Top

മുഖ്യമന്ത്രിയുടെ ‘ശൈലി’ വിവാദം; പുതിയ പോര്‍മുഖം തുറന്ന് പ്രതിപക്ഷം, വ്യാപാരികള്‍ക്ക് പിന്തുണ

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി സമരത്തിന് ഇറങ്ങേണ്ടിവരുമെന്ന വ്യാപാരികളുടെ നിലപാടിനോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം. വ്യാപാരികള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുക്കുന്നത്. വ്യാപാരികളോട് ഈ രീതിയില്‍ പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കില്‍ യുഡിഎഫ് വ്യാപാരികള്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാരികള്‍ക്കെതിരെ മുഖ്യമന്ത്രി വിരട്ടലിന്റെ ഭാഷ സ്വീകരിക്കുന്നത് ശരിയല്ല. പാര്‍ട്ടി സെക്രട്ടറിയുടെ ഭാഷയാണ് മുഖ്യമന്ത്രി ഇന്നലെ ഉപയോഗിച്ചത്. ജനങ്ങളോടും കച്ചവടക്കാരോടും ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ് മുഖ്യമന്ത്രി […]

13 July 2021 11:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയുടെ ‘ശൈലി’ വിവാദം; പുതിയ പോര്‍മുഖം തുറന്ന് പ്രതിപക്ഷം, വ്യാപാരികള്‍ക്ക് പിന്തുണ
X

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി സമരത്തിന് ഇറങ്ങേണ്ടിവരുമെന്ന വ്യാപാരികളുടെ നിലപാടിനോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം. വ്യാപാരികള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുക്കുന്നത്. വ്യാപാരികളോട് ഈ രീതിയില്‍ പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കില്‍ യുഡിഎഫ് വ്യാപാരികള്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാപാരികള്‍ക്കെതിരെ മുഖ്യമന്ത്രി വിരട്ടലിന്റെ ഭാഷ സ്വീകരിക്കുന്നത് ശരിയല്ല. പാര്‍ട്ടി സെക്രട്ടറിയുടെ ഭാഷയാണ് മുഖ്യമന്ത്രി ഇന്നലെ ഉപയോഗിച്ചത്. ജനങ്ങളോടും കച്ചവടക്കാരോടും ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ് മുഖ്യമന്ത്രി നടത്തിയത് സാമൂഹിക സാമ്പത്തിക യഥാര്‍ത്ഥ്യം മുഖ്യമന്ത്രി മനസ്സിലാക്കണം. കട തുറക്കുന്നതില്‍ സര്‍ക്കാരിനുള്ളിലെ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് അഭിപ്രായമാണുള്ളത്. മുഖ്യമന്ത്രിയുടെ സമീപനം ഇതാണെങ്കില്‍ വ്യാപാരികളുടെ സമരത്തെ പിന്തുണക്കുമെന്നും വിഡി സതീശന്‍ പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്ന മട്ടിലുള്ള പിടിവാശിയാണ് സര്‍ക്കാര്‍ തുടരുന്നതെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിഷത്തില്‍ നടത്തിയ പ്രതികരണം. സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് പറഞ്ഞ വ്യാപാരികളോട് ഭീഷണിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ലക്ഷങ്ങള്‍ മുടക്കിയും, ലോണെടുത്തും കച്ചവടം തുടങ്ങിയവര്‍, മാസങ്ങളായി കടകളൊന്ന് തുറക്കാന്‍ പോലും കഴിയാതെ ഗതികെട്ട അവസ്ഥയിലാണ്. വിദഗ്ധാഭിപ്രായം കൂടി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കണമെന്ന് അപേക്ഷിക്കുമ്പോള്‍ ‘നോക്കിക്കളിച്ചാല്‍ മതിയെന്ന’ മുഖ്യമന്ത്രിയുടെ ഭീഷണി ജനാധിപത്യ മര്യാദയ്ക്ക് ചേര്‍ന്നതല്ല. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു കൊണ്ടുള്ള കേരളത്തിലെ ലോക്ക് ഡൗണ്‍ രീതി തെറ്റാണെന്നും അത് രോഗവ്യാപനത്തിനാണ് വഴിവെക്കുന്നതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചിട്ടും നിലപാട് മാറ്റാന്‍ തയ്യാറാത്ത സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

