നുണ്ട്. അതിലൊന്ന് ഈയടുത്ത് കണ്ടത്, നടപ്പാക്കേണ്ടതില്ല എന്ന് തീരുമാനിച്ച ഒരു ഓര്‍ഡിനന്‍സ് വന്നല്ലോ, അതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഞാനവിടെ മന്ത്രിസഭായോഗത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഞാന്‍ ഇത് മുഴുവന്‍ ഉപദേശകന് ചെയ്തുവെച്ച വിനയാണ്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇതൊക്കെ നടന്നത്, വേണ്ടത്ര ആലോചന അദ്ദേഹം നടത്തിയില്ല എന്നെല്ലാം പറഞ്ഞുവന്ന് മാധ്യമങ്ങള്‍ ഒരാളല്ല, കുറേപേര്‍ റിപ്പോര്‍ട്ട് ചെയ്തെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നിങ്ങള്‍ ഒരു സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ച കാലത്ത് അങ്ങനെയൊരു റിപ്പോര്‍ട്ട് സൃഷ്ടിക്കുന്ന നില ഇവിടെയുണ്ടായിരുന്നു. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരില്‍ ഒരു വിഭാഗം തന്നെയാണ് അത് ചെയ്തിരുന്നത്. അന്ന് നേതൃത്വം കൊടുത്തവരില്‍ പലരും ഇപ്പോള്‍ ഇല്ല. പിന്നെ അവര്‍ തന്നെ സ്വഭാവം മാറ്റുകയും ചെയ്തിരുന്നു. പക്ഷെ നിങ്ങളിലേക്ക് ആ സ്വഭാവം വീണ്ടും വരുന്നു എന്നാണിത് കാണിക്കുന്നത്.
മുഖ്യമന്ത്രി
പൂര്‍ണമായും കള്ളമായ ഒരു കാര്യം മന്ത്രിസഭയില്‍ നടന്നിട്ടില്ലാത്ത കാര്യം, ഒരാള്‍ക്കും അങ്ങനെയൊരു ഊഹം പോലും ഇല്ലാത്തൊരു കാര്യം നിങ്ങള്‍ പടച്ചങ്ങുണ്ടാക്കുവാണ്. എന്താ നിങ്ങളുടെ ഉദ്ദേശം? ആ വാര്‍ത്തയിലൂടെ ഈ കാര്യങ്ങളില്‍ തെറ്റായ ഒരു കാര്യം ശ്രീവാസ്തവ ചെയ്തു എന്ന് വരുത്തലാണ്. അത് നിങ്ങള്‍ ചെയ്ത ഒരു കാര്യം. ഈ പ്രശ്നം വന്നു, ഈ പ്രശ്നം വന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞു, ഇക്കാര്യങ്ങളെല്ലാം ശ്രീവാസ്തവയുടെ ഭാഗമായിട്ട് വന്നതാണെന്ന്. ശ്രീവാസ്തവയുടെ നിര്‍ദ്ദേശമനുസരിച്ച് വന്നതാണെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് കൊടുക്കുന്ന നിലയുണ്ടായി.
2019ല്‍ 18ഉം 2020ല്‍ ആറുമായി 24 പരിശോധനകള്‍ നടത്തി. ഈ മിന്നല്‍ പരിശോധനകള്‍ ശ്രീവാസ്തവയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അല്ലാലോ. അതിന് വിജിലന്‍സിന് അവരുടേതായ ക്രമമുണ്ട്. ആ ക്രമം വെച്ചാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് കാര്യങ്ങള്‍ നടക്കുക. അതില്‍ ശ്രീവാസ്തവയ്ക്ക് ഒരു റോളുമില്ല. അതാണ് മനസിലാക്കേണ്ട ഒരു കാര്യം. ഇത്തരം കാര്യങ്ങളില്‍ അഡൈ്വസര്‍ എന്ന് പറയുന്ന ശ്രീവാസ്തവയ്ക്ക് സാധാരണ ഗതിയില്‍ ഒരു പങ്കും വഹിക്കാന്‍ കഴിയില്ല. പൊലീസിന്റേയോ വിജിലന്‍സിന്റേയോ അല്ലെങ്കില്‍ ജയിലിന്റേയോ ഫയര്‍ ഫോഴ്സിന്റേയോ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളുടേയോ ദൈനംദിന നടത്തിപ്പിന്റെ കാര്യത്തില്‍ അഡൈ്വസര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. അദ്ദേഹത്തിന് നേരിട്ട് ഒരു കാര്യവും നിയന്ത്രിക്കാനും കഴിയില്ല. നേരിട്ട് ഇടപെടാനും കഴിയില്ല. ആരും അദ്ദേഹത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതുമില്ല. ആരും അദ്ദേഹത്തില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതുമില്ല. ഇതാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന കാര്യം. എന്തിനാണ് ഇങ്ങനെയൊരു പച്ചക്കള്ളം പടച്ചുവിടേണ്ട കാര്യം?
