‘മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സുള്‍ ജനറലുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തി, വഴിയൊരുക്കിയത് സ്വപ്‌നയും ശിവശങ്കറും’; കസ്റ്റംസ്
കൊച്ചി: വിമാനത്താവള സ്വര്‍ണ്ണക്കടത്തിലെ കസ്റ്റംസ് വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിക്കും കുരുക്ക്. കേസുമായി ബന്ധപ്പെട്ട് കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പടെ 53 പേര്‍ക്ക് നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസിലാണ് മുഖ്യമന്ത്രിക്കെതിരെയും കസ്റ്റംസ് ആരോപണമുന്നയിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും പ്രോട്ടോക്കോള്‍ ലംഘിച്ച് നിരവധി യോഗങ്ങള്‍ മുഖ്യമന്ത്രി യുഎഇ കോണ്‍സുല്‍ ജനറലുമായി നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ വസതിയിലും കോണ്‍സുല്‍ ജനറലിന്റെ വസതിയുലുമായി നടന്ന ഈ യോഗങ്ങള്‍ സംഘടിപ്പിച്ചത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും മുന്‍ ചീഫ് സെക്രട്ടറി എം ശിവങ്കറുമായിരുന്നു. ഈ വിവരങ്ങള്‍ […]
21 Jun 2021 7:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: വിമാനത്താവള സ്വര്‍ണ്ണക്കടത്തിലെ കസ്റ്റംസ് വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിക്കും കുരുക്ക്. കേസുമായി ബന്ധപ്പെട്ട് കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പടെ 53 പേര്‍ക്ക് നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസിലാണ് മുഖ്യമന്ത്രിക്കെതിരെയും കസ്റ്റംസ് ആരോപണമുന്നയിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും പ്രോട്ടോക്കോള്‍ ലംഘിച്ച് നിരവധി യോഗങ്ങള്‍ മുഖ്യമന്ത്രി യുഎഇ കോണ്‍സുല്‍ ജനറലുമായി നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ വസതിയിലും കോണ്‍സുല്‍ ജനറലിന്റെ വസതിയുലുമായി നടന്ന ഈ യോഗങ്ങള്‍ സംഘടിപ്പിച്ചത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും മുന്‍ ചീഫ് സെക്രട്ടറി എം ശിവങ്കറുമായിരുന്നു.
ഈ വിവരങ്ങള്‍ ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നു. സ്വപ്‌ന സുരേഷ് അറിയിച്ച പ്രകാരം നിരവധി യോഗങ്ങളാണ് താന്‍ സംഘടിപ്പിച്ചിട്ടുള്ളതെന്നും ഈ യോഗങ്ങളില്ലാം തന്റെയും സ്വപ്‌ന സുരേഷിന്റെയും സാന്നിധ്യമുണ്ടായിരുന്നു എന്നും എം ശിവശങ്കര്‍ മൊഴി നല്‍കിയതായാണ് കസ്റ്റംസ് അറിയിക്കുന്നത്. എന്നാല്‍ ഈ യോഗങ്ങള്‍ സംബന്ധിച്ച ചില വിവരങ്ങള്‍ സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയില്‍ നിരാകരിച്ചിട്ടുണ്ടെന്നുമാണ് കസ്റ്റംസ് നോട്ടീസ് വ്യക്തമാക്കുന്നത്.
സുരക്ഷഭീഷണി ഇല്ലാതിരുന്നിട്ട് കൂടി കോണ്‍സുല്‍ ജനറലിന് എസ് കാറ്റഗറി സുരക്ഷ നല്‍കിയതും വീഴ്ചയായി കസ്റ്റംസ് ഉയര്‍ത്തിക്കാട്ടുന്നു. വിമാനത്താവളം വഴി പരിശോധന കൂടാതെ യാത്ര സാധ്യമായതോടെ ഈ സൗകര്യം കള്ളക്കടത്തിന് ഉപയോഗിച്ചുവെന്നും കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് നയതന്ത്ര പാസ് നല്‍കിയെന്നും ആരോപിക്കുന്നുണ്ട്. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നും കസ്റ്റംസ് പറയുന്നു.

കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികള്‍ക്ക് ഉള്‍പ്പടെ 53 പേര്‍ക്കാണ് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായാണ് നടപടി. മൂന്ന് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് 260 പേജുള്ള ഷോക്കോസ് നോട്ടീസ് കസ്റ്റംസ് അയച്ചത്.
മന്ത്രിമാരടക്കമുള്ളവരുമായി നേരിട്ട് ബന്ധമുണ്ടാക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ സരിത് അടക്കമുള്ള പ്രതികളോട് ആവശ്യപ്പെട്ടിരുന്നതായും നോട്ടീസില്‍ ആരോപിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി മന്ത്രിമാരടക്കമുളളവര്‍ പ്രോട്ടോകോള്‍ ലംഘിച്ച് കോണ്‍സുലേറ്റുമായി ഇടപെട്ടു. എംഇഎയോ പ്രോട്ടോകോള്‍ ഓഫീസറോ അറിയാതെയായിരുന്നു ഈ ഇടപെടല്‍. ഗുരുതരമായ ചട്ടലംഘനമാണ് ഇത്തരത്തില്‍ സര്‍ക്കാരിലെ ഉന്നത പദവികള്‍ വഹിക്കുന്നവരില്‍ നിന്നുണ്ടായെന്നും കസ്റ്റംസ് പറയുന്നു.