Top

‘ശബരിമല വിഷയത്തില്‍ കാനം പ്രകോപനമായി ഒന്നും പറഞ്ഞിട്ടില്ല’;പിന്തുണച്ച് മുഖ്യമന്ത്രി

കോടതിയില്‍ കേസ് തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ കുറ്റം ചെയ്യുന്നു എന്ന് എന്‍എസ്എസ് പറഞ്ഞെന്നായിരുന്നു കാനത്തിന്റെ കുറ്റപ്പെടുത്തല്‍.

20 March 2021 2:15 AM GMT

‘ശബരിമല വിഷയത്തില്‍ കാനം പ്രകോപനമായി ഒന്നും പറഞ്ഞിട്ടില്ല’;പിന്തുണച്ച് മുഖ്യമന്ത്രി
X

ശബരിമല വിഷയം ഉയര്‍ത്തി എന്‍എസ്എസിനുനേരെ ആഞ്ഞടിച്ച കാനം രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ കാനം പ്രകോപനപരമായി യാതൊന്നും പറഞ്ഞിട്ടില്ലെന്ന് പിണറായി പറഞ്ഞു. ശബരിമല കേസില്‍ കോടതിയില്‍ തോറ്റശേഷം ജനങ്ങളെ അണിനിരത്തി എന്‍എസ്എസ് പ്രശ്‌നമുണ്ടാക്കി എന്ന കാനത്തിന്റെ പ്രസ്താവനയ്ക്കാണ് പിന്തുണ അറിയിച്ച് പിണറായി രംഗത്തെത്തിയത്.

എന്‍എസ്എസ് നാമജപഘോഷയാത്ര തുടരുന്നതില്‍ തനിക്കെന്ത് ചെയ്യാന്‍ പറ്റുമെന്നും പിണറായി ചോദിച്ചു. കാനത്തിന്റെ ഇന്നലത്തെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നാമജപഘോഷയാത്ര നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പിണറായി വിജയന്റെ പ്രസ്താവന.

കോടതിയില്‍ കേസ് തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ കുറ്റം ചെയ്യുന്നു എന്ന് എന്‍എസ്എസ് പറഞ്ഞെന്നായിരുന്നു കാനത്തിന്റെ കുറ്റപ്പെടുത്തല്‍. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഓരോരുത്തര്‍ ഓരോ പരിപാടിയുമായി മുന്നോട്ടു പോകുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്കെത്തിയ ബിജെപി സ്ഥാനാര്‍ഥിയുടെ നടപടി സമാധാനപരമായ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരുടെ വികാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സ്ഥലത്തെത്തി പ്രകോപനം സൃഷ്ടിക്കാനായിരുന്നു ബിജെപി സ്ഥാനാര്‍ഥിയുടെ ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രക്തസാക്ഷി മണ്ഡപത്തില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാടില്ലാത്ത സംഭവമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് പ്രവചിച്ച മാതൃഭൂമി സീ വോട്ടര്‍ സര്‍വ്വേ നാട്ടിലെ സ്ഥിതിയാണ് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ നിലവിലെ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണെന്നും പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തുടര്‍ഭരണം കിട്ടിയാല്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story