Top

‘കുടുംബാംഗങ്ങള്‍ക്കിടയില്‍ കൊവിഡ് കൂടുതലായി പടരുന്നു’; ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി

അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് നാടിനെ എത്തിക്കാതിരിക്കാനുള്ള നിര്‍ബന്ധ ബുദ്ധി നാം ഓരോരുത്തരും കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമായതിനാലാണ് രോഗം ഇനിയും ബാധിക്കാത്ത ആളുകള്‍ ഇപ്പോഴും കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളില്‍ അയവുകള്‍ വന്നത് കൊവിഡ് ഭീഷണി അകന്നു എന്നതിന്റെ സൂചനയല്ല. ശാരീരിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും കൈകള്‍ ശുചിയാക്കലും ഒരു കുറവുമില്ലാതെ തുടരേണ്ട നിയന്ത്രണങ്ങളാണെന്നുമം മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമായതിനാലാണ് രോഗം ഇനിയും ബാധിക്കാത്ത […]

5 Feb 2021 8:36 AM GMT

‘കുടുംബാംഗങ്ങള്‍ക്കിടയില്‍ കൊവിഡ് കൂടുതലായി പടരുന്നു’; ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി
X

അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് നാടിനെ എത്തിക്കാതിരിക്കാനുള്ള നിര്‍ബന്ധ ബുദ്ധി നാം ഓരോരുത്തരും കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമായതിനാലാണ് രോഗം ഇനിയും ബാധിക്കാത്ത ആളുകള്‍ ഇപ്പോഴും കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളില്‍ അയവുകള്‍ വന്നത് കൊവിഡ് ഭീഷണി അകന്നു എന്നതിന്റെ സൂചനയല്ല. ശാരീരിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും കൈകള്‍ ശുചിയാക്കലും ഒരു കുറവുമില്ലാതെ തുടരേണ്ട നിയന്ത്രണങ്ങളാണെന്നുമം മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമായതിനാലാണ് രോഗം ഇനിയും ബാധിക്കാത്ത ആളുകള്‍ കേരളത്തില്‍ ഇപ്പോഴുമുള്ളത്. മികച്ച ജാഗ്രത കാണിച്ചതു കൊണ്ടാണ് രോഗം കേരളത്തില്‍ രോഗം മന്ദഗതിയില്‍ വ്യാപിച്ചത്. അതുകൊണ്ടുതന്നെ രോഗികളെ പരിപാലിക്കാന്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും മറ്റെവിടത്തെക്കാളും മരണനിരക്ക് കുറച്ച് നിര്‍ത്താനും നമുക്ക് കഴിഞ്ഞു. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നില്ല എന്നത് നാം ഈ രംഗത്ത് കൂടുതല്‍ ഗൗരവത്തോടെ ഇടപെടണം എന്ന സന്ദേശമാണ് നല്‍കുന്നത്. നിയന്ത്രണങ്ങളില്‍ അയവുകള്‍ വന്നത് കോവിഡ് ഭീഷണി അകന്നു എന്നതിന്റെ സൂചനയല്ല. ശാരീരിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും കൈകള്‍ ശുചിയാക്കളും ഒരു കുറവുമില്ലാതെ തുടരേണ്ട നിയന്ത്രണങ്ങളാണ്.

മികച്ച ചികിത്സാ സൗകര്യങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്ന പരിചരണവും ഉള്ളതുകൊണ്ടാണ് മരണനിരക്ക് ഇവിടെ വര്‍ധിക്കാത്തത്. എന്നാല്‍, നേരിയ ജാഗ്രതക്കുറവ് പോലും സ്ഥിതിഗതികള്‍ മാറ്റിയേക്കാം. അത്തരം അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് നാടിനെ എത്തിക്കാതിരിക്കാനുള്ള നിര്‍ബന്ധ ബുദ്ധി നാം ഓരോരുത്തരും കാണിക്കണം. നമ്മുടെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ സ്വഭാവത്തിന്റെ ഒരു സവിശേഷത കുടുംബാംഗങ്ങള്‍ക്കിടയില്‍ രോഗം കൂടുതലായി പടരുന്നുണ്ട് എന്നതാണ്. അത് ഗൗരവത്തോടെ കാണേണ്ട ഒരു പ്രശ്‌നമാണ്. രോഗബാധിതനായ വ്യക്തി വീടിനകത്ത് റൂം ക്വാറന്റൈന്‍ പാലിക്കുന്നതില്‍ വീഴ്ച പാടില്ല. അത് കൃത്യമായി ചെയ്യാത്തതു കൊണ്ടാണ് മറ്റു കുടുംബാംഗങ്ങളിലേക്ക് രോഗം പകരുന്നത്. ക്വാറന്റൈന്‍ ശാസ്ത്രീയമായി പാലിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വാഹനങ്ങള്‍, ഓഫീസുകള്‍, വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങി അടച്ചുമൂടിയ, വേണ്ടത്ര വായു സഞ്ചാരമില്ലാത്ത ഇടങ്ങളിലാണ് കോവിഡ് വേഗത്തില്‍ ഒരാളില്‍നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നത്. അതുകൊണ്ടുതന്നെ നിരത്തുകളില്‍ ഉള്ളതിനേക്കാള്‍ അത്തരം സ്ഥലങ്ങളിലാണ് കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത്. പലരും തുറസ്സായ പൊതുസ്ഥലങ്ങളില്‍ മാസ്‌കുകള്‍ ധരിക്കുകയും, ഓഫീസുകളിലും മറ്റും ചെന്നാല്‍ മാസ്‌കുകള്‍ ഒഴിവാക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. ആ അശ്രദ്ധ രോഗവ്യാപനം ക്ഷണിച്ചു വരുത്തും. സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ നടപടികള്‍ ശക്തമാക്കും. പൊതുവേയുള്ള ഒരു ധാരണ കോവിഡ് കുട്ടികളെ മാരകമായി ബാധിക്കില്ല എന്നാണ്. പ്രായാധിക്യമുള്ളവരേയും മറ്റു രോഗാവസ്ഥയുള്ളവരേയും ബാധിക്കുന്നത്ര ഗുരുതരമായി പൊതുവേ കുട്ടികളെ കോവിഡ് ബാധിക്കാറില്ലെങ്കിലും, വ്യാപകമായി രോഗം പകരുന്ന സാഹചര്യത്തില്‍, അതിന് ആനുപാതികമായി കുട്ടികളിലും രോഗം രൂക്ഷമാകുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിക്കും.

