Top

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആറ് മണിക്ക്; മറുപടി പറയേണ്ടത് ഒട്ടേറെ ചോദ്യങ്ങള്‍ക്ക്

ഒന്നും മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന വിശദീകരണങ്ങള്‍ പ്രതിപക്ഷം മുന്‍പേ തന്നെ ആയുധമാക്കിയിരുന്നു.

29 Oct 2020 6:02 AM GMT

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആറ് മണിക്ക്; മറുപടി പറയേണ്ടത് ഒട്ടേറെ ചോദ്യങ്ങള്‍ക്ക്
X

രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും സമരം ആരംഭിച്ചിരിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റേയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകന്റേയും അറസ്റ്റുകള്‍ സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പൊതു സമൂഹത്തിന്റേയും മാധ്യമങ്ങളുടേയും മുന്നിലെത്തുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇ ഡി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ വിശ്വസ്തന്‍ അഞ്ചാം പ്രതിയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് പിണറായി പല തവണ ആവര്‍ത്തിച്ചിരുന്നു. എം ശിവശങ്കറിനെതിരായ അന്വേഷണം അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെ, കാര്യങ്ങള്‍ മുഴുവന്‍ പുറത്തുവരട്ടെ, ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ തുടങ്ങിയ പ്രസ്താവനകള്‍ക്ക് അപ്പുറത്തേക്ക് തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്‌ക്കെതിരെ ഒരു പരാമര്‍ശവും മുഖ്യമന്ത്രി ഇതുവരെ നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രമുഖനായ ഉദ്യോഗസ്ഥനെ കേന്ദ്ര ഏജന്‍സി പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം കടന്നാക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗുരുതര നിയമലംഘനങ്ങള്‍ നടന്നെന്ന ആരോപണങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരണം നല്‍കുന്നതോടെ ഒഴിഞ്ഞുമാറല്‍ എത്രത്തോളം സാധ്യമാകുമെന്നത് കണ്ടറിയണം. ഒന്നും മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന വിശദീകരണങ്ങള്‍ പ്രതിപക്ഷം മുന്‍പേ തന്നെ ആയുധമാക്കിയിരുന്നു.

Next Story