Top

യുപിയില്‍ കഴിഞ്ഞ ആഴ്ച്ച സ്ത്രീകള്‍ക്കെതിരെ 13 അക്രമസംഭവങ്ങള്‍, മുഖ്യമന്ത്രിക്ക് ഫോട്ടോസെഷനേ നേരമുള്ളൂ:പ്രിയങ്ക ഗാന്ധി

ഹിന്ദിയിലെഴുതിയ ഒരു ട്വീറ്റിലൂടെയാണ് പ്രിയങ്ക തുറന്നടിച്ചത്.

16 Oct 2020 9:32 AM GMT

യുപിയില്‍ കഴിഞ്ഞ ആഴ്ച്ച സ്ത്രീകള്‍ക്കെതിരെ 13 അക്രമസംഭവങ്ങള്‍, മുഖ്യമന്ത്രിക്ക് ഫോട്ടോസെഷനേ നേരമുള്ളൂ:പ്രിയങ്ക ഗാന്ധി
X

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ അനുദിനം നടക്കുന്ന അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രത്യേക സെഷന്‍ മാറ്റിവെയ്ക്കാന്‍ മുഖ്യമന്ത്രിയ്ക്ക് സമയമില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഇതിന് സമയമില്ലാത്ത യോഗി ആദിത്യനാഥ് ഫോട്ടോസെഷന്‍ മുറയ്ക്ക് നടത്തുന്നുണ്ടെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ഹിന്ദിയിലെഴുതിയ ഒരു ട്വീറ്റിലൂടെയാണ് പ്രിയങ്ക തുറന്നടിച്ചത്.

‘കഴിഞ്ഞ ഒരാഴ്ച്ചമാത്രം ഉത്തര്‍പ്രദേശില്‍ സ്തീകള്‍ക്കെതിരെ 13 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് സംഭവങ്ങളില്‍ ഇരകള്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇവിടുത്തെ സ്ത്രീസുരക്ഷയുടെ സ്ഥിതി അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഇതിനെതിരെ ഒരു സ്‌പെഷ്യല്‍ സെഷന് മുഖ്യമന്തിയ്ക്ക് സമയമില്ല. പക്ഷേ ഫോട്ടോ സെഷന് ധാരാളം സമയമുണ്ട്’. പ്രിയങ്ക ട്വീറ്റില്‍ കുറിച്ചു.

ഉറങ്ങിക്കിടന്ന മൂന്ന് സഹോദരിമാര്‍ക്ക് നേരെ ആസിഡ് അക്രമണം ഉണ്ടായതായി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ വിഷയത്തിലും പ്രിയങ്കഗാന്ധി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സര്‍ക്കാര്‍ അക്രമികളെ സംരക്ഷിക്കുകയാണെന്നും പ്രിയങ്ക ആരോപണമുയര്‍ത്തിയിരുന്നു.

Next Story