മാത്രമല്ല, ഒരു തവണ കോവിഡ് വന്നു മാറിയ കുട്ടികളില്‍ ചില രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതായും കണ്ടുവരുന്നു. അതുകൊണ്ട് കുട്ടികളുമായി പൊതുസ്ഥലത്ത് എത്തുന്നതും രോഗം പകരുന്ന സാഹചര്യങ്ങളില്‍ അവരെ കൊണ്ടുപോകുന്നതും ഒഴിവാക്കണം. കുട്ടികള്‍ക്ക് സ്വയം ജാഗ്രത കാണിക്കാനുള്ള പക്വത ആയിട്ടില്ലെന്നും അതിനാല്‍ മുതിര്‍ന്നവരുടെ അതീവ ശ്രദ്ധ അവര്‍ക്കു ചുറ്റും സുരക്ഷാവലയം ഒരുക്കണമെന്നും മനസ്സിലാക്കണം. ്ആരോഗ്യപ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത ആഴ്ചയോടു കൂടി മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നത് ആരംഭിക്കാന്‍ കഴിയും. മറ്റ് മുന്‍നിര പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തികരിക്കാനും, അതുകഴിഞ്ഞു, പൊതുജനങ്ങളുടെ ഇടയില്‍ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ ഒട്ടേറെ പദ്ധതികളുടെ ഉദ്ഘാടനം ഈ ദിവസങ്ങളില്‍ നടക്കുകയാണ്. ബജറ്റ് നിര്‍ദേശങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ 1600 ആയി വര്‍ധിപ്പിച്ച് ഉത്തരവ് ഇറക്കി. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിഷുവിന് മുമ്പേ വിതരണം ചെയ്തുതീര്‍ക്കും. ഫലത്തില്‍ ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ പെന്‍ഷന്‍ മുന്‍കൂര്‍ ലഭിക്കും. അങ്കണവാടി, പ്രീ പ്രൈമറി അധ്യാപകര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യവര്‍ദ്ധന നടപ്പാക്കാനുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഈ കോവിഡിന്റെ പതിസന്ധി ഘട്ടത്തിലും നമ്മുടെ നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലൊന്നും ഒരു കുറവും വന്നിട്ടില്ല. ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ എടുത്തുപറയേണ്ട ഒന്നാണ് തിരുവനന്തപുരം ടെക്‌നോസിറ്റിയിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ക്യാമ്പസ്. വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്കുള്ള കേരളത്തിന്റെ യാത്രയിലെ സുപ്രധാനമായ നാഴികക്കല്ലാണ് ഇത്. ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായി രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടി കെട്ടിട സമുച്ചയമാണ് പൂര്‍ത്തിയാക്കി ബിസിനസ്സ് സംരഭങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. അങ്ങനെ ഒരുകോടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സൗകര്യങ്ങളാണ് കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഒരുക്കിയിട്ടുള്ളത്.

ഇതിനോടൊപ്പം തന്നെ എടുത്തുപറയേണ്ട മറ്റൊരു കാര്യം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാളെ ഉദ്ഘാടനം ചെയ്യുകയാണ്. വിദ്യാഭ്യാസ രംഗത്തെ ഈ മാറ്റങ്ങള്‍ നമ്മുടെ കുട്ടികള്‍ കോവിഡ് മഹാമാരി കഴിഞ്ഞ് സ്‌കൂളിലേക്ക് തിരികെ എത്തുമ്പോള്‍ മികച്ച പഠനത്തിനുള്ള സാഹചര്യം ഉറപ്പാക്കാന്‍ ഉപകരിക്കും. കഴിഞ്ഞ കുറേദിവസമായി സമൂഹത്തിലെ വിവിധ മേഖലയിലുള്ള വിഭാഗങ്ങളുമായി സംവദിച്ചുവരികയാണ്. അതിന്റെ ഭാഗമായി അക്കാദമി രംഗത്തെ പ്രമുഖ വ്യക്തികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പ്രമുഖ വ്യവസായികള്‍, വ്യാപാര സംഘടനകള്‍, സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍, എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായും സംവദിച്ചുവരികയാണ്. ആദ്യഘട്ടമായി കൊച്ചിയിലെ ശാസ്ത്രസാങ്കേതിക സര്‍വകലാശാല ക്യാമ്പസിലാണ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. നാളെ കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ കാണും. എല്ലാ മേഖലയിലുമുള്ളവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് നവകേരളത്തിന് പുതിയ രൂപം നല്‍കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

Next Story