Top

‘മൂന്നു ദിവസം കൂടി ശക്തമായ മഴ’; മിന്നല്‍ പ്രളയങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം സജീവമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി. അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജൂണ്‍ 16 വരെ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാവുകയും ചെയ്‌തേക്കാം. അപകട […]

14 Jun 2021 8:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മൂന്നു ദിവസം കൂടി ശക്തമായ മഴ’; മിന്നല്‍ പ്രളയങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രി
X

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം സജീവമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി. അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജൂണ്‍ 16 വരെ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാവുകയും ചെയ്‌തേക്കാം. അപകട സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്ന പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശം ലഭിച്ചാല്‍ വീട്ടില്‍ നിന്ന് സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാകണം. ജൂണ്‍ 17 വരെയുള്ള ദിവസങ്ങളില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശമുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ജൂണ്‍ 16ന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് ലോക്ഡൗണില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ടി.പി.ആര്‍ 15ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ അത് 10 ശതമാനത്തിലും താഴെയായിരിക്കുന്നു. കഴിഞ്ഞ ഒരു ആഴ്ചയില്‍ പത്തു ശതമാനം കുറവ് ടി.പി.ആറില്‍ ഉണ്ടായതായി കാണാന്‍ സാധിച്ചു. കേസുകളുടെ എണ്ണത്തില്‍ 20 ശതമാനവും കുറവുണ്ടായിരിക്കുന്നു. എന്നാല്‍ ജില്ലാതലത്തില്‍ ഈ കണക്കാക്കുകള്‍ക്കപ്പുറം തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ തിരിച്ച് എടുത്താല്‍ മറ്റൊരു ചിത്രവും കാണാം. 14 തദ്ദേശ സ്ഥാപന പരിധിയില്‍ ടി പി ആര്‍ 35 ശതമാനത്തിലും കൂടുതലാണ്. മുപ്പത്തിഏഴെണ്ണത്തില്‍ 28 മുതല്‍ 35 വരെയാണ്. 127 ഇടത്ത് ഇരുപത്തിയൊന്നിനും ഇരുപത്തിയെട്ടിനും ഇടയിലാണ്.”

”ഉദ്ദേശിച്ച രീതിയില്‍ രോഗവ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ പതിനാറുവരെ തുടരുന്നുണ്ട്. തുടര്‍ന്നുള്ള നാളുകളില്‍ ലോക്ക് ഡൌണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തും. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തരം തിരിച്ചു പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. അതിന്റെ വിശദമായ കാര്യങ്ങള്‍ അടുത്ത ദിവസം തീരുമാനിച്ചറിയിക്കും.”

”പരിശോധനകള്‍ നല്ല തോതില്‍ വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് കാണുന്നത്. അക്കാര്യത്തിലും നിരീക്ഷണത്തില്‍ കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചും പുതിയ ക്യാംപയിന്‍ തന്നെ ആലോചിക്കും. വീടുകളില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാര്‍ഗങ്ങളും നടപ്പാക്കും. ആദിവാസി കോളനികളില്‍ 119 എണ്ണത്തില്‍ 10 കി.മീ ചുറ്റളവില്‍ വാക്‌സിനേഷന്‍ സെന്റര്‍ ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. അവിടങ്ങളില്‍ ക്യാമ്പുകളും സംഘടി പിക്കാനായിട്ടില്ല. 362 കോളനികളില്‍ സ്‌പെഷ്യല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ബാക്കി ഉള്ള കോളനികളിലും ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദശം നല്‍കിയിട്ടുണ്ട്.”

”ഈയടുത്തായി മരണസംഖ്യ കൂടി വന്നത് രോഗികളൂടെ എണ്ണത്തിലുണ്ടായ വര്‍ധനക്കനുപാതമായാണ്. ഗുരുതരമായ അനുബന്ധരോഗങ്ങള്‍ ഉള്ളവരാണ് മരണമടഞ്ഞവരില്‍ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ പ്രമേഹം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍ രോഗം നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതെ നോക്കേണ്ടതുണ്ട്. കേരളത്തിലെ മരണനിരക്കില്‍ കാര്യമായ വര്‍ദ്ധനവൊന്നും ഉണ്ടാകാതെ ഇരുന്നത് നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ പുലര്‍ത്തിയ മികവിന്റെ ഫലമായാണ്. അതിവ്യാപന ശേഷിയുള്ള വൈറസിനെ ചെറുത്ത് മൂന്നാം തരംഗത്തെ തടയാന്‍ വലിയ ബഹുജന കൂട്ടായ്മ തന്നെ ഉണ്ടാകേണ്ടതുണ്ട്. ലോക്ക് ഡൗണ്‍ കൊണ്ട് മാത്രം നമുക്ക് ഇതാകെ നേടാന്‍ കഴിയുന്നതല്ല. ലോക് ഡൗണ്‍ സംസ്ഥാനത്ത് പൊതുവേ പൂര്‍ണ്ണമാണ്. കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരുന്നു. പൊതുജനം പൂര്‍ണ്ണമനസ്സാെേട തന്നെ ലോക്ക് ഡൗണുമായി സഹകരിക്കുന്നുണ്ട്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സ്വന്തം അസൗകര്യങ്ങള്‍ പരിഗണിക്കാതെ ലോക്ക് ഡൗണില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.”

Next Story