
ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ ആദ്യം കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കട്ടെ എന്ന് ഉത്തർ പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് അജയ് കുമാർ ലല്ലു. വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഇടയിലെ തെറ്റിദ്ധാരണ അകറ്റാൻ ഇത് സഹായകമാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിലാണ് അജയ് കുമാർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. വാക്സിനെ താൻ സ്വാഗതം ചെയ്യുന്നു, ഇത് വികസിപ്പിച്ചെടുത്ത ശാസ്തജ്ഞന്മാർക്ക് നന്ദി പറയുന്നു. പകർച്ചവ്യാധിക്കിടയിൽ ജനങ്ങളെ സഹായിക്കുക എന്നത് ഏതൊരു സർക്കാരിന്റെയും കടമയാണ്. ജനങ്ങളും ഇക്കാലത്തു പണമായും മറ്റു വഴികളിലൂടെയും സർക്കാരിനെ പിന്തുണച്ചിട്ടുണ്ട്, അദ്ദേഹം പറയുന്നു.
ഇന്നിപ്പോൾ വാക്സിൻ എത്തിയ സ്ഥിതിക്ക് ജനങ്ങൾക്ക് അത് സൗജന്യമായി നൽകണമെന്നാണ് തന്റെ അഭിപ്രായമെന്നും ആദ്യ ഡോസ് വാക്സിൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ സ്വീകരിച്ചു ആശങ്കകൾ ദുരീകരിക്കണമെന്നും ആണ് അജയ് കുമാർ ആവശ്യപ്പെടുന്നത്.
സമാജ്വാദി പാർട്ടി നേതാവായ അഖിലേഷ് യാദവും നേരത്തെ ‘ബിജെപി വാക്സിൻ’ സ്വീകരിക്കില്ലെന്ന് പറഞ്ഞു വിമർശനങ്ങളെ നേരിട്ടിരുന്നു. പിന്നീട് ശാസ്ത്രജ്ഞൻമാരിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും പക്ഷെ ബിജെപിയുടെ രാഷ്ട്രീയ വാക്സിൻ താൻ സ്വീകരിക്കില്ലെന്നും ട്വീറ്റ് ചെയ്യുകയായിരുന്നു.
ഇന്ന് 75 ജില്ലകളിലെ 311 സെന്ററുകളിലായി ഉത്തർ പ്രദേശിൽ കൊവിഡ് വാക്സിനേഷൻ തുടങ്ങുകയാണ്. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന വാക്സിൻ വിതരണം വൈകുന്നേരം അഞ്ചോടെ അവസാനിക്കും എന്നാണ് സംസ്ഥാനത്തെ അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് അറിയിക്കുന്നത്.