പിന്നെ നിങ്ങള്‍ പറയാതെ പറഞ്ഞുവെയ്ക്കുന്ന ഒരു കാര്യം വടകരയിലുള്ള ഏതോ ഒരാള്‍, ചില ആള്‍ക്കാരുടെ കുസൃതിയാണത്. വടകരയിലുള്ള ഏതോ ഒരാള്‍ പെറ്റീഷന് കൊടുത്തിരുന്നു. ആ പെറ്റീഷന് കൊടുത്തയാള്‍ ഒരു ബിനാമിയാണ്. ആര്‍ക്കുവേണ്ടിയാണോ ബിനാമിയായത് ആ ആള് മറവില്‍ നില്‍ക്കുകയാണ്. അയാള്‍ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടയാളാണ് എന്നൊക്കെ മെല്ലെ നിങ്ങളില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഞാനീ വിജിലന്‍സുകാരോട് ചോദിച്ചു. നിങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി വടകരയില്‍ നിന്ന് ആരില്‍ നിന്നെങ്കിലും ഉണ്ടായിരുന്നോ എന്നുള്ളത്. അവര്‍ എന്റടുത്ത് പറഞ്ഞു. അങ്ങനെയൊരു പരാതി ഉണ്ടായിട്ടില്ല എന്ന്. പക്ഷെ, പിന്നീട് അവരെനിക്കൊരു റിപ്പോര്‍ട്ട് തന്നു. ആ റിപ്പോര്‍ട്ടും കൂടി നിങ്ങള്‍ അറിയുന്നത് നല്ലതാണ്. വടകര ചോറോട് സ്വദേശിയായ സത്യന് എന്നയാള്‍ കെഎസ്എഫ്ഇയുടെ വടകര ബ്രാഞ്ചില്‍ നിന്നും 2018 മാര്‍ച്ച് മൂന്നിന് 6.58 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. അതിന് അയാള്‍ നല്‍കിയിട്ടുള്ള വസ്തു ഈടുകളുണ്ട്. ആ ഈട് നല്കിയ വസ്തു ഉപയോഗിച്ച് അയാളുടെ അനുവാദമില്ലാതെ വടകരയിലെ കെഎസ്എഫ്ഇ മാനേജരുടെ ഒത്താശയോടെ ഈ പരാതിക്കാരനായ ഈ സത്യന്റെ വ്യാജ ഒപ്പിട്ട് സത്യന്റെ ബിസിനസ് പാട്നറും കൊല്ലം സ്വദേശിനിയുമായ ശ്രീമതി വീണ എന്നയാള്‍ക്ക് കെഎസ്എഫ്ഇ വടകര ബ്രാഞ്ച് മാനേജര്‍ 2018 മെയ് 15ന് 9.25 ലക്ഷം രൂപ ലോണ്‍ അനുവദിച്ച് നല്കി. അതിനേപ്പറ്റി അന്വേഷിക്കണമെന്ന് കാണിച്ചുകൊണ്ട് സത്യന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോയ്ക്ക് 2020 ഫെബ്രുവരി 18ന് പരാതി നല്കി. തുടര്‍നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് അയച്ചുകൊടുക്കുന്നതിന് 2020 ഫെബ്രുവരി 25ന് സര്‍ക്കാരിലേക്ക് അയച്ചു നല്കി. സര്‍ക്കാര്‍ ആ പരാതി നികുതി വകുപ്പിന് കൈമാറിയതായി കാണിച്ച് കത്ത് മുഖേന വിജിലന്‍സ് ആസ്ഥാനത്ത് അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഇങ്ങനെയൊരു ആളുടെ കാര്യം പറഞ്ഞിട്ടു. ഇതില്‍ ഈ പറയുന്ന ബിനിമായും മറ്റ് കാര്യങ്ങളുമൊന്നും ഇല്ലെന്ന് വ്യക്തമാണല്ലോ.
വസ്തുതകള്‍ വസ്തുകളായിട്ട് അവതരിപ്പിക്കുന്നതാണ് നല്ലത്. നിങ്ങളുടെ മനസിലുള്ള കാര്യം മറ്റാരുടെയെങ്കിലും തലയില്‍ വെച്ചുകെട്ടുക, അതും എന്റെയോ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേയോ തലയില്‍ വെച്ചുകെട്ടുക. ആ ഒരു ഏര്‍പ്പാട് പണ്ട് നിങ്ങള്‍ ചെയ്തതാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ചെയ്യണമെന്ന് വീണ്ടും മോഹമുണ്ടെങ്കില്‍ ഞാനതിന് എതിരല്ല. പക്ഷെ അത് നല്ല കാര്യമല്ല എന്ന് മനസിലാക്കണം. അത് നേരത്തേ പൊളിഞ്ഞുപോയതാണ്. അത് വീണ്ടും തുടങ്ങേണ്ട. അതുപേക്ഷിക്കുന്നതാണ് നല്ലത്. പിന്നെ പാര്‍ട്ടിയുടെ കാര്യം, പാര്‍ട്ടിക്ക് അകത്ത് നിങ്ങള്‍ നല്ലതുപോലെ തുടങ്ങിയതാണല്ലോ ഞാനോ ഐസക്കോ ആനന്ദനോ തമ്മില്‍ ഏതെങ്കിലും തരത്തില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ അത് അത്ര വേഗമങ്ങ് നടക്കുന്ന കാര്യമല്ല. അതങ്ങ് മനസില്‍ വെച്ചാല്‍ മതി. അത്രയേ ഞാനിപ്പോള്‍ പറയുന്നുള്ളൂ.