സ്വന്തം കീശയില്‍ നിന്നും വാടക കൊടുത്ത്, സര്‍ക്കാരിന് നികുതിയും നല്‍കി കച്ചവടം ചെയ്യാനുള്ള അവകാശത്തിന് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഭീഷണി കേള്‍ക്കേണ്ട ഗതികേടിന് കേരളത്തിലെ വ്യാപാരികളെ വിട്ടുനല്‍കില്ല. വ്യാപാരികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം തുറക്കുന്ന സ്ഥാപനങ്ങള്‍ക്ക് കഴിയാവുന്ന രീതിയില്‍ സംരക്ഷണം ഒരുക്കുമെന്ന് കൂടെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും അറിയിക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

ഇരിക്കുന്ന കസേരയുടെ മഹത്വം ഇടയ്ക്കിടെ മറന്നുപോകുകയാണ് മുഖ്യമന്ത്രിയെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഭാഷ സിനിമകളിലെ ചില കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുകയാണ്. ജീവിക്കാന്‍ മാര്‍ഗ്ഗം ഇല്ലാത്ത വ്യാപാരികളെ മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരങ്ങളോടാണ് ‘മറ്റൊരു രീതിയില്‍ കളിച്ചാല്‍ നേരിടും’ എന്ന ആക്രോശം. എത്ര കാലം ഇനിയും ഈ പാവങ്ങള്‍ കിറ്റിന്റെ മുന്നില്‍ ആത്മാഭിമാനം പണയം വയ്ക്കണമെന്നും എംകെ മുനീര്‍ ചോദിക്കുന്നു. പ്രളയകാലത്ത് അടക്കം മലയാളികള്‍ എല്ലാ ത്യാഗങ്ങളും സഹിച്ച് ഒരേ മനസ്സോടെ നിന്നപ്പോള്‍ അവിടെയും കയ്യയച്ച് വാരിത്തന്നവരാണ് നമ്മുടെ വ്യാപാരികള്‍. അവരോട് വിരട്ടല്‍ വേണ്ട. ഇത് കേരളമാണ് മനസ്സിലാക്കിയാല്‍ നല്ലതാണെന്നും എംകെ മുനീര്‍ ചോദിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു. കടുത്ത പ്രതിസന്ധി നേരിടുന്ന കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിക്ക് ഒട്ടും യോജിച്ചതല്ല. ഒന്നരവര്‍ഷത്തോളമായി കടകള്‍ അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാര്‍ഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട്ടെ വ്യാപാരികളുടെ പ്രതിഷേധം ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കടകള്‍ തുറക്കണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ കഴിയുന്ന സ്ഥിതിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സാഹചര്യമാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ക്ക് കാരണം. എവിടെ ഇളവ് നല്‍കാന്‍ പറ്റുമോ, അതെല്ലാം പരാമവധി അനുവദിച്ച് നല്‍കുന്നുണ്ട്. ആളുകളുടെ ജീവന് അപകടം വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ‘കോഴിക്കോട് കടകള്‍ തുറക്കണമെന്നാശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ സാധിക്കും. അതിനൊപ്പം നില്‍ക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അതു മനസ്സിലാക്കി കളിച്ചാല്‍ മതി. പക്ഷേ, ആ ആവശ്യങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മള്‍ ഇനിയും കൈവരിച്ചിട്ടില്ല. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയത്. കോവിഡ് രോഗബാധ പടര്‍ന്നു പിടിച്ച് ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോര്‍ക്കണം. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. പ്രസ്തുത വിഷയത്തില്‍ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യാനും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കടകളിലും മറ്റും ശാരീരിക അകലം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടി സ്വീകരിക്കണം. ആളുകളുടെ കൂട്ടം കൂടല്‍ ഗൗരവമായി കാണണം. രണ്ടുമൂന്ന് ആഴ്ച കഴിയുന്നതോടെ ഓണത്തിരക്ക് ആരംഭിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.’ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Next Story